
ഡല്‍ഹി: വിമാനങ്ങളില്‍ തുടര്‍ച്ചയായി തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ സ്പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസയച്ച് ഡി.ജി.സി.എ. കഴിഞ്ഞ 18 ദിവസത്തിനിടെ എട്ട് തവണയാണ് സ്പൈസ് ജെറ്റിന്റെ വിമാനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചത്. തുടര്‍ച്ചയായി സര്‍വീസ് തടസപ്പെടുന്നതും സമൂഹ മാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നടപടി.
സ്പൈസ് ജെറ്റ് വിമാനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്പൈസ് ജെറ്റിന് നല്കിയ നോട്ടീസില്‍ പറയുന്നു. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കര്‍ശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം, ചൈനയിലേക്കുള്ള കാര്‍ഗോ വിമാനത്തിന്റെ കാലാവസ്ഥാ റഡാര്‍ തകരാറിലായതോടെ കൊല്‍ക്കത്തയില്‍ തിരിച്ചിറക്കിയിരുന്നു.
സ്പൈസ് ജെറ്റിന്റെ കൊല്‍ക്കത്ത-ചോങ്കിംഗ് ബോയിംഗ് 737 ചരക്ക് വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ടേക്ക് ഓഫിനു ശേഷം കാലാവസ്ഥാ റഡാറിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന്, പൈലറ്റ് കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി കൊല്‍ക്കത്തയില്‍ ഇറക്കിയതായി സ്പൈസ് ജെറ്റ് അധികൃതര്‍ വക്തമാക്കി.