തിരുവനന്തപുരം: സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി മുന്‍ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെ.ജെ.അഭിജിത്തിന്റെ ശബ്ദസന്ദേശം. എസ്.എഫ്.ഐ നേതാവായി തുടരാന്‍ യഥാര്‍ഥ പ്രായം മറച്ചുവെക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ നിര്‍ദ്ദേശിച്ചതായി അഭിജിത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലുണ്ട്. പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ പക്കലുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.
”26 വരെയേ എസ്എഫ്‌ഐയില്‍ നില്‍ക്കാന്‍ പറ്റൂ. ഈ വര്‍ഷം എനിക്ക് 30 ആയി. ഞാന്‍ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വര്‍ഷങ്ങളിലെ എല്ലാം സര്‍ട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാന്‍ നാഗപ്പന്‍ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാന്‍ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാന്‍ ആരുമില്ലാത്തതിനാല്‍ മനസ്സു മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ”- അഭിജിത്തിന്റെ പേരിലുള്ള ഓഡിയോയില്‍ പറയുന്നു.
സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചതിന്റെ പേരില്‍ അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെജെ അഭിജിത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടപടിയെടുത്തത്. അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സിപിഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
Comments are closed for this post.