2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തെരഞ്ഞെടുപ്പ് അടുത്തു; വീണ്ടും മൃദുഹിന്ദുത്വ കാര്‍ഡിറക്കി കെജ്‌രിവാളും എ.എപിയും

നിഷാദ് അമീന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും ഗുജറാത്ത് നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും വീണ്ടും മൃദുഹിന്ദുത്വ കാര്‍ഡിറക്കി രംഗത്തെത്തി. രാജ്യത്തിന്റെ കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് കെജ്‌രിവാളിന്റെ പുതിയ ആഹ്വാനം. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടന്‍ കത്തയക്കുമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. താന്‍ ഒരു കടുത്ത ഹിന്ദു ഭക്തനാണെന്ന് അറിയിക്കാന്‍ കെജ്‌രിവാളില്‍ നിന്ന് ഇടയ്ക്കിടെ ഉണ്ടാവാറുള്ള കൃത്യവും പ്രകടവുമായ നടപടികളുടെ തുടര്‍ച്ചയാണിത്.

ദേവന്‍മാരുടെയും ദേവതകളുടെയും അനുഗ്രഹമില്ലെങ്കില്‍ ചിലപ്പോള്‍ എത്ര പരിശ്രമിച്ചാലും നമുക്ക് ലക്ഷ്യംനേടാന്‍ സാധിക്കില്ലെന്നും കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് മോദിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് കൂപ്പുകുത്തിയതിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും ഇന്തോനേഷ്യക്ക് പറ്റുമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ സാമ്പത്തിക നില ഭദ്രമാക്കാന്‍ പരിശ്രമങ്ങള്‍ക്കൊപ്പം ദൈവത്തിന്റെ അനുഗ്രഹവും വേണമെന്നും അദ്ദേഹം വിശദീകരിച്ചു.
മൃതുഹിന്ദുത്വ കാര്‍ഡിറക്കി ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരെ വലവീശുന്ന തന്ത്രം ആദ്യമായല്ല എ.എ.പി പയറ്റുന്നത്. ഗോവയില്‍ പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം ഉള്‍പ്പെടെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. കാമറ സംഘങ്ങളെ കൂട്ടി അനുയായികള്‍ക്കൊപ്പം പലതവണ അയോധ്യയിലെത്തുകയും ചെയ്തിരുന്നു. ഡല്‍ഹി കലാപവേളയിലും പൗരത്വ വിഷയങ്ങളിലും സമാന സമീപനം നാം കണ്ടതാണ്. ഗോമാംസ നിരോധനം, തല്ലിക്കൊല്ലല്‍, ന്യൂനപക്ഷ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റും കൈയേറല്‍, ചരിത്രത്തേയും സ്ഥാപനങ്ങളേയും വികലമാക്കല്‍, ബുള്‍ഡോസര്‍ രാജ് തുടങ്ങിയ വിഷയങ്ങളിലും എ.എ.പി ബോധപൂര്‍വമായ അകലംപാലിച്ചു. മുസ്‌ലിം വിഷയങ്ങളുണ്ടാവുമ്പോഴെല്ലാം ഡല്‍ഹി ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന കാര്യം ചൂണ്ടിക്കാട്ടി നിലപാടുകള്‍ സ്വീകരിക്കാതെ ഒഴിയുകയാണ് പതിവ്. സംഘപരിവാരത്തിന്റെ വര്‍ഗീയ അജണ്ടകളെ നേര്‍ക്കുനേര്‍ എതിരിടാതെ മൗനംപാലിക്കുകയാണ് എ.എ.പിയുടെ എക്കാലത്തേയും സമീപനം.

തീവ്രഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തിലേക്ക് എ.എ.പി എത്തിയപ്പോള്‍ മൃദുഹിന്ദുത്വ കാര്‍ഡ് കൂടുതല്‍ പ്രകടമായി. പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോഴെല്ലാം പ്രധാന അമ്പലങ്ങളിലെല്ലാം പോവുകയും അതിന് ആവശ്യത്തിലധികം പബ്ലിസിറ്റി നല്‍കാന്‍ ശ്രദ്ധിച്ചതും കൂട്ടിവായിക്കാം. ഗുജറാത്തിലെ ഭാവ്‌നഗറിലെ രാജാവായിരുന്ന കൃഷ്ണകുമാര്‍ സിന്‍ഹിനെ ഭാരതരത്‌ന നല്‍കി രാജ്യം ആദരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയപ്പോള്‍ ഇക്കാര്യത്തില്‍ കുറേക്കൂടി പാര്‍ട്ടി ജാഗ്രത പുലര്‍ത്തി.

കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബി.ജെ.പിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള തുറുപ്പ്ചീട്ടാണ് എ.എ.പിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വളരെ മുമ്പ് തന്നെ വിലയിരുത്തിയിരുന്നു. നിയമസഭയിലേക്ക് എ.എ.പിയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തിലേറ്റിയ ഡല്‍ഹി നിവാസികള്‍ തന്നെ തൊട്ടുപിന്നാലെ ലോക്‌സഭയിലേക്ക് ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയത് ചേര്‍ത്തുവായിക്കേണ്ടതാണ്. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനെതിരേ ബി.ജെ.പിക്ക് ക്ലച്ച് പിടിക്കാന്‍ ഒരു വഴിയുമില്ലാതായപ്പോള്‍ അവിടെ എ.എ.പിയിലൂടെ കാര്യങ്ങള്‍ സാധിപ്പിച്ചുവെന്നാണ് ആരോപണം. ഇതുവഴി കോണ്‍ഗ്രസിനെ ക്ഷയിപ്പിക്കാനും ബി.ജെ.പിക്ക് രാജ്യസഭയില്‍ മൃഗീയഭൂരിപക്ഷം നേടാനും അവസരമൊരുങ്ങി.
ഗുജറാത്തില്‍ ബി.ജെ.പിക്കെതിരേ ഭരണവിരുദ്ധവികാരം ശക്തമായതോടെ ബി.ജെ.പിയുടെ രക്ഷകനായി എ.എ.പി അവതരിപ്പിക്കപ്പെടുന്നുവെന്നാണ് ആരോപണം. ശക്തി സംഭരിച്ചുവരുന്ന കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ എ.എ.പിയുടെ മല്‍സരം ഇടയാക്കിയാല്‍ ആത്യന്തികമായി ഗുണംചെയ്യുക ബി.ജെ.പിക്കായിരിക്കും. കെജ്‌രിവാള്‍ ഹിന്ദുത്വ മതഭ്രാന്തിനോട് ഭീരുത്വംനിറഞ്ഞ നിലപാട് സ്വീകരിക്കുന്നുവെന്ന് ആദ്യം ആക്ഷേപിച്ചത് അദ്ദേഹത്തോടൊപ്പം മുമ്പ് പ്രവര്‍ത്തിച്ച സെക്കുലര്‍ ആക്റ്റിവിസ്റ്റുകളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവുമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.