2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അസഭ്യം പറഞ്ഞതിന്റെ പേരിൽ ഒരാളെ ജോലിയിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

അസഭ്യം പറഞ്ഞതിന്റെ പേരിൽ ഒരാളെ ജോലിയിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അസഭ്യം പറഞ്ഞത് ഗൗരവകരമായ കുറ്റമായി കണ്ട് ഒരാളെ ജോലിയിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. അസഭ്യം പറഞ്ഞു​വെന്നത് ഗൗരവമായ കുറ്റമല്ല. കുറ്റത്തിന്റെ ഗൗരവം, ജീവനക്കാരന്റെ ഇതുവരെയുള്ള പെരുമാറ്റം എന്നിവ കണക്കിലെടുത്ത് വേണം ഒരാളെ ജോലിയിൽ നിന്ന് നീക്കാൻ എന്നും ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് ആർ. കലൈമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാരന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പുതുച്ചേരി ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് ഫാക്ടറി ജീവനക്കാരൻ എസ്. രാജയാണ് ഹർജി സമർപ്പിച്ചത്.

2009-ലാണ് കേസിനാസ്പദമായ സംഭവം. തൊഴിലാളി സംഘടന നേതാവ് കൂടിയായ രാജ കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കിടെ അസഭ്യം പറയുകയായിരുന്നു. കമ്പനി മാനേജർ, മറ്റൊരു ജീവനക്കാരൻ എന്നിവരെയാണ് അസഭ്യം പറഞ്ഞത്. ഇതിന്റെ പേരിൽ രാജയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

ഇതേതുടർന്ന് രാജ ലേബർ കോടതിയെ സമീപിച്ചു. ലേബർ കോടതി കമ്പനിയുടെ നടപടി റദ്ദാക്കുകയും ജോലിയിൽ നിന്നും മാറ്റി നിർത്തിയ കാലത്തെ 50 ശതമാനം വേതനം നൽകാനും ഉത്തരവിറക്കി.

ഇതിനെതിരെ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ പരിഗണിച്ച മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ലേബർ കോടതി ഉത്തരവ് റദ്ദാക്കി. സിംഗിൾ ബെഞ്ച് വിധിക്കെതിരെ രാജ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇതിന്റെ വിധിക്കിടെയാണ് കോടതി നിലവിലെ പരാമർശം നടത്തിയത്.

അതേസമയം, രാജയെ തിരിച്ചെടുക്കാനുള്ള വിധി ശരിവെച്ച ഹൈക്കോടതി, ജോലിയിൽ നിന്ന് മാറ്റിനിർത്തി കാലത്തെ വേതനത്തിന്റെ പകുതി നൽകണമെന്ന ലേബർ കോടതിയുടെ ഉത്തരവിലെ വ്യവസ്ഥ റദ്ദാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.