
നടപടി വന്‍ പ്രതിഷേധങ്ങള്‍ക്കു ശേഷം
മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്ത്തകന് ഫാ.സ്റ്റാന്‍ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്ട്രോയും സിപ്പര്‍ കപ്പും നല്‍കിതായി ജയില്‍ അധികൃതര്‍.
പാര്‍ക്കിന്‍സണ്‍സ് രോഗിയായ തനിക്ക് ഭക്ഷണം കഴിക്കാന്‍ സ്ട്രോയും സിപ്പര്‍ കപ്പും വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ ആറിന് സ്വാമി പ്രത്യേക കോടതിയില്‍ ഹരിജി നല്‍കിയിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തന്നെ അറസ്റ്റു ചെയ്തപ്പോള്‍ പിടിച്ചെടുത്ത സ്ട്രോയും സിപ്പര്‍ കപ്പും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റാന്‍ സ്വാമി പുനെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ വീട്ടുല്‍ നിന്ന് ഇവ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി കോടതിയില്‍ എന്‍.ഐ.എ സത്യവാങ്മൂലം നല്കി. ഇതോടെ സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ പുനെയിലെ പ്രത്യേക കോടതി തള്ളി. തുടര്‍ന്ന് ജയിലില്‍ സ്ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാന്‍ അനുമതി തേടി സ്വാമി വീണ്ടും കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ജയില്‍ അധികൃതരുടെ മറുപടി ആരാഞ്ഞ കോടതി ഹര്‍ജി ഡിസംബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ സ്വാമിക്ക് ഇവ അനുവദിക്കാത്തതില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സഹചര്യത്തിലാണ് സ്വാമിക്ക് ഇവ രണ്ടും അനുവദിച്ചിട്ടുണ്ടെന്ന്് അറിയിച്ച് ജയിലധികൃതര്‍ രംഗത്തെത്തിയത്. ശനിയാഴ്ച ജയില്‍ ചുമതലയുള്ള പൊലിസ് ജനറല്‍ ഇന്‍സ്പെക്ടറുടെ ജയില്‍ സന്ദര്‍ശനത്തിനിടെ സ്റ്റാന്‍ സ്വാമി സിപ്പര്‍ കപ്പ് ആവശ്യപ്പെട്ടതായും തങ്ങള്‍ അത് അനുവദിച്ചതായും അഡീഷനല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പൊലിസ് രാമാനന്ദ് അറിയിച്ചു. സ്റ്റാന്‍ സ്വാമിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച അഭിഭാഷകര്‍ തലോജ ജയിലി ലേക്ക് സിപ്പര്കപ്പകളും സ്ട്രോയും അയച്ചിരുന്നു.
സ്റ്റാന്‍ സ്വാമിക്ക് എല്ലാ സഹായങ്ങളും ജയിലില്‍ ലഭിക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞു. ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് നല്ല പരിചരണമാണ് നല്‍കുന്നതെന്നും ആവശ്യംവന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തിന് ചികിത്സ നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞമാസമാണ് അദ്ദേഹത്തെ അറസ്റ്റ്ചെയ്തത്.