2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആം ആദ്മി നടപ്പാക്കുന്നത് ആരുടെ അജൻഡകൾ?

ഹിന്ദുത്വരാഷ്ട്രീയ തന്ത്രങ്ങളിൽ ബി.ജെ.പിയേക്കാൾ പ്രാവീണ്യം തങ്ങൾക്കാണെന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരന്തരമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആം ആദ്മി പാർട്ടി. പല അവസരങ്ങളിലായി ആം ആദ്മിയുടെ മൃദുഹിന്ദുത്വ സമീപനങ്ങൾ പുറത്തുവരുന്നത് ഇതിന്റെ തെളിവാണ്. അയോധ്യ തീർഥാടനം മുതിർന്ന പൗരന്മാർക്ക് സൗജന്യമാക്കുന്നു എന്ന പ്രഖ്യാപനത്തിൽ തുടങ്ങി കെജ്‌രിവാളിന്റെ ഹനുമാൻ കീർത്തനാലാപനം, പഞ്ചാബ് തെരഞ്ഞെടുപ്പിലെ ആം ആദ്മി വിജയത്തിനുശേഷം ഹനുമാൻ ക്ഷേത്രം സന്ദർശിച്ചുവെന്ന കെജ്‌രിവാളിന്റെ പ്രസ്താവന, ഡൽഹി കലാപത്തിലെ സംശയാസ്പദ മൗനം, കലാപത്തിനുപിന്നിൽ റോഹിംഗ്യൻ മുസ്‌ലിംകളാണെന്ന എ.എ.പി നേതാവ് അദിശി മാർലേനയുടെ വാദം എന്നിവയിൽ എത്തിനിൽക്കുന്നു ആം ആദ്മിയുടെ ഹിന്ദുത്വ നിലപാടുകൾ. കഴിഞ്ഞയാഴ്ച ലോകശക്തികളിൽ ഇന്ത്യയെ ഒന്നാമതാക്കാനുള്ള കാംപയിന് തുടക്കം കുറിച്ചിരിക്കയാണ് അരവിന്ദ് കെജ്‌രിവാൾ. ആർ.എസ്.എസിന്റെ ദേശീയത, ദേശാഭിമാന രാഷ്ട്രീയായുധങ്ങളെ തന്റെ പടക്കോപ്പുകളിലേക്ക് സ്വരുക്കൂട്ടിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പുതിയ പരിപാടി. ഇന്ത്യയെ ലോകത്തു തന്നെ ഒന്നാമതാക്കുക എന്നതും ഇന്ത്യയാണ് ‘വിശ്വഗുരു’ എന്ന ആർ.എസ്.എസ് ആശയവും ഒരേപാതയിൽ, രണ്ടുപേരിൽ സഞ്ചരിക്കുന്ന ഒരൊറ്റ ആശയമാണ്.

ആർ.എസ്.എസിനു പഠിക്കുന്നു

ആധുനിക ലോകം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ പ്രാപ്തിയുള്ള ലോകഗുരു സ്ഥാനത്തേക്ക് ഇന്ത്യയെ എത്തിക്കുന്നതാണ് ആർ.എസ്.എസ് ലക്ഷ്യമെന്ന് അവർ പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ലോക പ്രശ്‌നപരിഹാരം ഹിന്ദുക്കളുടെ ദൈവനിയോഗ (ഈശ്വർപ്രദത്ത)മാണെന്നും ഇവർ വാദിക്കുന്നു. യഥാർഥത്തിൽ വൻശക്തി എന്നതിനെ ഒന്നു മയപ്പെടുത്തി ‘വിശ്വഗുരു’ ആയി അവതരിപ്പിക്കുകയാണ് ആർ.എസ്.എസ്. ഇത്തരം നിരുപദ്രവകരമെന്നു തോന്നുന്ന പദപ്രയോഗങ്ങളിലൂടെ ആർ.എസ്.എസിന്റെ ശുഷ്‌കവും സങ്കീർണവുമായ ആശയങ്ങളെ സമൂഹത്തിലെത്തിക്കാനുള്ള ഹിന്ദുത്വ തന്ത്രമാണിത്. ഇന്ത്യയുടെ പല മഹത്തായ ആശയങ്ങളും ലോകത്തിനു മുമ്പിലെത്തേണ്ടതുണ്ടെന്നും എന്നാൽ ചെറുശക്തിയായ ഇന്ത്യയെ ആരും പരിഗണിക്കുന്നില്ലെന്നതും ആർ.എസ്.എസിന്റെ സ്ഥിരം പല്ലവിയാണ്. അതിനാൽ ഇന്ത്യ ശക്തിയാർജിച്ച് വൻശക്തിയായി മാറേണ്ടതുണ്ടെന്നാണ് ആർ.എസ്.എസ് വിഭാവന ചെയ്യുന്നത്. അഥവാ ഇന്ത്യ ‘വിശ്വഗുരു’ എന്ന സ്ഥാനം നേടുന്നതിൽ സാമ്പത്തിക ശക്തി മാത്രമല്ല ഉൾക്കൊള്ളുന്നത്. ആയുധ-സൈന്യശക്തിയിലും വൻശക്തിയായി മാറേണ്ടതുണ്ടെന്നും ഇതുവഴി ആർ.എസ്.എസ് ലക്ഷ്യമാക്കുന്നു. ആർ.എസ്.എസ് രൂപീകരിക്കപ്പെട്ട വിജയദശമി ദിനത്തിൽ സ്വയംസേവകർ ആയുധപൂജ നടത്തുന്നത് നിസ്സാരലക്ഷ്യങ്ങളോടെയല്ലെന്നും തികഞ്ഞൊരു ആചാരോപചാരം മാത്രമല്ല ഈ ചടങ്ങ് എന്നതുമാണ് ഇവിടെ വ്യക്തമാവുന്നത്.

