2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അധികാരവും ജാതിയും മേയുന്ന കോളനികള്‍

ഫൈസല്‍ കോങ്ങാട്

 

 

2003 വരെ പ്രത്യക്ഷമായ അയിത്തം നിലനിന്നിരുന്ന പ്രദേശം കൂടിയാണ് ഈ കോളനി. ബാര്‍ബര്‍ ഷോപ്പില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് മുടി മുറിച്ചു കൊടുക്കരുത്, ടൈലര്‍ ഷോപ്പില്‍ ചക്ലിയര്‍, ഇറവാളര്‍ വിഭാഗങ്ങള്‍ക്ക് വസ്ത്രം തുന്നിക്കൊടുക്കരുത്, അമ്പലങ്ങളില്‍ പ്രവേശിക്കരുത്, അലക്കുകാരോട് ഇവരുടെ വസ്ത്രം അലക്കരുതെന്ന് വിലക്ക്, ചായക്കടകളില്‍ രണ്ടുതരം ഗ്ലാസുകളുടെ ഉപയോഗം…

സാം സ്‌കാരിക കേരളം ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുകയും, മാധ്യമങ്ങള്‍ ക്രിയാത്മക ഇടപെടലിലൂടെ സജീവപങ്കാളിത്തം വഹിക്കുകയും ചെയ്ത ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ അയിത്താചരണം മലയാളിയുടെ മനസ്സില്‍ നിന്നു മാഞ്ഞുതുടങ്ങിയിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട കോളനിയിലെ സാധുക്കളായ മനുഷ്യരുടെ ജീവിതനിലവാരവും സാമൂഹ്യ വ്യവസ്ഥകളും ഒരു മാറ്റവുമില്ലാതെ തുടരുമ്പോള്‍ ഇവരോടൊപ്പം നിലകൊള്ളേണ്ടവരെന്ന് പൊതുസമൂഹം കരുതുന്ന മാധ്യമങ്ങള്‍ പുതിയ ചര്‍ച്ചകള്‍ക്കു വിഷയങ്ങള്‍ തേടുകയാാണ്.
2003 വരെ പ്രത്യക്ഷമായ അയിത്തം നിലനിന്നിരുന്ന പ്രദേശം കൂടിയാണ് ഈ കോളനി. ബാര്‍ബര്‍ ഷോപ്പില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് മുടി മുറിച്ചു കൊടുക്കരുത്, ടൈലര്‍ ഷോപ്പില്‍ ചക്ലിയര്‍, ഇറവാളര്‍ വിഭാഗങ്ങള്‍ക്ക് വസ്ത്രം തുന്നിക്കൊടുക്കരുത്, അമ്പലങ്ങളില്‍ പ്രവേശിക്കരുത്, അലക്കുകാരോട് ഇവരുടെ വസ്ത്രം അലക്കരുതെന്ന് വിലക്ക്, ചായക്കടകളില്‍ രണ്ടുതരം ഗ്ലാസുകളുടെ ഉപയോഗം…

അന്ന് കോളനിയിലെ ചക്ലിയ ആദിവാസി വിഭാഗങ്ങള്‍ ഒരുമിച്ചു നിന്നാണ് ഈ സാമൂഹിക തിന്മക്കെതിരെ പോരാടിയത്. സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെ സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതാക്കളും ഗോവിന്ദാപുരത്തേക്കെത്തി. അന്ന് പ്രശ്‌നം പരിഹരിക്കപ്പെട്ടെങ്കിലും കൗണ്ടര്‍ വിഭാഗത്തിന്റെ മനസ്സുകളിലേക്ക് കടുത്ത ജാതിബോധവും വിവേചനവും ഉള്‍വലിഞ്ഞു നില്‍ക്കുകയാണ് യഥാര്‍ഥത്തില്‍ ഉണ്ടായത്.

