ന്യുഡല്‍ഹി: ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ തന്നെ കണ്ട് പരാതികള്‍ പറഞ്ഞുവെന്ന പ്രസ്താവനയുടെ വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കുമെന്ന് രാഹുല്‍ഗാന്ധി ഡല്‍ഹി പൊലീസിനെ അറിയിച്ചു. സമാന ചോദ്യങ്ങള്‍ ഭരണകക്ഷിയിലെ നേതാക്കളോട് ചോദിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു. പൊലീസ് നടപടിക്ക് അദാനി വിഷയത്തിലെ നിലപാടുമായി ബന്ധമില്ലെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം മുന്നോട്ടുകൊണ്ടുപോകാവുന്ന വിവരങ്ങള്‍ രാഹുല്‍ പങ്കുവച്ചിട്ടില്ലെന്ന് പൊലീസും അറിയിച്ചു. നേരത്ത വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് രാഹുലിന്റെ വസതിയിലെത്തി മണിക്കൂറുകള്‍ കാത്ത് നിന്നെങ്കിലും മൊഴി രേഖപ്പെടുത്താനായില്ല. തുടര്‍ന്ന് നോട്ടീസ് നല്‍കി പൊലീസ് മടങ്ങി. രാഹുല്‍ ഗാന്ധി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അംഗബലം വര്‍ധിപ്പിച്ചും, കേന്ദ്ര സേനയെ ഒപ്പം കൂട്ടിയും ഇന്ന് ഡല്‍ഹി പൊലീസ് എത്തിയത്. പൊലീസ് വളഞ്ഞതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും, ദില്ലിയിലുള്ള എംപിമാരും രാഹുലിന്റെ വസതിയിലെത്തി. അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയെ രാഹുല്‍ വിമര്‍ശിച്ചതിലുള്ള ഭീഷണിപ്പെടുത്തലാണെന്നും വഴങ്ങില്ലെന്നും അശോക് ഗലോട്ട് പ്രതികരിച്ചു.
അദാനി ഓഹരി വിവാദത്തില്‍ പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിയെ ആക്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അദാനി വിഷയം രാഹുല്‍ ഗാന്ധി ഉന്നയിക്കുകയല്ല രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശങ്ങളില്‍ സഭയില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.
Comments are closed for this post.