വാഷിങ്ടണ്‍: യു.എസിലെ ആകാശത്തിന് മുകളില്‍ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തിയതിനു പിന്നാലെ ലാറ്റിനമേരിക്കയിലും സമാനമായ ചൈനീസ് ബലൂണ്‍ കണ്ടെത്തിയെന്ന് പെന്റഗണ്‍. ആദ്യ ബലൂണ്‍ ഇപ്പോള്‍ മധ്യ യുനൈറ്റഡ് സ്റ്റേറ്റ്‌സിന് മുകളിലൂടെ കിഴക്കോട്ട് പോകുകയാണെന്നും സുരക്ഷാ കാരണങ്ങളാല്‍ ഇത് വെടിവച്ചിട്ടില്ലെന്നും പെന്റഗണ്‍ അറിയിച്ചിരുന്നു.
വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ച ബലൂണ്‍ കണ്ടെത്തിയതിനു പിന്നാലെ മറ്റൊന്ന് ലാറ്റിനമേരിക്കയിലേക്ക് കടക്കുന്നതായി വിവരം ലഭിച്ചതായി പെന്റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ പറഞ്ഞു. ഇത് മറ്റൊരു ചൈനീസ് നിരീക്ഷണ ബലൂണാണെന്നാണ് വിലയിരുത്തലെന്നും ബലൂണിന്റെ കൃത്യമായ സ്ഥാനം വ്യക്തമാക്കാതെ അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ ചൈന ഖേദംപ്രകടിപ്പിച്ചുണ്ടെങ്കിലും ചൈനയിലേക്കുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ യാത്ര റദ്ദാക്കിയിട്ടുണ്ട്. നിരീക്ഷണ ബലൂണിന്റെ സാന്നിധ്യം യു.എസ് പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും വ്യക്തമായ ലംഘനമാണെന്നും ഇത് നിരുത്തരവാദപരമായ പ്രവൃത്തിയാണെന്നും താന്‍ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥനായ വാങ് യിയുമായുള്ള ടെലിഫോണ്‍ കോളില്‍ വ്യക്തമാക്കിയതായി ബ്ലിങ്കെന്‍ വെളിപ്പെടുത്തി. സിവിലിയന്‍ എയര്‍ഷിപ്പ് ആണിതെന്നാണ് ചൈനയുടെ വിശദീകരണമെങ്കിലും ‘നിയന്ത്രിക്കാന്‍ കഴിയുന്ന ചാര ബലൂണ്‍’ ആണെന്ന് യു.എസ് ആരോപിക്കുന്നു.
ചൈനീസ് സന്ദര്‍ശനം മാറ്റിവച്ചെങ്കിലും നയതന്ത്ര ഇടപെടലിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും സാഹചര്യങ്ങള്‍ അനുവദിക്കുമ്പോള്‍ ബീജിങ് സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും വാങ് യിയെ അറിയിച്ചതായി ബ്ലിങ്കന്‍ പറഞ്ഞു. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ നിന്ന് നിരീക്ഷണ വസ്തുവിനെ പുറത്തെടുക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും അതിലാണ് ശദ്ധകേന്ദ്രീകരിക്കുന്നതെന്നും ബ്ലിങ്കന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments are closed for this post.