ചക്ലിയര്‍, ഇറവാളര്‍ വിഭാഗത്തിലെ യുവാക്കളുടെ ഐക്യത്തെ അന്ന് കൗണ്ടര്‍ വിഭാഗം ഏറെ ഭയന്നിരുന്നു. അതുകൊണ്ടു തന്നെ ചക്ലിയ ഇറവാള യുവാക്കള്‍ക്കിടയില്‍ അന്തഛിദ്രങ്ങളും ഉള്‍ത്തിരിവുകളും സൃഷ്ടിച്ചെടുക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അന്നുമുതലേ കൗണ്ടര്‍ വിഭാഗം ആരംഭിച്ചുവെന്നതാണ് ശരി. അതിന്റെ സ്‌ഫോടനാത്മകതയാണ് ഇപ്പോള്‍ കോളനിയില്‍ തെളിഞ്ഞുവരുന്നത്. ചക്ലിയരെ ഇറവാളര്‍ക്കെതിരേ അണിനിരത്തുകയും ചക്ലിയ വിഭാഗത്തെ തന്നെ രണ്ടായി ഭിന്നിപ്പിച്ചും പരസ്പരം ഊരുവിലക്കും ഭ്രഷ്ടും കല്‍പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.
ചക്ലിയനെ കൊണ്ട് ചക്ലിയനെ എതിരാക്കുന്ന രീതിയാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. രാഷ്ട്രീയമായ മേമ്പൊടി ചേര്‍ത്തുകൊണ്ടാണ് ഇത് ചെയ്യുന്നത്. അയിത്തത്തിനെതിരേ നിലകൊള്ളുന്ന യുവാക്കള്‍ തന്നെ പല തട്ടുകളിലായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പാളയത്തിലെ തടങ്കലിലുമാണ്. ചക്ലിയ ഇറവാള വിഭാഗത്തെ സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികള്‍ പങ്കിട്ടെടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

വര്‍ഗജാതിപ്രശ്‌നം ശക്തമായി നിലകൊള്ളുമ്പോഴും ചക്ലിയര്‍ക്കിടയിലും ഇറവാളര്‍ക്കിടയിലും ആദിവാസികള്‍ക്കിടയിലും നേതൃപരമായി പങ്കുവഹിക്കുന്നവര്‍ക്ക് തങ്ങളുടെ സമൂഹങ്ങള്‍ക്കിടയിലുള്ള വൈരുധ്യങ്ങളെ എങ്ങനെ പരിഹരിക്കണമെന്ന ധാരണ ഇല്ലെന്നതാണ് വസ്തുത. ജാതിപ്രശ്‌നം ഉയര്‍ന്നുവരുമ്പോള്‍ അംബേദ്കര്‍ ചിന്തയും, വര്‍ഗപ്രശ്‌നം ഉയരുമ്പോള്‍ മാര്‍ക്‌സിസവും കൊണ്ട് നേരിടുകയാണ് ഇവിടെ. അതിനുപകരം മേല്‍പറഞ്ഞ വൈരുധ്യങ്ങളെ കുറിച്ച പഠനമാണ് യഥാര്‍ഥത്തില്‍ വേണ്ടത്. എന്നാല്‍, ഇന്ത്യയുടെ പല ഭാഗങ്ങളിലും അത്തരത്തിലുള്ള ചില ഉയിര്‍ത്തെഴുന്നേല്‍പുകളോ നീക്കങ്ങളോ ഉയര്‍ന്നുവരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. മേവാനി, കനയ്യ കുമാര്‍ എന്നിവരുടെ നേതൃത്വങ്ങളില്‍ അവരുടെ അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് അത് ഉയര്‍ന്നു വന്നതെന്നു കാണാം.

എന്നാല്‍, കേരളത്തില്‍ അങ്ങനെ ഒരു സംഭവം ഇല്ല. സാക്ഷരതയില്‍ കേരളം ഏറെ മുന്നില്‍ നില്‍ക്കുമ്പോഴും ദലിതന് സാക്ഷരതയില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ഇത്തരം വിഭാഗങ്ങള്‍ക്ക് അത് ഉണ്ടാവരുതെന്ന ഇവിടുത്തെ വരേണ്യവര്‍ഗത്തിന്റെ ബോധപൂര്‍വമായ ശ്രമവും ഇതിനു പിന്നിലുണ്ട്. എവിടെയൊക്കെ ആദിവാസി ദലിത് വിഭാഗങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടോ അവിടെയൊക്കെ തന്നെ തീവ്രവാദബന്ധം ആരോപിച്ച് അടിച്ചൊതുക്കുകയാണ് ചെയ്യുന്നത്.
ഗോവിന്ദാപുരത്തും സ്ഥിതി വ്യത്യസ്തമല്ല. തമിഴ്‌നാട്ടിലുള്ള ദലിത് തീവ്രവാദ സംഘടനകളെ ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍ ഇവിടെയും സജീവമാണ്. ഗോവിന്ദാപുരത്തെ വിമോചന ചിന്തയുള്ള വിഭാഗങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം.

