
റിയാദ്: സഊദിയിലെ ജിസാനിൽ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ട് വന്ന ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി മലയാളി മരിച്ചു. കണ്ണൂർ കിളിയന്തറ പെരുങ്കാരി നടുവിൽ പുരയിടത്തിൽ ജോസഫിന്റെയും ലില്ലി തോമസിന്റെയും മകൻ ലിബിൻ തോമസാ(28)ണ് മരിച്ചത്. ജിസാൻ-അബൂഅരീഷ് റോഡിലുള്ള സ്കൂൾ ബസുകളുടെ വർക്ക് ഷോപ്പിൽ രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബസ് വർക്ക്ഷോപ്പിൽ ജോലിയിലായിരുന്ന ലിബിൻ തോമസിന്റെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിബിൻ തോമസിനെ ഉടൻ തൊട്ടടുത്തുള്ള കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറായ സുഡാനി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫഹിൽ ട്രാൻസ്പോർട്ടിംഗ് കമ്പനിയുടെ ജിസാൻ ശാഖയിൽ മെക്കാനിക്കായിരുന്നു ലിബിൻ തോമസ്. മൂന്നു വർഷമായി ജിസാനിൽ ജോലി ചെയ്തു വരികയായിരുന്നു.
ജോസിയാണ് ഭാര്യ. എട്ട് മാസം മുമ്പാണ് വിവാഹിതനായത്. കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും ജിസാനിലെ സമൂഹിക പ്രവർത്തകരെയും ബന്ധപ്പെട്ട് നിയമനപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.