കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ആരോഗ്യ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ അസി. പ്രഫസര്‍ ഡോ.സി.കെ.രമേശന്‍, മൂന്ന്, നാല് പ്രതികളായ സ്റ്റാഫ് നഴ്‌സുമാരായ എം.രഹന, കെ.ജി.മഞ്ജു എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി. കെ.സുദര്‍ശന്‍ മുന്‍പാകെ ഇന്ന് ഹാജരായത്. ചോദ്യം ചെയ്യലിനു പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ടാം പ്രതിയായ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. ഷഹന ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് എത്തിയില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. നാലുപേര്‍ക്കും സംഭവിച്ച അബദ്ധം മൂലമാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രികകുടുങ്ങിയതെന്നാണ് പൊലിസ് കണ്ടെത്തിയത്.
മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, കേസില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിനൊരുങ്ങുകയാണ്. ഈ മാസം 13ന് സെക്രട്ടറിയറ്റിന് മുന്നില്‍ ഏകദിന സത്യഗ്രഹം നടത്താനാണ് തീരുമാനം.
2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണു പൊലിസ് കണ്ടെത്തല്‍. 2017 ജനുവരി 27ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എം.ആര്‍.ഐ പരിശോധനയില്‍ കാണാത്ത ലോഹവസ്തുവാണ് 5 വര്‍ഷത്തിനുശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ഈ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആര്‍ട്ടറി ഫോര്‍സെപ്‌സ് ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയതെന്നു പൊലിസ് കണ്ടെത്തിയത്. സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇത്തരമൊരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിലെ റേഡിയോളജിസ്റ്റിന്റെ വാദം.
എന്നാല്‍, 9 അംഗ മെഡിക്കല്‍ ബോര്‍ഡില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് എസിപി കെ.സുദര്‍ശന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജയദീപ് എന്നിവര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ബോര്‍ഡിലെ ഡോക്ടര്‍മാര്‍ റേഡിയോളജിസ്റ്റിന്റെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. ഇതു പ്രകാരമാണ് കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്നു പറയാന്‍ പറ്റില്ലെന്നു ബോര്‍ഡ് തീരുമാനമെടുത്തത്. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിനു പൊലിസ് അപ്പീല്‍ നല്‍കുകയായിരുന്നു.
Comments are closed for this post.