2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തെരഞ്ഞെടുപ്പിനു ശേഷവും ഞാന്‍ തന്നെയായിരിക്കും പ്രധാനമന്ത്രി

എ.വി ഫിര്‍ദൗസ്

ഭീകരാക്രമണവും അതിന് നല്‍കിയ തിരിച്ചടിയും കഴിഞ്ഞ ശേഷം ഗുജറാത്ത് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പ്രസംഗിക്കവേ നരേന്ദ്ര മോദി ആവര്‍ത്തിച്ച ഒരു വാചകം ‘ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞാന്‍ തന്നെയായിരിക്കും രാജ്യത്തിന്റെ പ്രധാനമന്ത്രി’ എന്നതാണ്. സാധാരണ ഗതിയില്‍ ഇതിനെ ഒരു ആത്മവിശ്വാസപ്രകടനമായി കരുതാവുന്നതല്ല. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്നും താന്‍ അധികാരത്തില്‍ എത്തുമെന്നുമുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുവാന്‍ മിതവും ജനാധിപത്യപരവുമായ വാചകങ്ങളും വാക്യങ്ങളും ഏതെന്ന് അറിയാത്തൊരാളാണ്, പ്രസംഗവേദിയില്‍ കത്തിപ്പടരാറുള്ള പ്രധാനമന്ത്രി എന്ന് കരുതാനാവില്ല. താന്‍ പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ കൊണ്ടുവന്ന വികസനവും പുരോഗതിയും ജനങ്ങള്‍ സര്‍വാത്മനാ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും തുറന്നു സമ്മതിക്കുകയും അതിന്റെ പേരില്‍ തനിക്കനുകൂല അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയും ചെയ്യുന്ന അനുഭവത്തെ മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനമായും ഇതിനെ കരുതാനാവില്ല.

പുല്‍വാമ ഭീകരാക്രമണത്തിനും അതിനു സൈന്യം നല്‍കിയെന്നു പറയുന്ന തിരിച്ചടിക്കും മുന്‍പ് പ്രത്യേകിച്ച് റാഫേല്‍ വിമാന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ജ്വലിച്ചു നിന്ന ഘട്ടത്തില്‍ ഒരിക്കല്‍പ്പോലും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ ഇത്തരം ഒരു വാചകം കടന്നുവരികയുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. യഥാര്‍ഥത്തില്‍ ഈ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ആത്മവിശ്വാസ പ്രകടനമായിരുന്നുവെങ്കില്‍ ഇത്തരമൊരു പ്രസ്താവന സംഭവിക്കേണ്ടിയിരുന്ന കൃത്യമായ ഘട്ടം റാഫേല്‍ അഴിമതി ആരോപണങ്ങള്‍ കൊടുമ്പിരിക്കൊണ്ട ഘട്ടമായിരുന്നു. എന്നാല്‍, ആ ഘട്ടത്തില്‍ രാജ്യം കണ്ടത് ആരോപണങ്ങള്‍ക്ക് മുന്നില്‍ മുട്ടുവിറക്കുകയും ശബ്ദം ഇടറുകയും ഉത്തരം മുട്ടുകയും ചെയ്തുകൊണ്ടിരുന്ന ഒരു പ്രധാനമന്ത്രിയെയാണ്. പാര്‍ലമെന്റിനകത്തും പുറത്തും റാഫേല്‍ അഴിമതി ആരോപണങ്ങള്‍ക്ക് മുന്നില്‍ നിശബ്ദനാകുന്ന ഒരു പ്രധാനമന്ത്രിയെയാണ് പലപ്പോഴും കാണാനിട വന്നത്. എന്നാല്‍, ഭീകരാക്രമണത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ റാഫേല്‍ ആരോപണങ്ങള്‍ താല്‍ക്കാലികമായി പിന്‍വാങ്ങുകയും പ്രതിപക്ഷം നിശബ്ദരാകുകയും ചെയ്തപ്പോള്‍, മോദിയുടെ മുഖത്തുനിന്ന് നിസ്സഹായതയുടെ കാര്‍മേഘങ്ങള്‍ അല്‍പ്പാല്‍പ്പമായി നീങ്ങുന്നതാണ് കണ്ടത്. പിന്നീട് സൈന്യം നടത്തിയതായി പറയുന്ന തിരിച്ചടിയെക്കുറിച്ച് പറയുന്ന വേളകളില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ആവേശവും വികാരമൂര്‍ച്ചകളും വര്‍ധിച്ചതായി അനുഭവപ്പെടാനും തുടങ്ങി. ആത്മവിശ്വാസം എന്ന് അതിന്റെ ശരിയായ അര്‍ഥത്തില്‍ പറയാവുന്ന ഭാവമാറ്റമായിരുന്നു പ്രധാനമന്ത്രിക്ക് സംഭവിച്ചിരുന്നതെങ്കില്‍ ഇത്തരം സാഹചര്യങ്ങളിലായിരുന്നില്ല അതുണ്ടാകേണ്ടിയിരുന്നത് എന്ന് സാമാന്യബുദ്ധിയുള്ള ഏതൊരു ഇന്ത്യക്കാരനും മനസ്സിലാക്കാവുന്നതാണ്.
