2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അദാനി വിവാദം: രണ്ടാംദിനവും പാര്‍ലമെന്റ് തടസപ്പെട്ടു

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തിന് ഇടയാക്കിയ അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് ആരോപണങ്ങളില്‍ ചര്‍ച്ചയും അന്വേഷണവും വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും ഉച്ചയ്ക്ക് രണ്ടു മണി വരെ നിര്‍ത്തിവച്ചു.

അദാനി ഗ്രൂപ്പിനെതിരായ യു.എസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നെങ്കിലും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും ഇന്നലെ പ്രമേയാനുമതി നിരസിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

സര്‍ക്കാര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ഇന്ന് 16 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ വീണ്ടും യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിനു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, ഡി.എം.കെ, ജനതാദള്‍ യുണൈറ്റഡ്, ഇടതുകക്ഷികള്‍ ഉള്‍പ്പെടെ പത്തോളം പാര്‍ട്ടികളാണ് ചര്‍ച്ചയ്ക്ക് നോട്ടിസ് നല്‍കിയിരുന്നത്.

ഓഹരി വിപണിയില്‍ നഷ്ടമുണ്ടാക്കിയ കമ്പനിയില്‍ തന്നെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ വീണ്ടും നിക്ഷേപം നടത്തിയതു സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയോ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികളിലുണ്ടായ തുടര്‍ച്ചയായ ഇടിവ് നിക്ഷേപകര്‍ക്കുണ്ടാക്കിയ നഷ്ടവും നിക്ഷേപകര്‍ക്കുള്ള അപകടസാധ്യതയും ചര്‍ച്ച ചെയ്യണം. ഇടിവ് നേരിടുന്ന അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ എല്‍.ഐ.സിയും പൊതുമേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപം നടത്തുന്നത് പൊതുജനത്തിന്റെ പണം കൊള്ളയടിക്കലാണ്. എല്‍.ഐ.സി, എസ്.ബി.ഐ, മറ്റ് ധനകാര്യ സ്ഥപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പാവപ്പെട്ട ജനങ്ങളുടെ പണമാണുള്ളത്. അതാണ് തെരഞ്ഞെടുത്ത ചില കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

എന്നാല്‍ ബജറ്റ് സംബന്ധിച്ച നിര്‍ദേശങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്നും ഓഹരി തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിന്നീട് ചര്‍ച്ചയാകാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. തെളിവില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കരുതെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷ ആവശ്യം നിരസിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.