സ്വന്തമായി കൃഷിഭൂമി ഉള്‍പ്പെടെ സ്വയം പര്യാപ്തമാകുന്ന ഒരു സാമൂഹ്യക്രമത്തിലേക്ക് ഇവരെ ഉയര്‍ത്തുന്നതിന് ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കോ സര്‍ക്കാരിനോ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കോ താല്‍പര്യമില്ലെന്നതാണ് വസ്തുത. ദലിത്, ആദിവാസി, ഇറവാള വിഭാഗങ്ങളെ സഹായിക്കാനെന്ന പേരില്‍ ഗോവിന്ദാപുരത്ത് വേരുറപ്പിച്ചിട്ടുള്ള ചില എന്‍.ജി.ഒകളും മേല്‍പറഞ്ഞ വിഭാഗങ്ങളെ നിലവിലുള്ള സാഹചര്യങ്ങളില്‍ തന്നെ തളച്ചിടാനാണ് ശ്രമിക്കുന്നത്. എന്നാല്‍, നവോത്ഥാനചിന്തയുള്ള, പുരോഗമന ബോധമുള്ള ഒരു വിഭാഗം ചക്ലിയ, ഇറവാള ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിന്നു ഉയര്‍ന്നു വരുന്നു എന്നത് പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നു. ഇതോടൊപ്പം വായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. പ്രധാനമന്ത്രി ആയി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളും അക്രമങ്ങളും ഈ മേഖലയെ അസ്വസ്ഥരാക്കുകയും ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. ബീഫ് നിരോധനം ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത് ആദിവാസി ദലിത് വിഭാഗങ്ങളെയാണ്.