ഭീകരാക്രമണവും അതിനോട് പ്രതികരിച്ചുകൊണ്ട് രാജ്യത്തുണ്ടായ വൈകാരിക ഏകീകരണവും തന്നെ രാഷ്ട്രീയമായി സഹായിക്കുമെന്നും പരാജയഭീതി നീക്കിക്കളയാന്‍ പുതിയ സാഹചര്യങ്ങള്‍ മതിയാകുമെന്നും ചിന്തിക്കുന്നതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവനക്ക് തയാറായതെന്ന് വ്യക്തമാണ്. ‘സൈന്യത്തെയും സൈനിക നടപടികളെയും രാഷ്ട്രീയമായി ഉപയോഗിക്കുക’ എന്ന പരിധിയില്‍ വരുന്നതും തന്നെയാണ് സത്യത്തില്‍ ഇത്തരം പരാമര്‍ശങ്ങളും പ്രസ്താവനകളും. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ രക്തസാക്ഷിത്വത്തെ വിലകുറച്ചു കാണുകയും അവരുടെ ജീവാര്‍പ്പണത്തിന് ‘വോട്ടുമൂല്യം’ മാത്രം കല്‍പ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള തരംതാഴ്ന്ന രാഷ്ട്രീയമാണ് മോദിയുടെ ഈ പ്രസ്താവനയുടെ ഗുരുതരമായ ഒരു പ്രശ്‌നവശം. ഇതാവട്ടെ കേവലം അപ്രതീക്ഷിതമായി സംഭവിച്ച ഒരു ഭീകരാക്രമണത്തെയും അതിനെതിരായ സൈനിക നീക്കത്തെയും സാന്ദര്‍ഭികമായി രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് ഉപയോഗിക്കുക എന്ന തലത്തിനപ്പുറം ഈ സംഭവ വികാസങ്ങളുടെ പിന്നാമ്പുറ നീക്കങ്ങള്‍ ഏതായിരുന്നുവെന്ന തരത്തില്‍ ദുരൂഹതകള്‍ നട്ടുമുളപ്പിക്കുന്ന ഒന്നുകൂടിയാണ്. ഇത്തരമൊരു പ്രസ്താവനയിലൂടെ പ്രധാനമന്ത്രി സംശയാസ്പദങ്ങളായ നിരവധി ചിന്തകളെയാണ് സാധൂകരിച്ചിരിക്കുന്നത്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ‘ഇപ്പോള്‍ തന്നെ’ വിജയം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്നുള്ള ജാധിപത്യ വിരുദ്ധവും തെരഞ്ഞെടുപ്പിന്റെ അന്തസ്സത്തയെത്തന്നെ അപഹസിക്കുന്നതുമായ അര്‍ഥതലങ്ങളാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനക്കുള്ളത്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്നല്ല രാജ്യത്തെ വോട്ടവകാശമുള്ള ഓരോ പൗരനും നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ പ്രസ്താവനയിലൂടെ പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്.

1. വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പ് കേവലം ഒരു പ്രഹസനം മാത്രമായിരിക്കുമോ ?
2. ജനങ്ങളുടെ തീരുമാനവും യഥാതദമായ ഇച്ഛയും താല്‍പ്പര്യവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയോ ഫലത്തെ നിര്‍ണയിക്കുകയോ ചെയ്യില്ല എന്നുണ്ടോ ?
3. തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങളിലോ വോട്ടിങ് മെഷീനിലോ ഒക്കെ അട്ടിമറികള്‍ സൃഷ്ടിക്കുമാറ് ഇടപെട്ടുകൊണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങളെ തനിക്കനുകൂലമാക്കി മാറ്റുവാന്‍ പ്രധാനമന്ത്രി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ?
