2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യൗവനകാലം കരുതിവയ്ക്കാം അസ്ഥികള്‍ക്കായി

 
 
 
ഡോ. ജോര്‍ജ് എബ്രഹാം
ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍ വിഭാഗം മേധാവി,
മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്
 
 
നമ്മുടെ അസ്ഥിവ്യൂഹത്തില്‍ കാണുന്ന അസ്ഥികള്‍ വളരെ ആസൂത്രിതമായി സംവിധാനിക്കപ്പെട്ടിട്ടുള്ളവയാണ്. വളരെ വ്യവസ്ഥാപിതമായ രൂപത്തില്‍ പരസ്പരം കോര്‍ത്തിണക്കപ്പെട്ട രൂപത്തിലായതുകൊണ്ട് ആവശ്യമുള്ളപ്പോള്‍ വളയാനും വളയ്ക്കാനുമൊക്കെ കഴിയുന്നു. ഒടിഞ്ഞു തൂങ്ങാത്ത രൂപത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മനുഷ്യനെ സാധ്യമാക്കുന്നതുതന്നെ അതിശക്തമായ അസ്ഥിവ്യൂഹമാണ്. ചലനാത്മകമായി മനുഷ്യനെ നിലനിര്‍ത്തുന്ന ഈ അസ്ഥിവ്യൂഹത്തിലെ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിക്കുകയോ ക്ഷതം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. യഥാര്‍ഥത്തില്‍ ഒരാളുടെ സൗന്ദര്യം അയാളുടെ തൊലിപ്പുറമെ അല്ല, അയാളുടെ അസ്ഥികള്‍ പ്രാപിച്ചിരിക്കുന്ന രൂപത്തിലാണ്. 
 
ഓസ്റ്റിയോ പൊറോസിസ് പലപ്പോഴും രോഗികളെ പൂര്‍ണമായി കിടപ്പിലാക്കുന്നു, പലരെയും അംഗവൈകല്യത്തിനു തുല്യമായ അവസ്ഥയിലെത്തിക്കുന്നു, പൊതുജീവിതത്തില്‍ നിന്ന് വഴിമാറി വീട്ടില്‍ ഒതുങ്ങിക്കഴിയേണ്ട സ്ഥിതിയുണ്ടാക്കുന്നു. ഇത്തരത്തില്‍ ശാരീരികമായും സാമൂഹ്യമായും പ്രതിഫലിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് ഓസ്റ്റിയോപൊറോസിസ്.
ഇന്ത്യയിലെ പ്രായമേറിയ സ്ത്രീകളില്‍ രണ്ടിലൊരാള്‍ ഓസ്റ്റിയോ പൊറോസിസ് ബാധിച്ചവരാണെന്നറിയുമ്പോഴാണ് രോഗത്തിന്റെ ഗൗരവാവസ്ഥ നമുക്ക് ബോധ്യപ്പെടുക. സ്ത്രീകളില്‍ ഏതാണ്ട് 50 വയസ് കഴിയുന്നതോടെ, അല്ലെങ്കില്‍ ആര്‍ത്തവ വിരാമത്തോടെ എല്ലുകള്‍ ക്ഷയിക്കുന്ന അവസ്ഥ വ്യാപകമായി കാണുന്നുണ്ട്. വാസ്തവത്തില്‍ ശരീരത്തില്‍ എല്ലുകള്‍ക്കുള്ളില്‍ ഒരു പൊട്ടിത്തെറി തന്നെയാണ് ഉണ്ടാകുന്നതെങ്കിലും ഒരു ശബ്ദമോ മുറിവോ ഒന്നുമില്ലാത്ത ഒരു വേദനയായി അത് ആരംഭിക്കുന്നു. മാസമുറ നിലച്ചശേഷം ശരീരത്തില്‍ വരുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും ഒന്നു തുമ്മിയാലോ ചുമച്ചാലോ പോലും എല്ലുകള്‍ പൊട്ടുന്ന അവസ്ഥയിലെത്തിക്കുന്നു. 
 
രോഗബാധിതരുടെ എണ്ണം ആഗോളതലത്തില്‍ നോക്കിയാല്‍ 50 വയസ് കഴിഞ്ഞ മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഓരോ മൂന്ന് സെക്കന്‍ഡിലും ഒരു അസ്ഥിക്ഷതം സംഭവിക്കുന്നു. അടുത്ത മൂന്ന് പതിറ്റാണ്ടു കഴിയുമ്പോഴേക്കും ഇടുപ്പെല്ല് പൊട്ടുന്ന രോഗികളുടെ എണ്ണത്തില്‍ 350 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
പ്രതിവര്‍ഷം നമ്മുടെ രാജ്യത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഓസ്റ്റിയോ പൊറോസിസ് രോഗികളുടെ എണ്ണം ഒരു കോടിയാണ്. നമ്മുടെ രാജ്യത്ത് കൂടുതല്‍ രോഗികളുമുള്ളത് ഗ്രാമപ്രദേശങ്ങളിലാണ്.
 
