ബംഗലുരു: ഗുരുതര രോഗാവസ്ഥയിലുള്ള പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ക്രിയാറ്റിൻ അളവിൽ വലിയ വർധന ഉള്ളതിനാൽ വൃക്ക മാറ്റിവെക്കേണ്ട അവസ്ഥയിലാണ് നിലവിൽ മഅ്ദനി ഉള്ളത്. അതിനാൽ ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നാണ് മഅ്ദനിയുടെ ആവശ്യം.
നേരത്തെ മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ മഅ്ദനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കർണാടകയിലെ അന്നത്തെ ബിജെപി സർക്കാർ കടുത്ത ജാമ്യവ്യവസ്ഥ വെച്ചതിനാൽ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സാധിച്ചിരുന്നില്ല. ഒടുവിൽ കർണാടകയിൽ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ് അധികാരത്തിൽ വന്നതോടെയാണ് മഅ്ദനിക്ക് കേരളത്തിൽ വരാനായത്. പക്ഷേ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നതിനാൽ അദ്ദേഹത്തിന് വീട്ടിലേക്ക് പോകാനായില്ല.
സുരക്ഷാ ചെലവിനായി കർണാടകയിലെ ബിജെപി സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. ശേഷം കോൺഗ്രസ് സർക്കാരിന്റെ ഇടപെടലിൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് മഅ്ദനി വന്നത്. എന്നാൽ കൊച്ചിയിൽ വിമാനമിറങ്ങി നേരെ ആശുപത്രിയിലേക്കാണ് അദ്ദേഹത്തിന് പോകേണ്ടി വന്നത്. ഇതോടെ അൻവാർശേരിയിലേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങി തിരിച്ച് പോവുകയായിരുന്നു.
സുപ്രിം കോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മഅ്ദനി അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നുംമഅ്ദനി സുപ്രിം കോടതിയിൽ ആവശ്യപ്പെടും. സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിക്കാനായി സമയം ചോദിച്ചതിനെ തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്.
Comments are closed for this post.