കൊച്ചി: ബ്രഹ്മപുരത്തെ തീപിടുത്തത്തിന് പിന്നാലെ ഇന്ന് കൊച്ചിയില്‍ പെയ്ത വേനല്‍മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് കണ്ടെത്തൽ. ശാസ്ത്ര ചിന്തകനായ ഡോ. രാജഗോപാല്‍ കമ്മത്താണ് ഇത് സംബന്ധിച്ച കണ്ടെത്തൽ പുറത്തുവിട്ടത്. ലിറ്റ്മസ് ടെസ്റ്റിലുടെയാണ് ആസിഡ് സാന്നിധ്യം തെളിയിച്ചത്. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവയ്ക്കുയും ചെയ്തു.
കൊച്ചിയിലെ വായുവില് രാസമലീനികരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്രമലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതനുസരിച്ച് ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 300 പോയിന്റ് കടന്നു നില്‍ക്കുമ്പോള്‍ ആയിരുന്നു ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം ഉണ്ടായത്. ഇത് ലോകാരോഗ്യ സംഘടന അനുവദിച്ച അളവ് 50 പോയിന്റില്‍ കൂടുതലാണ്. വായുവിലെ രാസമലിനീകരണം ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലേക്കും വ്യപിച്ചു.
അതേസമയം, ആദ്യ വേനല്‍മഴയില്‍ സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments are closed for this post.