 
എങ്ങനെ തിരിച്ചറിയാം ?
 
ഓസ്റ്റിയോപൊറോസിസിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് രോഗം മുന്‍കൂട്ടി മനസിലാക്കാനുള്ള പ്രയാസമാണ്. പലപ്പോഴും ചെറിയ കാരണങ്ങളാലോ വീഴ്ച മൂലമോ എല്ലു പൊട്ടുമ്പോള്‍ മാത്രമാണ് ഈ രോഗാവസ്ഥ തിരിച്ചറിയുക. അങ്ങനെ വരുന്ന സാഹചര്യത്തില്‍ ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റ് നടത്തുന്ന പക്ഷം ഓസ്റ്റിയോപൊറോസിസിന്റെ സാധ്യത കണ്ടെത്താന്‍ കഴിയും. 
ചിലപ്പോള്‍ മുതുക്, കാല്‍മുട്ടുകള്‍, ഇടുപ്പ് എന്നിവിടങ്ങളില്‍ കടുത്ത വേദന അനുഭവപ്പെടും. ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍ നിരന്തരമായി കഴുത്തുവേദനയോ പുറംവേദനയോ കണ്ടു വരുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം. 
 
 
മറ്റ് കാരണങ്ങള്‍
 
എല്ലുകളുടെ കനം കുറഞ്ഞ് എല്ലുകള്‍ ദുര്‍ബലമാകുന്ന അവസ്ഥയ്ക്ക് കാരണമാകുന്ന കേടുപാടുകള്‍ പലപ്പോഴും കുറേ മുമ്പുതന്നെ ശരീരത്തില്‍ ആരംഭിച്ചിട്ടുണ്ടാകും. പ്രതിരോധ സംബന്ധമായ രോഗങ്ങള്‍, ആമവാതം, അസ്ഥി അര്‍ബുദം, കലകള്‍ കല്ലിച്ചുപോകുന്ന രോഗം, സ്‌പോണ്ടിലൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ഓസ്റ്റിയോപൊറോസിസിലേക്കെത്താം. അമിത ഭാരം കുറയ്ക്കാന്‍ നടത്തുന്ന ശസ്ത്രക്രിയ പലപ്പോഴും വില്ലനായി മാറാറുണ്ട്. പക്ഷാഘാതം, നട്ടെല്ലിനും മറ്റുമുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയും എല്ലുകളുടെ ശക്തിയും ബലവും നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പേശികള്‍ ഉപയോഗിക്കപ്പെടാതെ പോകുന്നത്, അസ്ഥി അര്‍ബുദം, ജനിതക കാരണങ്ങള്‍, കോര്‍ട്ടിക്കോ സ്റ്റിറോയ്ഡ്, ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുടെ ഉപയോഗം എന്നിവയും ഓസ്റ്റിയോപൊറോസിസിലേക്ക് നയിച്ചേക്കാം.
 
 
 
ഭക്ഷണക്രമം എങ്ങനെ?
 
എല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഭക്ഷണക്രമം സ്വീകരിക്കുക. എല്ലുകള്‍ ദിനം പ്രതി വളരുന്നതാണ്. എല്ലാ ഭക്ഷണത്തിലും കുറഞ്ഞ അളവിലെങ്കിലും കാത്സ്യം ഉള്ളില്‍ ചെല്ലുന്ന വിധത്തിലുള്ള ഭക്ഷണക്രമമാണ് വേണ്ടത്. കട്ടിത്തൈര്, കൊഴുപ്പ് നീക്കിയ പാല്‍, ബീന്‍സ്, വെണ്ടയ്ക്ക, പരിപ്പ്, ബദാം, മത്തി തുടങ്ങിയവയ്‌ക്കൊപ്പം കടുത്ത പച്ച നിറമുള്ള ഇല വര്‍ഗങ്ങളിലും ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് കാത്സ്യം നഷ്ടം നികത്താന്‍ വൈറ്റമിന്‍ കെ ആവശ്യമാണ്. ചീസിലും സോയയിലുമൊക്കെ ധാരാളമായി കാണുന്ന വൈറ്റമിന്‍ ആണിത്. കാത്സ്യം വലിച്ചെടുക്കാന്‍ വൈറ്റമിന്‍ ഡിയും സഹായിക്കുന്നുണ്ട്. അയല, കൂണ്‍, സോയാ ബീന്‍, മീനെണ്ണ, തവിടുകളയാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇതിലെല്ലാം വൈറ്റമിന്‍ ഡി ധാരാളമായി കണ്ടെത്താം. പച്ചക്കറികള്‍ കുറഞ്ഞ കലോറി മാത്രമേയുള്ളൂ എങ്കിലും വൈറ്റമിനുകളും ധാതുക്കളും നാരുകളും ഉണ്ട്. ആര്‍ത്തവ വിരാമം സംഭവിച്ചവര്‍ക്ക് ബ്രോക്കോളിയും കാബേജും സഹായകരമാകുമെന്നുള്ള പഠനങ്ങളുണ്ട്. 
 
