വിദേശ രാജ്യങ്ങളിലേക്ക് ഉപരി പഠനത്തിനായി ചേക്കേറുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം തരപ്പെടുത്തുക എന്നത്. കാനഡയില്‍ നിന്നാണ് പ്രതിസന്ധിയുടെ വാര്‍ത്ത ആദ്യം പുറത്തുവന്നത്. വിദേശ കുടിയേറ്റം വ്യാപകമായതോടെ കാനഡയില്‍ വാടക വീടുകള്‍ കിട്ടാനില്ലാതാവുകയും വീട്ടുവാടക കുത്തനെ ഉയരുകയും ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വിദേശ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കണമെന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ ഉയരാന്‍ ഈ പ്രതിസന്ധി കാരണമായി.
ഇപ്പോഴിതാ കാനഡക്ക് പിന്നാലെ സമാനമായ പ്രതിസന്ധിയാണ് യു.കെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതിയായ താമസ സൗകര്യം ലഭക്കാതായതും വീട്ടുവാടക കുത്തനെ ഉയരുകയും ചെയ്തതോടെ യു.കെയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദുരിതമനുഭവിക്കുകയാണ്. പലരും കുടുസു മുറികളില്‍ പത്തും ഇരുപതും പേരോടൊപ്പം താമസിക്കേണ്ട ഗതികേടിലാണെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്.
ദുരിതം തുറന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍
വര്‍ധിച്ച് വരുന്ന വാടകയും ചെലവേറിയ യൂണിവേഴ്‌സിറ്റി താമസവും പല വിദ്യാര്‍ഥികളെയും മറ്റ് വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യ, ബംഗ്ലാദേഷ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വലിയ പ്രതസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ബംഗ്ലാദേശില്‍ നിന്നും യു.കെയിലേക്ക് നിയമ ബിരുദത്തിനെത്തിയ നസ്മുഷ് ഷഹാദത്ത് എന്ന വിദ്യാര്‍ഥി പറഞ്ഞു. യൂണിവേഴ്‌സിറ്റി നല്‍കുന്ന താമസ സൗകര്യം വളരെ ചെലവേറിയതിനാല്‍ മറ്റ് താമസ സൗകര്യങ്ങള്‍ തനിക്ക് തിരയേണ്ടി വന്നെന്നും ഒടുവില്‍ 20 പേര്‍ ഒരുമിച്ച് കിടന്നുറങ്ങുന്ന റൂമില്‍ തനിക്ക് മാസങ്ങളോളം താമസിക്കേണ്ടി വന്നെന്നും ഷഹാദത്ത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നുള്ള രാഷവ് കൗഷിക്കിനും സമാനമായ ദുരനുഭവമാണ് നേരിടേണ്ടി വന്നത്. നിയമം പഠിക്കാന്‍ യു.കെയിലെത്തിയ കൗശികിന് താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ തന്നെ 16,000 പൗണ്ട്, അതായത് 16 ലക്ഷത്തോളം രൂപയാണ് ചെലവായത്. വിദേശ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന യു.കെ സര്‍വ്വകലാശാലകള്‍ കുറഞ്ഞ ചെലവില്‍ താമസ സൗകര്യം കൂടെ തരപ്പെടുത്തി തരണമെന്നാണ് ഇരുവരുടെയും ആവശ്യം.
വര്‍ധിക്കുന്ന വാടക പ്രതിസന്ധി
നിലവില്‍ ഒരു വീട്ടുമുറി വാടകക്കെടുക്കുന്നതിനേക്കാള്‍ 35 ശതമാനം ചെലവേറിയതാണ് സര്‍വ്വകലാശാല മുന്നോട്ട് വെക്കുന്ന താമസ സൗകര്യങ്ങളെന്നാണ് യൂനിപോള്‍ എന്ന ചാരിറ്റി സംഘടനയുടെ കണ്ടെത്തല്‍. ഇതില്‍ തന്നെ വാടക വീടുകള്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളോട് ആറുമാസത്തെ വാടക മുന്‍കൂറായി ആവശ്യപ്പെടുന്ന പ്രവണതയും നിലനില്‍ക്കുന്നുണ്ട്. ലണ്ടന്‍ പുറത്തുള്ള സ്വകാര്യ മേഖലകളിലെ ശരാശരി പ്രതിവര്‍ഷ വാടക നിരക്ക് 7600 പൗണ്ടായാണ് ഉയര്‍ന്നത്.
ഈ തുകയും കണ്ടെത്തി വീട് തരപ്പെടുത്താനാണ് പലരും ശ്രമിക്കുക. കാരണം യു.കെ പോലൊരു വിദേശ രാജ്യത്ത് എത്രകാലം താമസ സൗകര്യം ഇല്ലാതെ ജീവിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. പലരും ആദ്യം താല്‍ക്കാലിക താമസ സൗകര്യങ്ങളെ ആശ്രയിക്കുകയും പണം ഉണ്ടാകുമ്പോള്‍ നല്ലൊരു താമസ സ്ഥലത്തേക്ക് മാറുകയുമാണ് പതിവ്. എന്നാല്‍ അപ്പോഴേക്കും കയ്യിലെ പണമെല്ലാം കഴിഞ്ഞിരിക്കും. ഇതോടെ പലരും പ്രതിസന്ധിയിലാവുകയും ചെയ്യുന്നു.
പ്രതിസന്ധിയിലും വിദ്യാര്‍ഥികളുടെ എണ്ണം ഉയര്‍ന്നുതന്നെ
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും യു.കെയിലേക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ധനവാണ് കഴിഞ്ഞ കുറച്ച് നളുകളായി സംഭവിക്കുന്നത്. സര്‍ക്കാര്‍ തന്നെ നേരിട്ട് അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. 2015/16 അധ്യായന വര്‍ഷത്തില്‍ ലണ്ടനിലെ ആകെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 113,015 ആയിരുന്നു. എന്നാല്‍ 2020/21 ആയപ്പോഴേക്കും ഇത് 179,425 ആയി ഉയര്‍ന്നു. ഏകദേശം 59 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നാണ് ഹയര്‍ എജ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021/22 അധ്യായന വര്‍ഷത്തില്‍ 679,970 അന്തര്‍ദേശീയ വിദ്യാര്‍ഥികളാണ് യു.കെയില്‍ പഠനം നടത്തുന്നത്. ഇതില്‍ തന്നെ 120,000 ന് മുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്.
അതേസമയം യു.കെയിലെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് മതിയായ താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ മതിയായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നാണ് സര്‍വകലാശാലകളുടെ വിശദീകരണം.
Comments are closed for this post.