
കൊച്ചി: വിഴിഞ്ഞത്ത് നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനിഗ്രൂപ്പ് ഹൈക്കോടതിയില്‍. പൊലിസിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. മാസങ്ങളായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതിനാല്‍ കോടികളാണ് തങ്ങള്‍ക്ക് നഷ്ടം. സംസ്ഥാന സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ഞായറാഴ്ച്ചത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്കിയ ഹരജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിച്ചത്.
തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് പാറ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ കടന്നുപോകാന്‍ സമരക്കാര്‍ അനുവദിക്കുന്നില്ല. കോടതി വിധികള്‍ക്ക് പുല്ലുവില കല്പ്പിക്കുകയാണ്. സ്വന്തം നിയമം നടപ്പാക്കുന്ന ഒരു കൂട്ടരാണ് വിഴിഞ്ഞത്തേത്. രാജ്യത്തെ നിയമസംവിധാനത്തെ ഇവര്‍ വിലകല്‍പ്പിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ പറഞ്ഞു.
ഞായറാഴ്ചയുണ്ടായ പൊലിസ് സ്റ്റേഷന് ആക്രമണത്തില്‍ 3,000ത്തോളം പേര് ഉണ്ടായിരുന്നെന്നും 40 പൊലിസുകാര്‍ക്ക് പരുക്കേറ്റുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ നഷ്ടം പ്രതിഷേധക്കാരില്‍ നിന്നും ഈടാക്കുമെന്നും പരുക്കേറ്റ സ്റ്റേഷന് ഹൗസ് ഓഫീസറടക്കം ചികിത്സയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെ കേസ് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി.
വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സാധ്യമാകുന്നതെല്ലാം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ഞായറാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരേയും പ്രേരിപ്പിച്ചവരേയും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. ക്രമസമാധാനപ്രശ്നവും നിയമലംഘനവുമുണ്ടായാല് ആരും കോടതിയെ കാത്തിരിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു
Comments are closed for this post.