അമിത ശരീര ഭാരവും, അമിതമായ ഭക്ഷണ നിയന്ത്രണവും എല്ലുകള്‍ക്ക് ദോഷകരമാണ്. എല്ലുകളുടെ ബലത്തിന് അത്യാവശ്യമായ രണ്ടു പോഷകങ്ങളാണ് മഗ്‌നീഷ്യവും സിങ്കും. എല്ലുകളിലെ സിങ്ക് എല്ലുകള്‍ പൊട്ടുന്നത് തടയാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ ഡി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് മഗ്‌നീഷ്യം ആണ്. 
ഭക്ഷണത്തില്‍ ആവശ്യമായ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മുട്ട, കോഴിയിറച്ചി, സോയ, പയറു വര്‍ഗങ്ങള്‍ എന്നിവ നന്നായി കഴിക്കേണ്ടതുണ്ട്. സ്ത്രീകളുടെ കാര്യത്തില്‍ ആര്‍ത്തവ വിരാമത്തിനു ശേഷം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
 
 
 
അസ്ഥിയെ കാക്കണം, 
ചെറുപ്പത്തിലേ
 
ചെറുപ്പം മുതല്‍ എല്ലുകള്‍ പോഷകങ്ങളും മറ്റും ആഗിരണം ചെയ്ത് ബലം പ്രാപിക്കണം. എല്ലുകളുടെ ബലം വര്‍ധിക്കാന്‍ ആവശ്യമായ കാത്സ്യം ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, നമ്മുടെ യൗവനകാലത്ത് കാത്സ്യവും ഫോസ്‌ഫേറ്റുമൊക്കെ ഉപയോഗിച്ച് അസ്ഥികള്‍ ബലമുള്ളതാക്കിത്തീര്‍ക്കുന്ന വിധത്തിലാണ് ശരീരം അതിന്റെ പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്. ഹൃദയത്തിന്റെയും തലച്ചോറിന്റെയുമൊക്കെ പ്രവര്‍ത്തനം സുഗമമായ രീതിയില്‍ നടക്കാനും കാത്സ്യം അത്യാവശ്യമാണ്. 
ആര്‍ത്തവ വിരാമത്തോടെ ഈസ്ട്രജന്റെ അളവ് കുറയുകയും കാത്സ്യം, വൈറ്റമിന്‍ ഡി എന്നിവയുടെ അഭാവം, വ്യായാമം ഇല്ലായ്മ, എന്‍ഡോക്രൈന്‍ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം ഈ പ്രായത്തില്‍ അസ്ഥിനഷ്ടത്തിന് ഇടവരുത്തും. 
 
 
മദ്യപാനം, പുകവലി
 
എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമായ രണ്ടു ശീലങ്ങളാണ് മദ്യപാനവും പുകവലിയും. കൗമാരത്തിലും യൗവനത്തിലും ഹരത്തിനായി ആരംഭിക്കുകയും പിന്നീട് ശീലമായി കൂടെക്കൂടുകയും ചെയ്യുന്ന ഈ ദുശ്ശീലങ്ങള്‍ വാസ്തവത്തില്‍ പ്രായമാകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ വിലകൊടുത്തു വാങ്ങുന്നതിന് തുല്യമാണ്. ഈ ശീലമുള്ളവര്‍ക്ക് പ്രായമാകുമ്പോഴുണ്ടാകുന്ന ബലക്ഷയം മറ്റുള്ളവരേക്കാള്‍ വളരെ കൂടുതലാകും. സന്ധിമാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള നൂതന ശസ്ത്രക്രിയകള്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. 
 
രോഗം തിരിച്ചറിഞ്ഞതുമുതല്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ വേദനകള്‍ നിയന്ത്രിച്ച് കൊണ്ടുപോകാനും കൂടുതല്‍ പ്രയാസങ്ങളിലേയ്ക്ക് പോകാതെ കൊണ്ടുപോകാനും സാധിക്കും. പാതിവഴിയില്‍ ചികിത്സ ഉപേക്ഷിച്ചുപോകുന്ന രീതി ഓസ്റ്റിയോപൊറോസിസിനു പറ്റിയതല്ല. വേദന കുറഞ്ഞ രീതിയില്‍ റോബോട്ടിക് സര്‍ജറി ഉള്‍പ്പെടെയുള്ള നൂതന സംവിധാനങ്ങള്‍ നമ്മുടെ സംസ്ഥാനത്തുതന്നെ ആരോഗ്യകേന്ദ്രങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്. 
 
ഏതര്‍ഥത്തില്‍ രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ എളുപ്പമാണ് രോഗം വരാതെ നോക്കുന്നത്. അതുകൊണ്ട് ഭക്ഷണക്രമത്തിലും ജീവിത രീതിയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. ആവശ്യമായ പരിശോധനകള്‍ സമയാസമയം ചെയ്ത് ആരോഗ്യം ഉറപ്പുവരുത്തുക. രോഗം വന്നാലും യഥാസമയം ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മുന്‍കരുതലാണ് ഏറ്റവും നല്ല പ്രതിരോധം.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.