2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പാര്‍ട്ടി വിടേണ്ട; ആപിനായി പണിയെടുക്കൂ… ഗുജറാത്തിലെ ബി.ജെ.പിക്കാരോട് കെജ്‌രിവാള്‍

രാജ്‌കോട്ട്: സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ അംഗത്വം രാജിവയ്ക്കാതെ തന്നെ ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആഹ്വാനം. ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തിന് പര്യവസാനം കുറിച്ച് രാജ്‌കോട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എ.എ.പി നേതാവിന്റെ അഭ്യര്‍ത്ഥന. ബി.ജെ.പിയില്‍ നിന്ന് കിട്ടുന്ന പണം നഷ്ടപ്പെടുത്താതെ പണിയെടുത്താല്‍ മതിയെന്ന പ്രസ്താവന എതിരാളികളെ ചൊടിപ്പിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ്. എ.എ.പിയിലേക്ക് പോകുന്നവരെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സൗജന്യ വിദ്യാഭ്യാസവും ആരോഗ്യവും വൈദ്യുതിയും ബി.ജെ.പി വാഗ്ദാനം ചെയ്യില്ല. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കും. അതിന് ഞങ്ങളുടെ കൈയില്‍ പണമില്ല. ബി.ജെ.പി നേതാക്കളെ ഞങ്ങള്‍ക്കു വേണ്ട. അവരെ ബി.ജെ.പി തന്നെയെടുക്കട്ടെ. എന്നാല്‍ ഓരോ ബൂത്തുകളിലെയും വില്ലേജുകളിലെയും താലൂക്കുകളിലെയും പ്രവര്‍ത്തകര്‍ പുതിയ മാറ്റങ്ങള്‍ക്കായി പണിയെടുക്കണമെന്ന് കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു.

അടുത്ത വര്‍ഷം ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു കൈ നോക്കാന്‍ കച്ചമുറുക്കുകയാണ് എ.എ.പി. ഏതാനും ദിവസം മുമ്പും കെജ്‌രിവാളും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഗുജറാത്തിലെത്തിയിരുന്നു. സംസ്ഥാനത്ത് എ.എ.പി നല്ല ചലനങ്ങളുണ്ടാക്കുന്നതിന്റെ സൂചനകള്‍ പ്രകടമാണ്. ആവനാഴിയിലെ അവസാന അസ്ത്രങ്ങളുമെടുത്താണ് ബി.ജെ.പി പ്രതിരോധിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി സിസോദിയക്കെതിരേ കേസെടുത്തത് ഇതിന്റെ ഭാഗമാണെന്നാണ് ആപിന്റെ ആരോപണം. ഡല്‍ഹിക്കും പഞ്ചാബിനും ശേഷം ഗുജറാത്തില്‍ കൂടി സാന്നിധ്യമറിയിച്ച് കയ്യെത്തുംദൂരത്തുള്ള ദേശീയ പാര്‍ട്ടി പദവി നേടിയെടുക്കാനാണ് എ.എ.പിയുടെ നീക്കങ്ങള്‍. നിരവധി സൗജന്യങ്ങള്‍ പ്രഖ്യാപിച്ചാണ് എ.എ.പിയുടെ പ്രചാരണപരിപാടികള്‍ മുന്നേറുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.