2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആരോഗ്യ കാരണങ്ങളാല്‍ ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് ബാഡ്മിന്റണ്‍ കളിക്കുന്നു: സിബിഐ സുപ്രീം കോടതിയില്‍

ആരോഗ്യ കാരണങ്ങളാല്‍ ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് ബാഡ്മിന്റണ്‍ കളിക്കുന്നു: സിബിഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡൊറാന്‍ഡ ട്രഷറി കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ആരോഗ്യകാരണങ്ങള്‍ ഉന്നയിച്ച് ജാമ്യത്തിലിറങ്ങി ബാഡ്മിന്റണ്‍ കളിക്കുകയാണെന്ന് സിബിഐ സുപ്രീം കോടതിയില്‍. ലാലുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ലാലുവിന് ജാമ്യം അനുവദിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവ് തെറ്റാണെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു വാദിച്ചു. എന്നാല്‍, ലാലു അടുത്തിടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് ചൂണ്ടിക്കാട്ടിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തെ എതിര്‍ത്തു. കേസില്‍ ലാലു 42 മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഒക്ടോബര്‍ 17ലേക്ക് മാറ്റി. ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ അപ്പീലിന് നല്‍കിയ മറുപടിയില്‍, ആരോഗ്യനില മോശമാണെന്നും തന്നെ കസ്റ്റഡിയില്‍ വച്ചതുകൊണ്ട് ഒരു കാര്യവും ഉണ്ടാകില്ലെന്നും ലാലു പറഞ്ഞു.

2022 ഏപ്രില്‍ 22ന് ഡൊറാന്‍ഡ ട്രഷറി തട്ടിപ്പ് കേസില്‍ ലാലുവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139 കോടിയിലധികം രൂപ തട്ടിയെടുത്ത അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരിയിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലുവിന് അഞ്ച് വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.