2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരിച്ചടിക്ക് കാരണക്കാരായ ഹിൻഡൻബർഗിനെതിരെ നിയമ നടപടിക്ക് അദാനി ഗ്രൂപ്പ്

 

ന്യൂഡൽഹി: തന്റെ തിരിച്ചടിക്ക് കാരണക്കാരായ യു.എസ് സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിൻഡൻബർഗിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഹിൻഡൻബർഗിനെതിരെ അമേരിക്കയിലെ തന്നെ വാക്ടെൽ, ലിറ്റൺ, റോസൻ ആൻഡ് കാറ്റ്‌സ് എന്ന നിയമ സ്ഥാപനവുമായി ഇക്കാര്യത്തിൽ അദാനി ഗ്രൂപ്പ് ധാരണയിലെത്തി. നിയമ നടപടികൾ സംബന്ധിച്ച് വാക്ടെല്ലിലെ അഭിഭാഷകരുമായി ചർച്ച നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

കഴിഞ്ഞവർഷം 4,400 കോടി ഡോളറിന് ട്വിറ്റർ ഏറ്റെടുക്കുന്നതിനു മുന്നെയുള്ള ഘട്ടത്തിൽ, അതിന്റെ മാനേജ്‌മെന്റുമായുള്ള തർക്കത്തിൽ ശതകോടീശ്വരനായ എലോൺ മസ്‌കിന് നിയമസഹായം നൽകിയത് വാച്ച്‌ടെല്ലായിരുന്നു. പ്രമുഖ വാഹന നിർമാതാക്കളായ ടെസ്ലയുടെ ഡയറക്ടർ ബോർഡും ഓഹരിയുടമകളും തമ്മിലുള്ള തർക്കത്തിലും മസ്‌കിനും ടെസ്ല ബോർഡിനും വേണ്ടി നിയമോപദേശം നൽകിയതും വാച്ച്‌ടെല്ലാണ്. സങ്കീർണമായ വൻകിട ഇടപാടുകളുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് നിയമങ്ങളിൽ വൈദഗ്ധ്യമുള്ള ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

കോർപറേറ്റ് ഭരണനിർവഹത്തിൽ തട്ടിപ്പും ഗ്രൂപ്പ് ഓഹരികളുടെ മൂല്യം പെരുപ്പിച്ചു കാണിക്കുന്നുവെന്നും ആരോപിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളിൽ വലിയ നഷ്ടം നേരിട്ടിരുന്നു. സംഭവം രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഹിൻഡൻബർഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

അദാനി ഗ്രൂപ്പിന്റെ നിയമോപദേശകരായ സിറിൽ അമർചന്ദ് മംഗൾദാസിൽ നിന്നും വാച്ച്‌ടെല്ലിന്റെ അഭിഭാഷകർ, ഹിൻഡൻബർഗിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ചുവെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ മുൻനിര നിയമസേവന സ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസിനെ നയിക്കുന്നത് സിറിൾ ഷ്രോഫ് ആണ്. ഗൗതം അദാനിയുടെ മൂത്ത മകനെ വിവാഹം ചെയ്തിരിക്കുന്നത് ഷ്രോഫിന്റെ മകളുമായാമെന്നും ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.