
ബീജിങ്: കുറച്ചു മാസം മുന്‍പ് ചൈനയില്‍ വീഡിയോ, ചിത്രങ്ങള്‍, മറ്റു ഫയലുകള്‍ എന്നിവ വാട്സ്ആപ്പിലൂടെ ഷെയര്‍ ചെയ്യുന്നത് ബ്ലോക്ക് ചെയ്തിരുന്നു. ഈ നിരോധനം ഒഴിവാക്കുമെന്നു പ്രതീക്ഷിച്ച ചൈനക്കാര്‍ക്കു മുന്നില്‍ ഇടിത്തീ പോലെയാണ് പുതിയ നിരോധനം വന്നിരിക്കുന്നത്. വാട്സ്ആപ്പ് ഒട്ടാകെ നിരോധിച്ചിരിക്കുന്നു.
2009 ലാണ് ചൈനയില്‍ സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇമേജ് ഷെയറിങ് ആപ്പായ ഇന്‍സ്റ്റാഗ്രാമും ചൈനയിലില്ല. ഫെയ്സ്ബുക്കില്‍ നിന്നുള്ള മെസഞ്ചര്‍ ആപ്പായ വാട്സ്ആപ്പിനും ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
നിരോധിക്കാനുള്ള കൃത്യമായ കാരണം അറിവായിട്ടില്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവന്നതാവാം നിരോധത്തിന് കാരണമെന്നാണ് സൂചന.
ചൈനയിലെ ഇന്റര്‍നെറ്റ് നയത്തിന്റെ ഭാഗമായി ഗൂഗിളിന്റെ എല്ലാ ഉല്പന്നങ്ങളും നിരോധിച്ചിരിക്കുകയാണ്. മാപ്പ്സ്, യൂട്യൂബ്, ജിമെയില്‍ തുടങ്ങി ഒന്നും ലഭിക്കില്ല. ട്വിറ്ററിനും ചൈനയില്‍ നിരോധനമുണ്ട്.