2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേന്ദ്ര സര്‍ക്കാറിന്റെ സഹകരണമില്ല; ഇന്ത്യയിലെ അഫ്ഗാന്‍ എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ചു

കേന്ദ്ര സര്‍ക്കാറിന്റെ സഹകരണമില്ല; ഇന്ത്യയിലെ അഫ്ഗാന്‍ എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ചു

   

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് സഹകരണമില്ലാത്തതും അഫ്ഗാനിസ്താന്റെ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്തതുമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാരുടേയും വിഭവങ്ങളുടേയും കുറവും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ എംബസി പ്രവര്‍ത്തിക്കുകയില്ല.

അഫ്ഗാനിസ്താനും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും സൗഹൃദവും കണക്കിലെടുത്ത് വളരെ ആലോചിച്ച ശേഷമാണ് ഈ പ്രയാസകരമായ തീരുമാനമെടുത്തതെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചു. ‘അഗാധമായ സങ്കടത്തോടും ഖേദത്തോടും നിരാശയോടും കൂടിയാണ് ഡല്‍ഹിയിലെ അഫ്ഗാനിസ്താന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്താനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നത്’ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

‘ഇന്ത്യയിലെ നയതന്ത്ര പിന്തുണയുടെ അഭാവവും അഫ്ഗാനില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഇല്ലാത്തതും മൂലം ആ രാജ്യത്തെയും അവിടുത്തെ പൗരന്മാരുടേയും മികച്ച താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിലുണ്ടായ ഞങ്ങളുടെ പോരായ്മകള്‍ അംഗീകരിക്കുന്നു’ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

‘നയതന്ത്രജ്ഞര്‍ക്ക് മറ്റ് നിര്‍ണായക സഹകരണ മേഖലകളിലേക്കുള്ള വിസ പുതുക്കുന്നതിന് സമയബന്ധിതവും മതിയായതുമായ പിന്തുണ ലഭിക്കാത്തത് ഞങ്ങളുടെ ടീമിനെ നിരാശയിലേക്ക് നയിക്കുകയും പതിവ് ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതില്‍ തടസമുണ്ടാക്കുകയും ചെയ്തു’ പ്രസ്താവനയില്‍ വിശദമാക്കുന്നു.

അംബാസഡര്‍ ഫരീദ് മാമുന്ദ്‌സയാണ് ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയെ നയിച്ചിരുന്നത്. അഫ്ഗാനില്‍ അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ നിയമിച്ച ഫരീദ് 2021 ആഗസ്റ്റില്‍ താലിബാന്‍ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തിട്ടും തന്റെ പദവിയില്‍ തുടരുകയായിരുന്നു.

നിലവിലെ അംബാസഡര്‍ ഫരീദ് മാമുന്ദ്‌സയ്ക്ക് പകരമായി പുതിയ തലവനെ നിയമിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് 2023 ഏപ്രില്‍മെയ് മാസങ്ങളില്‍ ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി അധികാരത്തര്‍ക്കം നേരിട്ടിരുന്നു. 2020 മുതല്‍ ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയിലെ ട്രേഡ് കൗണ്‍സിലറായ ഖാദിര്‍ ഷാ, താലിബാന്‍ സര്‍ക്കാര്‍ തന്നെ അംബാസിഡറായി ചുമതലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ഏപ്രില്‍ അവസാനം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാല്‍ നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന് എംബസി അറിയിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.