അത്തരം അസ്വസ്ഥതകളുടെയും മറ്റു പല കാരണങ്ങളുടെയും തുടര്‍ച്ചയെന്നോണം ഗോവിന്ദാപുരം കോളനിയില്‍ അനുഭവപ്പെടുന്ന ജാതീയവും സാമ്പത്തികവുമായ അസമത്വവും ഇവിടെ സംഘര്‍ഷഭരിതമാക്കുന്നുണ്ട്. ഇതിനിടയിലാണ് ഈഴവ സമുദായത്തില്‍ പെട്ട യുവാവ് ചക്ലിയ സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഇതേ തുടര്‍ന്ന് മൂന്നു സംഘട്ടനങ്ങളാണ് കോളനിയില്‍ ഉണ്ടായത്. സാഹചര്യം മുതലെടുത്ത്, കൗണ്ടര്‍ വിഭാഗം നടത്തിയ കരുനീക്കങ്ങളാണ് കോളനിയിലെ അന്തരീക്ഷത്തെ ഇത്രയധികം സങ്കീര്‍ണമാക്കിയത്. പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കുന്നതിന് പകരം ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥ വൃന്ദവും മത്സരിച്ചത് കൗണ്ടര്‍മാരുടെ കൂടെ നില്‍ക്കാനായിരുന്നു. കോളനിയിലെ ആദിവാസി ദലിത് വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് പ്രാദേശിക ഭരണകൂടം ഒരു താല്‍പര്യവും കാണിച്ചില്ല. ഒരു റോഡിന് ഇരുവശമായി ദലിതനും കൗണ്ടര്‍ വിഭാഗത്തിനും വേറെ വേറെ കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചു കൊടുത്തത് കൗണ്ടര്‍ വിഭാഗത്തെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രതയാലാണ്. 2003ല്‍ ഗോവിന്ദാപുരത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജനകീയ മുന്നണിയും ആദിവാസി സംരക്ഷണ സമിതിയും പ്രവര്‍ത്തനം അവസാനിപ്പിച്ചതിന്റെ ദുരന്ത ഫലം കൂടിയാണ് കോളനിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. മീനാക്ഷിപുരത്ത് 13 വയസ്സുള്ള മണിമേഘല എന്ന ദലിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ശേഷം വിഷം കൊടുത്ത് കൊല്ലുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ ശെന്തില്‍വേല്‍ കൗണ്ടറെ സഹായിക്കാന്‍ മത്സരിച്ച അതേ രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെയാണ് കോളനിയിലെ പാവങ്ങളുടെ രക്ഷകരായി അവതരിച്ചിരിക്കുന്നത്. കോളനിയുടെ നടുവിലൂടെ കടന്നുപോകുന്ന റോഡിനിപ്പുറം വികസനകാര്യത്തില്‍ വളരെ പിന്നിലാണ്. അപ്പുറത്തു വെള്ളം, തെരുവ് വെളിച്ചം, അഴുക്കുചാല്‍ എല്ലാ സൗകര്യവും ഗ്രാമ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും ചെയ്തു കൊടുത്തപ്പോള്‍ ചക്കിളിയരും ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന റോഡിനിപ്പുറത്ത് ഇതൊന്നുമില്ല. പൊട്ടിപ്പൊളിഞ്ഞ വീടുകള്‍, കക്കൂസില്ല, വഴി വിളക്കില്ല, അഴുക്കു ചാലുകളില്ല. മഴപെയ്താല്‍ വെള്ളം മുഴുവന്‍ കുത്തിയൊലിച്ചു വീടുകള്‍ക്കുള്ളില്‍ കയറുന്നു. വെള്ളം ഒഴുകി പോവാത്തതിനാല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും പ്രയാസം നേരിടുന്നു. ചക്കിളിയ കുടുംബങ്ങള്‍ മാത്രം 230 വരും ഇവിടെ. പഞ്ചായത്തിന്റെ കണക്കില്‍ 120 കുടുംബങ്ങളെ ഉള്ളു. ഒരു വീട്ടില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍ താമസിക്കുന്നു. ഇവരുടെ പാതിയിലേറെ വീടുകളും പൊട്ടിപ്പൊളിഞ്ഞു നിലംപൊത്താറായതാണ്. ചക്കിളിയര്‍ മരിച്ചാല്‍ അടക്കം ചെയ്യാന്‍ ശ്മശാനമില്ല. ഗോവിന്ദാപുരം പുഴയോരത്താണ് ഇപ്പോള്‍ അടക്കുന്നത്. ഒരു ശ്മശാനം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായെന്ന് പൊതു പ്രവര്‍ത്തകനും, ആദിവാസിസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ നീലിപ്പാറ മാരിയപ്പന്‍ പറയുന്നു.
മുന്‍ നക്‌സലൈറ്റ് നേതാവായ വിളയോടി ശിവന്‍കുട്ടിക്ക് കഴിഞ്ഞ 32 വര്‍ഷമായി സമുദായ ഭ്രഷ്ട് നേരിടേണ്ടി വരുന്നു എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഈഴവ സമുദായത്തില്‍ നിലനിന്നിരുന്ന ദലിത് വിഭാഗങ്ങളോടുള്ള അയിത്ത മനോഭാവത്തിനെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് ഊരുവിലക്കും ഭ്രഷ്ടും. വിവാഹം, മരണം എന്നിങ്ങനെ പ്രധാന ചടങ്ങുകളിലെല്ലാം പഴയ തലമുറയ ജാതീയ ചിന്തകളാല്‍ തളച്ചിടപ്പെട്ടിരിക്കുന്നു. അതേസമയം പുതിയ തലമുറയില്‍പെട്ടവര്‍ ജാതീ കല്‍പ്പനകളെ പുച്ഛിച്ചുതള്ളി മാനവ ഐക്യബോധത്തോടെ വിഷയത്തെ സമീപിക്കുന്നു എന്നത് കേരളത്തിന്റെ സാംസ്‌കാരിക മതേതര മനസ്സുകള്‍ക്ക് കുറച്ചൊന്നുമല്ല സന്തോഷം നല്‍കുന്നത്.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.