തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് എതിരെ ബാര്‍ കൗണ്‍സിലിന് വീണ്ടും പരാതി നല്‍കി അതിജീവിത. അഭിഭാഷകന്‍ രാമന്‍പിള്ള ഉള്‍പ്പെടെയുള്ളവരുടെ നിയമവിരുദ്ധ ഇടപെടലുകളില്‍ അന്വേഷണം നടത്തി അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് നടി ഉയര്‍ത്തുന്നത്.
ഇ-മെയിലായി നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് രേഖാമൂലം പരാതി നല്‍കിയത്.
ദിലീപിന്റെ അഭിഭാഷകരായ ബി.രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന ആശങ്കയാണ് പരാതിയില്‍ ഉയര്‍ത്തുന്നത്. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരിട്ട് ബാര്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് അടച്ചു നല്‍കുന്ന പരാതിയില്‍ മാത്രമേ തുടര്‍നടപടി ഉണ്ടാകൂ എന്നതാണ് ചട്ടം. വിശദമായ നിയമ പരിശോധനകള്‍ക്ക് ഒടുവിലാണ് പരാതി തയ്യാറാക്കി കൈമാറിയത്.
പരാതിയുടെ 30 പകര്‍പ്പുകളും ഇംഗ്ലീഷ് പരിഭാഷയും കൈമാറിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പ് അംഗങ്ങള്‍ക്ക് കൈമാറും. തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായത്തിന് അനുസരിച്ചായിരിക്കും തുടര്‍ നടപടി. അതിജീവിതയുടെ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും.
Comments are closed for this post.