ബംഗളൂരു: സ്ഥിരമായി കേരളത്തില്‍ കഴിയാന്‍ സുപ്രിം കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി വ്യാഴാഴ്ച നാട്ടിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മഅ്ദനി കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോകും.
ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, ഉപ്പയെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി.
കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയില്‍ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞദിവസം ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കല്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ ഹാജരാകണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണം.ചികിത്സ ആവശ്യത്തിന് കൊല്ലം ജില്ല വിടാനും അനുവാദമുണ്ട്. എറണാകുളത്തെ ചികിത്സ കണക്കിലെടുത്താണ് കോടതിയുടെ ഈ തീരുമാനം. വിചാരണ പൂര്‍ത്തിയായത് കണക്കിലെടുത്താണ് 2014 ജൂലൈ 11ന് പുറപ്പെടുവിച്ച ജാമ്യവ്യവസ്ഥയില്‍ പരിഷ്‌കരണം വരുത്തി ഉത്തരവിടുന്നതെന്നും ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ തീര്‍പ്പാക്കുന്നതായും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
മഅ്ദനിയുടെ വിസ്താരം പൂര്‍ത്തിയായ സാഹചര്യമാണെന്ന് സുപ്രിം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ തിരികെ എത്തണം. കേരളത്തിലേക്ക് മഅദനിക്ക് കര്‍ണാടക പൊലിസ് അകമ്പടി പോകേണ്ടതില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. ചികിത്സയ്ക്ക് ബംഗൂളുരുവിലാണ് സൗകര്യമുള്ളതെന്ന കര്‍ണാടക സര്‍ക്കാര്‍ വാദം സുപ്രീം കോടതി കണക്കിലെടുത്തില്ല.
Comments are closed for this post.