അബുദാബി: 13 ഇന്ത്യൻ പൗരന്മാരെയും അവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളും കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങൾ നടത്തിയതായി അബുദാബി കോടതി കണ്ടെത്തി. ഏഴ് കമ്പനികളാണ് കുറ്റക്കാർ. പ്രതികളിൽ നാല് പേരെ 5 മുതൽ 10 വർഷം വരെ തടവിനും പിന്നീട് നാടുകടത്താനും കോടതി വിധിച്ചു. 5 ദശലക്ഷം മുതൽ 10 ദശലക്ഷം ദിർഹം പിഴയും അടയ്ക്കണം. ഇതിന് ശേഷമാകും നാടുകടത്തുക.
യോഗ്യതയുള്ള അധികാരികളിൽ നിന്ന് ലൈസൻസ് നേടാതെ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മുഖേനയുള്ള ക്രെഡിറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് സാമ്പത്തിക പ്രവർത്തനം നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനായി ലൈസൻസില്ലാത്ത ഒരു കമ്പനി പ്രതികൾ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി തങ്ങളുടെ ഉടമസ്ഥയിലുള്ള ട്രാവൽ ഏജൻസീസിന്റെ ഹെഡ്ക്വാർട്ടേഴ്സാണ് ഇവർ ഉപയോഗിച്ചിരുന്നത്.
പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ചെറിയ കാലയളവിനുള്ളിൽ വലിയ തോതിൽ പണമിടപാട് നടന്നതായി ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റ് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആകെ തുക 510 ദശലക്ഷം ദിർഹമാണെന്നാണ് വിവരം.
പിടിച്ചെടുത്ത പണം കണ്ടുകെട്ടാനും ശിക്ഷിക്കപ്പെട്ടവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കമ്പനികൾക്ക് 10 ദശലക്ഷം ദിർഹം വീതം പിഴ ചുമത്തിയിട്ടുണ്ട്.
Comments are closed for this post.