‘ലോകത്തിലെ തന്നെ ബുദ്ധിമാന്മാരാണ് ഇന്ത്യാക്കാർ, ദൈവം അങ്ങനെയാണ് അവരെ സൃഷ്ടിച്ചിരിക്കുന്നത്’. കെജ്‌രിവാളിന്റെ ഈ ഭാഷണം ആർ.എസ്.എസ് കർണങ്ങൾക്ക് സുഭാഷണം തന്നെയാണെന്ന് പറയാതെ വയ്യ. ഭാരതത്തിൽ വേരുകളുള്ളവരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള കെജ്‌രിവാളിന്റെ ‘ബുദ്ധിമാൻ’ പ്രയോഗം ആർ.എസ്.എസിന്റെ ‘ആരാണ് ഹിന്ദു?’ എന്ന ആശയത്തിൽ നിന്ന് വ്യത്യസ്തമെന്നു പറഞ്ഞുകൂടാ. ഇതേ ചടങ്ങിൽവച്ച് ആർ.എസ്.എസിന്റെ ആവനാഴിയിലെ മറ്റൊരു അമ്പ് കൂടി തന്റെ വില്ലിൽ തൊടുത്തിട്ടുണ്ട് കെജ്‌രിവാൾ. ‘1947ൽ തന്നെ ഇന്ത്യക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾക്കായി ഭീമമായ നിക്ഷേപങ്ങൾ വേണമായിരുന്നു. എന്നാൽ അവരത് ചെയ്തില്ല. കഴിഞ്ഞ എഴുപത്തിയഞ്ച് വർഷമായി ഈ രാജ്യത്തെ കൊള്ളയടിക്കുക മാത്രമാണ് അവർ ചെയ്തത്’. ജവഹർലാൽ നെഹ്‌റുവെന്ന് ഡൽഹി മുഖ്യമന്ത്രി പേരെടുത്തു പറഞ്ഞില്ലെങ്കിലും ഹിന്ദുത്വരുടെ സ്ഥിരം വിമർശനപാത്രമായ നെഹ്‌റുവിനെതിരേ തന്നെയായിരുന്നു കെജ്‌രിവാളിന്റെ ശരപ്രയോഗം എന്നതു വ്യക്തമാണ്.

