2023 December 10 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വമ്പന്‍ അവസരം; ഇനിമുതല്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് യു.എസിലും കാനഡയിലും പ്രാക്ടീസ് ചെയ്യാം; പുതിയ നിയമം ഇങ്ങനെ

വമ്പന്‍ അവസരം; ഇനിമുതല്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് യു.എസിലും കാനഡയിലും പ്രാക്ടീസ് ചെയ്യാം; പുതിയ നിയമം ഇങ്ങനെ

ഇന്ത്യയില്‍ നിന്ന് വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി ചേക്കേറുന്ന വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സുകളിലൊന്നാണ് മെഡിക്കല്‍. എം.ബി.ബി.എസ്, നഴ്‌സിങ്, മറ്റ് അനുബന്ധ കോഴ്‌സുകള്‍ എന്നിവയ്ക്ക് വിദേശ നാടുകളില്‍ വമ്പിച്ച ഡിമാന്റാണ്. അതോടൊപ്പം പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും.

അത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ കരിയര്‍ ലക്ഷ്യം വെക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇനി മുതല്‍ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് യു.എസ്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ബിരുദാനന്തര പഠനവും പ്രാക്ടീസും നടത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണിത്.

പുതിയ നിയമം ഇങ്ങനെ

   

ഇന്ത്യയിലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) 10 വര്‍ഷത്തേക്ക് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ (ഡബ്ല്യൂ.എഫ്.എം.ഇ) അംഗീകാരത്തിന് അര്‍ഹത നേടിയതോടെയാണ് പുതിയ ആനുകൂല്യം ലഭിക്കുന്നത്. ഇതിലൂടെ യു.എസ്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവക്ക് പുറമെ ഡബ്ല്യൂ.എഫ്.എം.ഇ അംഗീകാരമുള്ള മറ്റ് രാജ്യങ്ങളില്‍ കൂടി ബിരുദാനന്തര പഠനവും പ്രാക്ടീസും നടത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

പുതിയ അക്രഡിറ്റേഷന് നേടിയതോടെ നിലവിലുള്ള 706 മെഡിക്കല്‍ കോളജുകളും ഡബ്ല്യൂ.എഫ്.എം.ഇ അംഗീകാരം നേടുകയും വരുന്ന 10 വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുന്ന പുതിയ മെഡിക്കല്‍ കോളജുകള്‍ സ്വയമേവ ഡബ്ല്യൂ.എഫ്.എം.ഇ അംഗീകാരം ലഭിക്കുകയും ചെയ്യും. കൂടാതെ ആഗോള തലത്തില്‍ മികച്ച രീതികളോടും മാനദണ്ഡങ്ങളോടും കൂടി യോജിപ്പിച്ച് ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള പദവിയും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‌ ലഭിക്കും.

പുതിയ തീരുമാനത്തിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ പുരോഗതിയും നവീകരണവും പ്രോത്സാഹിപ്പിക്കാനും മെഡിക്കല്‍ അധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ ഗുണനിലവാരം ഉറപ്പുനല്‍കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.

എന്താണ് ഡബ്ല്യൂ.എഫ്.എം.ഇ
ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണിനിലവാരം വര്‍ധിപ്പിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍. മനുഷ്യരാശിയുടെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി പരിശ്രമിക്കുക, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.