ബംഗളൂരു: ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. നാലാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും വിജയകരമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. പുലര്‍ച്ചെ രണ്ടുമണിക്കാണ് ഭ്രമണപഥമാറ്റം പൂര്‍ത്തിയാക്കിയത്. ഭൂമിക്ക് ചുറ്റുമുള്ള അവസാന ഭ്രമണ പഥം ഉയര്‍ത്തലാണ് പൂര്‍ത്തിയാക്കിയത്.
ഭൂമിയില്‍ നിന്ന് 256 കിലോമീറ്റര്‍ അടുത്ത ദൂരവും 1,21,973 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. ദീര്‍ഘവൃത്താകൃതിയിലുള്ളതാണ് പുതിയ ഭ്രമണപഥം. അടുത്ത ഘട്ടം ട്രാന്‍സ് ലെഗ്രാഞ്ചിയന്‍ പോയിന്റ് 1 ഇന്‍സെര്‍ഷന്‍ സെപ്തംബര്‍ 19 ന് നടക്കും.
ഇതോടെയാകും ആദിത്യ എല്‍വണ്‍ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്നും പുറത്തു കടക്കുക. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്.അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എല്‍ 1 സെപ്തംബര്‍ രണ്ടിനാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രനെ വിജയകരമായി തൊട്ട ഇന്ത്യ അതിശയിപ്പിക്കുന്ന മറ്റൊരു നേട്ടത്തിലേക്കാണ് ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നത്. 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ചിയന്‍ പോയന്റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങള്‍, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണല്‍ മാസ് ഇജക്ഷന്‍, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്.
Comments are closed for this post.