
പുതിയ മൊഴി ദിലീപിന് അനുകൂലം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷി മൊഴി മാറ്റി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റെ സ്ഥാപനമായ ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് മുഖ്യസാക്ഷി. പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി മൊഴി മാറ്റിയത്.
പ്രതിയായ സുനില്‍കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പ്രധാനമൊഴികളിലൊന്നാണ് മുഖ്യസാക്ഷിയുടെ മൊഴി. അതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. പ്രതിയായ സുനില്‍കുമാര്‍ ദിലീപിനെ അന്വേഷിച്ച് ലക്ഷ്യയില്‍ വന്നിരുന്നുവെന്നായിരുന്നു മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ജോലിക്കാരനെ പൊലിസ് ചോദ്യം ചെയ്തപ്പോള്‍ നല്കിയ മൊഴി കോടതിയില്‍ എത്തിയപ്പോള്‍ മാറ്റുകയായിരുന്നു. പ്രതി സുനില്‍ കുമാര്‍ ‘ലക്ഷ്യ’യില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി.
കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. പൊലിസിന് നല്കിയ മൊഴി മാറ്റിയതിനെ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ പൊലിസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.