ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജെറ്റ് എയര്‍വേയ്‌സിനെ അദാനി ഗ്രൂപ്പ് സ്വന്തമാക്കും. എയര്‍ലൈന്‍ ബിസിനസ് മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് സൂചന. നേരത്തെ തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ ആറു രാജ്യാന്തര വിമാനത്താവളങ്ങളുടെ നടത്തിപ്പ് അധികാരം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.
സാമ്പത്തികമായി തകര്‍ന്നു പോയ ജെറ്റ് എയര്‍വേയ്‌സിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് നിന്ന് ഉടമകളായ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും അടുത്തിടെയാണ് രാജിവച്ചത്. മാര്‍ച്ച് 25ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിങ് ജെറ്റ് എയര്‍വേയ്‌സ് പുതിയ മാനേജ്‌മെന്റിന് കൈമാറാനുള്ള തീരുമാനം എടുത്തിരുന്നു.
കൂടാതെ താല്‍ക്കാലിക ചുമതല ബാങ്കിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മാനേജ്‌മെന്റ് കമ്മിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പുതിയ മാനേജ്‌മെന്റിനെ തേടിയുള്ള കരാര്‍ ക്ഷണിച്ചത്.
അഹമ്മദാബാദ്, ലക്‌നോ, ജയ്പൂര്‍, തിരുവനന്തപുരം, മംഗലാപുരം, ഗുവാഹട്ടി എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് ചുമതലയാണ് ഫെബ്രുവരിയില്‍ അദാനി ഗ്രൂപ്പ് നേടിയെടുത്തത്. ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് ജെറ്റ് എയര്‍വേയ്‌സ് സ്വന്തമാക്കാനായി അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
Comments are closed for this post.