നിലനിൽപ്പ് ആരുടെ
പിൻബലത്തിൽ

ആം ആദ്മി ഒരു രാഷ്ട്രീയ സംഘടനയായി രൂപാന്തരം പ്രാപിക്കുന്നതിനു മുമ്പ് ശൈശവഘട്ടം അഴിമതിക്കെതിരേ ഇന്ത്യ (ഇന്ത്യ എഗയിൻസ്റ്റ് കറപ്ഷൻ) എന്ന പേരിലുള്ളൊരു ജനകീയ പ്രസ്ഥാനമായിരുന്നു. ദ്രുതവേഗത്തിലുള്ള ഈ പ്രസ്ഥാനത്തിന്റെ കടന്നുവരവും വളർച്ചയും നിരീക്ഷിച്ചുകൊണ്ട് ഇവർക്ക് സംഘ്പരിവാർ പിൻബലമുണ്ടെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഈ അഭ്യൂഹങ്ങൾ ഉയർന്നുകേട്ടത്, ആം ആദ്മിയുടെ സ്ഥാപക അംഗങ്ങളിലൊരാളായ പ്രശാന്ത് ഭൂഷൺ പാർട്ടി വിട്ടതിനുശേഷം നൽകിയ ഒരു ചാനൽ അഭിമുഖത്തിനു ശേഷമാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റേയും ചില രാഷ്ട്രീയ അജൻഡകൾക്കായി അവർ തന്നെ താങ്ങിനിർത്തുകയാണ് ആം ആദ്മിയെ എന്ന് പാർട്ടിയിൽ നിന്ന് പുറത്തുവന്ന പ്രശാന്ത് ഭൂഷൺ വെളിപ്പെടുത്തി. 2019ലെ ഡൽഹി ലോക്‌സഭാ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഇരുധ്രുവങ്ങളിലായി നിന്നിരുന്ന വോട്ടർമാർ പൊടുന്നനെ കാലുമാറിയത് അത്ഭുതമെന്നു പറഞ്ഞ് തള്ളാനാവില്ല. വലിയൊരു വിഭാഗം ഹിന്ദുത്വ വോട്ട് ആം ആദ്മിയുടെ പെട്ടിയിൽ വീഴാതെ ആം ആദ്മിയുടെ വിജയം സാധ്യമല്ലെന്നു വേണം മനസ്സിലാക്കാൻ. ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ പല ഊഹങ്ങൾക്കു പിന്നിലും കഴമ്പുണ്ടെന്നു വ്യക്തമാവുകയാണ്.

ഇനിയും എന്തിനാണ് കെജ്‌രിവാൾ ബി.ജെ.പിയേയും ആർ.എസ്.എസിനെയും പരിഹസിക്കുന്നതെന്നത് മറ്റൊരു ചോദ്യമാണ്. ഇതിനും ഉത്തരമുണ്ട്. ആർ.എസ്.എസും മോദി-ഷാ കൂട്ടുകെട്ടിലൂന്നി നിൽക്കുന്ന ബി.ജെ.പിയും തമ്മിലുള്ള വളർന്നുകൊണ്ടിരിക്കുന്ന പിരിമുറുക്കങ്ങൾക്കിടയിൽ കെജ്‌രിവാളിന്റെ രാഷ്ട്രീയനാട്യങ്ങൾ വലിയൊരു വിഭാഗം ഹിന്ദുത്വ വോട്ടുകളെ ആം ആദ്മിയിലേക്കെത്തിക്കും എന്ന ചാണക്യ തന്ത്രമാണിവിടെ പ്രവർത്തിക്കുന്നത്. ഇതോടെ ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ആം ആദ്മിയെ നേരിടാനായി വലിയൊരു തുക തന്നെ ബി.ജെ.പിക്ക് ഇറക്കേണ്ടതായി വരും. വല്ല വിധേനയും ബി.ജെ.പി ഗുജറാത്തിൽ പരാജയപ്പെട്ടാൽ ബി.ജെ.പിക്കകത്ത് തന്നെ മോദി-ഷാ പ്രഭാവത്തിന് മങ്ങലേൽക്കും.

നിലവിൽ മോദിപ്രഭാവത്തിന്റെ അധീനതയിൽ നിൽക്കുന്ന ബി.ജെ.പിയുമായി ആർ.എസ്.എസിനുണ്ടായിരുന്ന പരമ്പരാഗത ഗോത്രാധിപത്യ സംവിധാനത്തിലൂന്നിയ ബന്ധം സാരമായി തന്നെ ക്ഷയിച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെ വീക്ഷണത്തിൽ മോദി-ഷാ ദ്വയത്തിന്റെ ചിറക് ഏതുവിധേനയും അറുക്കാൻ സാധിച്ചാൽ ഗുജറാത്തിലെ ആർ.എസ്.എസ് സ്ഥാനം വീണ്ടെടുക്കുക എളുപ്പമാണ്. തദ്‌വിഷയത്തിൽ ആം ആദ്മി സഹായിക്കുമെങ്കിൽ എന്തുകൊണ്ടത് സ്വീകരിച്ചുകൂടാ? ആം ആദ്മിക്കാവട്ടെ തങ്ങളുടെ അഴിമതി വിരുദ്ധ ശൈശവത്തിലെ ചില ആർ.എസ്.എസ് സഹായങ്ങൾക്കുള്ള ന്യായമായ ഉപകാരസ്മരണയുമാവും.
(കടപ്പാട്: സ്ക്രോൾ.ഇൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.