
കല്‍പ്പറ്റ: അന്തരിച്ച എസ്.വൈ.എസ് സംസ്ഥാന ട്രഷററും സുപ്രഭാതം ഡയറക്ടര്‍ േബാര്‍ഡ് അംഗവുമായിരുന്ന പിണങ്ങോട് അബൂബക്കര്‍ ഹാജിക്ക് നാട് യാത്രാമൊഴിയേകി. തിങ്കളാഴ്ച വൈകിട്ട് 6.14ന് കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണത്തെ പുല്കിയ പിണങ്ങോടിന്റെ ജനാസ 7.30ഓടെയാണ് വീട്ടിലെത്തിച്ചത്. എസ്.എം.എഫ് വയനാട് ജനറല്‍ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി, എസ്.വൈ.എസ് വയനാട് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിണങ്ങോട് മുക്കിലെ വീട്ടിലേക്ക് കൊണ്ടുപോയത്.
വീട്ടില്‍ ജനാസയെത്തുന്നതിന് മുന്‍പ് തന്നെ പ്രിയപ്പെട്ട നാട്ടുകാരനെ ഒരുനോക്ക് കാണാന്‍ നിരവധി ആളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാല്‍ വീട്ടില്‍ ജനാസ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് അവിടെതന്നെ നമസ്കാര സൗകര്യമൊരുക്കിയിരുന്നു. രാത്രി ഒന്‍പത് മുതല്‍ ഇടമുറിയാതെയുള്ള മയ്യിത്ത് നമസ്കാരങ്ങള്‍ക്കാണ് പിണങ്ങോടിന്റെ ഭവനം സാക്ഷിയായത്. രാവിലെ 8.30ന് ജനാസ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് എടുക്കുന്നത് വരെ ഇത് തുടര്‍ന്നു. തുടര്‍ന്ന് മസ്ജിദിലും നമസ്കാരവും പ്രാര്‍ഥനകളും തുടര്‍ന്നു. 9.30ന് സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാരുടെ നേതൃത്വത്തിലായിരുന്നു അവസാന നമസ്കാരം നടന്നത്.
എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, വി മൂസക്കോയ മുസ്ലിയാര്, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്, അബ്ദുസമദ് പുക്കോട്ടൂര്‍, ഹസന് സഖാഫി പൂക്കോട്ടൂര്‍, പുത്തനഴി മൊയ്തീന് ഫൈസി, അബ്ദുസലാം ഫൈസി മുക്കം, സി.എച്ച് മഹ്മൂദ് സഅദി, സലീം എടക്കര, സമസ്ത മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുറസാഖ് ബുസ്താനി, സി.എം കുട്ടി സഖാഫി, സി.ടി അബ്ദുല്‍ഖാദിര്‍ തൃക്കരിപ്പൂര്‍, ഒ.സി.പി ഇഖ്ബാല്‍, മുജീബ് ഫൈസി പൂലോട്, കബീര്‍ ഫൈസി ചെമ്മാട് തുടങ്ങിയവര്‍ വീട്ടിലും മസ്ജിദിലുമായി എത്തി നമസ്കാരത്തിനും പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്കി. 9.50ഓടെ ജനാസ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെത്തിച്ചു. 10.15ഓടെ പിണങ്ങോടെന്ന ഗ്രാമത്തിന്റെ യശസ് മാലോകരെ അറിയിച്ച പിണങ്ങോട് അബൂബക്കര്‍ ഹാജി മണ്ണിലേക്ക് ചേര്‍ന്നു.