4. രാജ്യത്തെ ഭൂരിപക്ഷ ജനങ്ങള്‍ തീര്‍ച്ചയായും തന്നെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന ഒരു ശുഭപ്രതീക്ഷ ആരില്‍ നിന്നാണ് മോദിക്ക് ലഭിച്ചത്
5. രാജ്യത്തെ ഭൂരിപക്ഷ ജനങ്ങള്‍ യഥാര്‍ഥത്തില്‍ മോദിയെ അധികാരത്തില്‍ നിന്ന് ഇറക്കിവിടാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ആ ആഗ്രഹം തെരഞ്ഞെടുപ്പിലൂടെ നടപ്പാക്കപ്പെടാന്‍ പോകുന്നില്ല എന്നാണോ മോദി ഉദ്ദേശിക്കുന്നത്

ഇത്തരം ചില ന്യായമായ ചോദ്യങ്ങള്‍ക്കാണ് മോദിയുടെ പ്രസ്താവന വഴി തുറന്നിടുന്നത്. ‘സൈന്യത്തിന്റെ രക്തസാക്ഷിത്വത്തെ തന്റെ പാര്‍ട്ടി രാഷ്ട്രീയമായി മുതലെടുക്കാന്‍ പോകുന്നു’ എന്നതിന്റെ പരസ്യപ്പെടുത്തലും ജനാധിപത്യ പ്രക്രിയയെ അവമതിക്കുന്നതിന്റെ തുറന്നുപറച്ചിലും മോദിയുടെ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പിനെ താന്‍ ഗൗനിക്കുന്നില്ലെന്നുള്ള ഒരുതരം അവഹേളനത്തിന്റെ ഭാഷ അതിലുണ്ട്. അധികാരക്കൊതി മൂത്ത് ഭാഷാപ്രയോഗങ്ങളുടെ അപകടം ശ്രദ്ധിക്കാതിരിക്കുന്ന മാനസികാവസ്ഥയും അതിലുണ്ട്. ഒപ്പം ചിരകാലം അധികാരത്തിലിരിക്കുവാന്‍ തീവ്രമായി അഭിലഷിക്കുന്ന ഒരു സ്വേച്ഛാധിപതിയുടെ ജനാധിപത്യവിരുദ്ധമായ തീവ്രാഭിലാഷത്തിന്റെ സ്‌ഫോടനവും അതിലുണ്ട്. ജനാധിപത്യസംവിധാനത്തോടും തെരഞ്ഞെടുപ്പ് പ്രക്രിയയോടും ആദരവും ബഹുമാനവും ഉള്ള ഏതൊരാള്‍ക്കാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പ് ആ ഫലത്തെക്കുറിച്ച് തീര്‍പ്പുകല്‍പ്പിക്കാനാവുക എന്നതാണ് സാമാന്യ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയരുന്ന ചോദ്യം. എന്നാല്‍, മോദി സ്വയം തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം, അതു നടക്കുന്നതിനു മുന്‍പുതന്നെ നടത്തിയിരിക്കുകയാണ്. രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങളും ചട്ടങ്ങളും തെരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും അനുസരിച്ച് പ്രധാനമന്ത്രിയുടെ ഈ ‘മുന്‍കൂര്‍ ഫലപ്രഖ്യാപനം’ നിയമവിരുദ്ധവും തെരഞ്ഞെടുപ്പു സംവിധാനത്തെ ലംഘിക്കുന്നതും അല്ലേ എന്ന ചോദ്യത്തെ അടിസ്ഥാനമാക്കി രാജ്യത്തെ ഓരോ വോട്ടര്‍ക്കും നിയമ നടപടികളിലേക്ക് കടന്നു ചെല്ലാവുന്നതല്ലേ എന്ന ചോദ്യവും ഉയര്‍ന്നു വരുന്നുണ്ടിവിടെ. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നരേന്ദ്രമോദി മുന്നോട്ടുനീങ്ങിയത് ഒരു അര്‍ധ സ്വേച്ഛാധിപതിയുടെ ഭാവത്തിലും മട്ടിലുമായിരുന്നുവെന്നത് ഈ രാജ്യത്തെ ജനങ്ങളില്‍ ഏറെപ്പേര്‍ക്കും നന്നായി അറിയാവുന്ന കാര്യമാണ്. ജനാധിപത്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും വീറുറ്റ ഭാഷയില്‍ പ്രസംഗിക്കുകയും പ്രതികരിക്കുകയും ചെയ്തുകൊണ്ടുതന്നെയായിരുന്നു മോദി തന്റെ പ്രവര്‍ത്തനങ്ങളില്‍ സ്വേച്ഛാധിപത്യ ലാഞ്ചനകള്‍ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പലതവണ മോദിയില്‍ നിന്ന് ജനാധിപത്യത്തെക്കുറിച്ചുള്ള മഹദ് വചനങ്ങള്‍ ഇന്ത്യന്‍ ജനതക്ക് കേള്‍ക്കാനവസരങ്ങളുണ്ടായി. ഇക്കൂട്ടത്തില്‍ ഏറ്റവും ആദ്യത്തേതായിരുന്നു പ്രധാനമന്ത്രിപദമേറ്റ ശേഷം ഒരു പ്രസംഗത്തില്‍ ‘ഒരു ചായക്കച്ചവടക്കാരന്റെ മകനെ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയില്‍ എത്തിച്ചത് ജനാധിപത്യത്തിന്റെ ശക്തിയും മഹത്വവുമാണ് ‘ എന്നു നടത്തിയ പ്രസ്താവന. തനിക്ക് ‘ജനാധിപത്യമെന്ന’ വാക്കിന്റെ ആവശ്യം വരുന്ന ഘട്ടങ്ങളിലെല്ലാം യാതൊരു മടിയും ലജ്ജയുമില്ലാതെ നരേന്ദ്രമോദി അതുപയോഗിച്ചുകൊണ്ടിരുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ ആ സംസ്‌കാരം പാലിക്കപ്പെടുകയുണ്ടായില്ല.
നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നുണ്ടായ ഒരു സ്വേച്ഛാധിപത്യനീക്കമായിരുന്നു രാഷ്ട്രത്തെ മൊത്തത്തില്‍ സമാനതകളില്ലാത്ത കെടുതികളിലേക്കു നയിച്ച നോട്ടുപിന്‍വലിക്കല്‍. സ്വന്തം സാമ്പത്തികമന്ത്രിയുമായോ ധനകാര്യവിദഗ്ധരുമായിട്ടോ ഇക്കാര്യത്തില്‍ മോദി ഒരു കൂടിയാലോചനയും നടത്തിയിരുന്നില്ല. ‘തനിക്കു താന്‍ മതി’ എന്ന ധാര്‍ഷ്ട്യമാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ നയിച്ചതെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. സ്വേച്ഛാധിപതികളുടെ മറ്റൊരു രീതിശാസ്ത്രമാണ് സ്വയം രക്ഷകരായി ചമയുക എന്നത്. ഭരണകൂട സംവിധാനത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന ഉപാധികളുടെയും വ്യക്തികളും വിദഗ്ധരും അടങ്ങിയ ബൗദ്ധികസജ്ജീകരണങ്ങളുടെയും പിന്‍ബലമില്ലാതെ ഒരു ഭരണാധികാരിക്കും ഒന്നും ചെയ്യാനാവുകയില്ല എന്നതാണ് പരമാര്‍ഥം. ജനാധിപത്യഭരണകൂടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ഈ പരമാര്‍ഥബോധം എത്രമാത്രം ഉണ്ടായിരിക്കുമെന്നത് അവരെ നയിക്കുന്ന ജനാധിപത്യസംസ്‌കാരത്തിന്റെ തോതും പരിണാമവും അനുസരിച്ചായിരിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പലയാവര്‍ത്തി തന്റെ രണ്ടു കൈകളുയര്‍ത്തിക്കാട്ടി ‘രാജ്യം ഈ കൈകളില്‍ ഭദ്രമായിരിക്കും’ എന്നു നരേന്ദ്രമോദി പറയുകയുണ്ടായി. ഏറ്റവും ഒടുവില്‍ ഭീകരാക്രമണത്തിനു ശേഷമുള്ള ദിവസങ്ങളിലാണ് ഈ വാചകം മോദിയില്‍ നിന്ന് പുറത്തുവന്നത്. താന്‍ രാഷ്ട്രത്തിന്റെ രക്ഷകനാണ് എന്നും തന്നില്‍ നിന്ന് അധികാരം വീണുപോകുന്നത് രാഷ്ട്രത്തിന് വലിയ വിപത്തുകള്‍ ക്ഷണിച്ചുവരുത്തുമെന്നും ‘തനിക്കുശേഷം പ്രളയമല്ലാതെ’ മറ്റൊന്നും ഈ ഇന്ത്യാമഹാരാജ്യത്ത് സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് ഇത്തരമൊരവകാശവാദത്തിലൂടെ മോദി സ്ഥാപിക്കാനുദ്ദേശിച്ചത്.

