
കാബൂള്‍: ദയനീയമാണ് അഫ്ഗാനസ്ഥാനിലെ സാധാരണക്കാരുടെ കാര്യം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ ഇതെല്ലാം വ്യക്തമാവും. താലിബാന് ഭരണത്തെ എത്രമാത്രം പൊതുജനങ്ങള്‍ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് കാബൂള്‍ വിമാനത്താവളത്തില്‍ ഇരച്ചുകയറിയ ആളുകളും വിമാനത്തില്‍ അള്ളിപ്പിടിച്ച് കയറി രക്ഷപ്പെടാനുള്ള അവരുടെ ശ്രമവും.
‘താലിബാനിസം’ എന്നറിയപ്പെട്ടിരുന്ന തരത്തിലുള്ള കടുത്ത നടപടികള്‍ താലിബാന് ഭരണകൂടത്തില്‍ നിന്നുണ്ടാവുമോയെന്ന ഭീതിയാണ് ആളുകളെ അഫ്ഗാന് വിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഞായറാഴ്ചയോടെയാണ് താലിബാന് പിടിച്ചടക്കല്‍ പൂര്‍ണമായത്. ഏറ്റുമുട്ടലിന് പോലും അവസരമൊരുക്കാന്‍ അഫ്ഗാന് സുരക്ഷാ സേന താലിബാന് കീഴടങ്ങുകയായിരുന്നു. ഇതോടെ, ആളുകള്‍ വിചാരിച്ചതിലും വേഗത്തില്‍ രാജ്യം താലിബാനു കീഴിലായി. ഇതിനു മുന്‍പേ ആളുകള്‍ തങ്ങളുടെ പണം പിന്‍വലിക്കാനും രക്ഷപ്പെടാനുള്ള മാര്‍ഗമൊരുക്കാനും തയ്യാറെടുത്തിരുന്നു.
ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിലർ, ബാങ്കിനു മുകളിലേക്ക് അള്ളിപ്പിടിച്ച് കയറി പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്നു.
ഇതേ സ്ഥിതി തന്നെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ഇന്നുണ്ടായതും. സ്ത്രീകളും കുട്ടികളുമായി ആയിരക്കണക്കിന് പേര് വേലിക്കെട്ടുകള്‍ ചാടിയും മറ്റും റണ്‍വേയിലെത്തി. കിട്ടിയ വിമാനത്തില്‍ കയറിപ്പറ്റാനും ശ്രമിച്ചു. ചിലരാവട്ടേ, അപ്രായോഗികമെന്നും കണ്ടിട്ടും വിമാനത്തിന് മുകളില്‍ വരെ കയറിരിക്കുന്നു. വിമാനത്തില്‍ ഇതുപോലെ കുത്തിക്കയറുന്ന ദൃശ്യം ലോകചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കാം.
ഇങ്ങനെയൊരു സാഹചര്യം വന്നതോടെ, യാത്രാവിമാനങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവ് വന്നു. ഇതോടെ അന്താരാഷ്ട്ര വിമാനങ്ങള്‍ നിലച്ചു. ജനങ്ങളെ പിരിച്ചുവിടാന്‍ യു.എസ് സേന തുടരെത്തുടരെ വെടിയുതിര്‍ത്തു. എന്നാല്‍ രക്ഷപ്പെടാനുള്ള അവസാനപിടിവള്ളിയും തേടി അലയുകയായിരുന്നു തടിച്ചുകൂടിയവര്‍. യു.എസ് പൗരന്മാരെ രക്ഷപ്പെടുത്താനെത്തിയ വ്യോമസേനയുടെ വിമാനം പറക്കാനായി റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ ഒപ്പം ഓടുന്ന വലിയ കൂട്ടത്തെയും കാണാം. ഇവരില്‍ ചിലര്‍ അള്ളിപ്പിടിച്ച് അവിടെയും ഇവിടെയും കയറിപ്പറ്റാന്‍ ശ്രമിക്കുന്നു.
ഇതിനിടെ, എന്‍ജിന്റെ ഭാഗത്തും ടയറിനു മുകളിലുമായി കയറിപ്പറ്റിയ മൂന്നുപേര്‍ ആകാശത്തുനിന്ന് താഴേക്ക് വീഴുന്നതും കാണാം. ദയനീയതയുടെ അങ്ങേയറ്റമാണ് അഫ്ഗാനിസ്ഥാനുള്ള കാഴ്ചകള്‍.