
കുറ്റ്യാടി: ഇന്നലെ കുറ്റ്യാടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഊരത്ത് വടക്കന്‍മണ്ണില്‍ നൗഷാദിന്റെ വിയോഗം വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാനിരിക്കെ. ദുബൈയില്‍ സ്വകാര്യകമ്പനി ജീവനക്കാരനായ നൗഷാദ് ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്.
ദ്രുതഗതിയില്‍ വീടുപണി പൂര്‍ത്തീകരിച്ച് രണ്ടു മാസത്തിനകം താമസിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ മകനെ ബൈക്കില്‍ സ്കൂളില്‍ ഇറക്കിയശേഷം കണ്ണു ഡോക്ടറെ കാണാന്‍ പോകവെയാണ് ആകസ്മിക മരണം. കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും നൗഷാദ് സഞ്ചരിച്ച ബൈക്കും കൂട്ടിയിട്ടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നൗഷാദിനെ ഉടന്‍ കുറ്റ്യാടി ഗവ: ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുറ്റ്യാടിനാദാപുരം സംസ്ഥാന പാതയില്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫിസിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മാതാവ് മറിയം ഏതാനും വര്‍ഷം മുന്‍പാണ് മരണപ്പെട്ടത്.
എല്ലാവരോടും ഏറെ സ്നേഹത്തോടെ പെരുമാറിയിരുന്ന നൗഷാദിന്റെ പെട്ടെന്നുള്ള വിയോഗം സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും തീരാ വേദനയായി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുറ്റ്യാടി ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്ക്കാരത്തില്‍ നിരവധി പേര് പങ്കെടുത്തു.