തെരഞ്ഞെടുപ്പില്‍ വലിയ അട്ടിമറികള്‍ നടത്തുവാനും ഫലങ്ങളെ ഏകപക്ഷീയമായി തനിക്കനുകൂലമാക്കിയെടുക്കുവാനും നരേന്ദ്രമോദി ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി സംശയിക്കേണ്ടതുണ്ട് എന്ന് മോദിയുടെ പ്രസ്താവനയെ അര്‍ഥകല്‍പ്പന നടത്തുകയും വ്യാഖ്യാനിക്കുകയും ചെയ്താല്‍ അതില്‍ തെറ്റുപറയാന്‍ കഴിയില്ല. കാരണം മോദിയുടെ പ്രസ്താവന അത്തരമൊരു വ്യാഖ്യാനക്ഷമതയുള്ളതു തന്നെയാണ്. പല സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയതുമായി ബന്ധപ്പെട്ടും 2014ലെ പൊതുതെരഞ്ഞെടുപ്പിനെ സംബന്ധിച്ചുതന്നെയും ഇത്തരം ചില സംശയങ്ങള്‍ ഇന്നും രാജ്യത്ത് തങ്ങിനില്‍ക്കുന്നുണ്ട് എന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
വരാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെട്ടും നീക്കുപോക്കുകള്‍ നടത്തിയും തന്നെ അധികാരത്തില്‍ നിന്ന് പുറത്തിറക്കുവാന്‍ തീവ്രശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്ന അറിവിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള മറുപടിയായാണ്, മോദി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്ന് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വക്താക്കള്‍ക്കും വാദിക്കാമല്ലോ എന്ന ചിന്തക്ക്‌പോലും ഇവിടെ സാധൂകരണമില്ല. ഇത്തരത്തിലൊരു ചിന്തയെ മുന്‍നിര്‍ത്തിയായിരുന്നുവെങ്കില്‍ പ്രസ്താവനയുടെ ഭാഷയും ശൈലിയും നിര്‍ബന്ധമായും മറ്റൊന്നാകേണ്ടതുണ്ടായിരുന്നു. വരാന്‍പോകുന്ന തെരഞ്ഞെടുപ്പിനെ മാനിച്ചും ജനങ്ങളുടെ വോട്ടവകാശവിനിയോഗ സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കിയും തന്നെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി പറയുകയായിരുന്നു വേണ്ടിയിരുന്നത്.
എന്നാല്‍ മോദിയുടെ ഈ പ്രസ്താവനയില്‍ പൊതുതെരഞ്ഞെടുപ്പിനോ രാജ്യത്തെ ജനങ്ങള്‍ക്കോ യാതൊരു പരിഗണനയുടെയും ലാഞ്ചനപോലുമില്ല. ഈ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിയുടെ ഈ പ്രസ്താവനയുടെ അപകടകരങ്ങളായ അര്‍ഥതലങ്ങളെക്കുറിച്ചു വേണ്ടത്ര ഉള്‍ക്കൊണ്ടതായി തോന്നുന്നില്ല. ആരും അതേക്കുറിച്ചു ഗൗരവത്തോടെ പ്രതികരിച്ചു കണ്ടില്ല. ‘മോദി അധികാരത്തില്‍ തിരിച്ചെത്തുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ അപകടങ്ങള്‍ വരുത്തിവെക്കും’ എന്നു ഭയപ്പെടുന്നവര്‍ തന്നെ മോദിയുടെ ഈ പ്രസ്താവനയിലെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് ജാഗരൂകരാകാതിരുന്നത് നിരുത്തരവാദപരമായിപ്പോയി. ഭീകരാക്രമണവും സൈനിക നടപടികളും മോദിയുടെ പ്രഭാവവും സ്വീകാര്യതയും വര്‍ധിപ്പിച്ചിരിക്കുന്നു എന്നത് കേവലം ഒരു തെറ്റിദ്ധാരണയും, പരാജയ ഭീതിയില്‍ ആഴ്ന്നുകിടന്നിരുന്ന സംഘ്പരിവാറിന്റെ അപകര്‍ഷതയില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു തെറ്റായ ഉള്‍വിളിയും മാത്രമാണ്. ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് അവര്‍ക്കുള്ള അവസരങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.