ജയ്പൂര്‍: രാജസ്ഥാനില്‍ റോഡ് നിര്‍മാണത്തിനായി ബുള്‍ഡോസര്‍ ഉപയോഗിച്ച് 300 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചുനീക്കിയതില്‍ വിവാദം. ആള്‍വാറിലുള്ള ക്ഷേത്രവും 86 കടകളുമാണ് റോഡ് വികസനത്തിനായി പൊളിച്ച് നീക്കിയത്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ ‘ബുള്‍ഡോസര്‍’ രാഷ്ട്രീയം ചര്‍ച്ചയാകുന്നതിനിടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ക്ഷേത്രം പൊളിച്ച് നീക്കിയത്.
പൊളിച്ചുമാറ്റിയ സ്ഥലത്ത് ‘ഗൗരവ് പാത’ എന്ന പേരില്‍ ഒരു റോഡ് പ്രഖ്യാപിച്ചത് ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ബിജെപി ഭരിക്കുന്ന രാജ്ഗഡ് ടൗണിലെ മുനിസിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനമാണ് നടപ്പാക്കിയത്. രാജ്ഗഡ് മുനിസിപ്പല്‍ കൗണ്‍സിലിലെ 35 അംഗങ്ങളില്‍ 34 പേരും ബിജെപിയാണെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാനില്ല. അവര്‍ സര്‍ക്കാരിനോട് ആലോചിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. രാജസ്ഥാന്‍ നഗരവികസന, ഭവന വകുപ്പ് മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു.
അതേസമയം, നോട്ടിസ് നല്‍കാതെയാണ് പ്രദേശത്തെ 85 ഓളം ഹിന്ദുക്കളുടെ വീടുകളും കടകളും സര്‍ക്കാര്‍ തകര്‍ത്തതെന്ന് പൊളിക്കല്‍ വീഡിയോ പങ്കുവെച്ച് ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കരൗലിയിലും ജഹാംഗീര്‍പുരിയിലും കണ്ണീര്‍ പൊഴിക്കുകയും ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസിന്റെ മതേതരത്വമെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
Comments are closed for this post.