2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഒന്ന് നിവര്‍ന്നിരിക്കാന്‍ പോലുമാവാത്ത സാഹസയാത്ര, ശ്വാസവായുവില്ലാത്ത അവസാന നിമിഷങ്ങള്‍’; ലോകത്തിന്റെ നോവായി ടൈറ്റനും അഞ്ച് യാത്രികരും

‘ഒന്ന് നിവര്‍ന്നിരിക്കാന്‍ പോലുമാവാത്ത സാഹസയാത്ര, ശ്വാസവായുവില്ലാത്ത അവസാന നിമിഷങ്ങള്‍’; ലോകത്തിന്റെ നോവായി ടൈറ്റനും അഞ്ച് യാത്രികരും

ആമസോണ്‍ കാടിനെ അതിജീവിച്ച അതിശയക്കുഞ്ഞുങ്ങളുടേതുപോലൊരു അതിജീവന കഥ കേള്‍ക്കാനായിരുന്നു ലോകം കഴിച്ച കുറച്ച നാളുകളായി കാതോര്‍ത്തത്. അതിനുവേണ്ടിയായിരുന്നു പ്രാര്‍ത്ഥനയും. കടലിനടിയില്‍ നിന്ന് ശബ്ദങ്ങള്‍ കേള്‍ക്കുന്നൂ എന്ന നേര്‍ത്ത പ്രതീക്ഷകള്‍ ഉയര്‍ന്നതുമാണ്. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളേയും പ്രതീക്ഷകളേയും വൃഥാവിലാക്കി ഒടുവില്‍ ആ വാര്‍ത്തയെത്തി. ആഴിപ്പരപ്പിലെ അതിശയത്തിന്റെ ശേഷിപ്പുകള്‍ കാണാനായി ആഴിക്കടിയിലേക്ക് ഊളിയിട്ട ആ അഞ്ചംഗ സംഘം അവിടെത്തെന്നെ പൊട്ടിയമര്‍ന്നിരിക്കുന്നു. പേടകത്തിന്റെ സ്ഥാപക കമ്പനി ഓഷ്യന്‍ ഗേറ്റാണ് ആ ദുഃഖവാര്‍ത്ത പുറത്ത് വിട്ടത്.

സര്‍വസന്നാഹങ്ങളോടെയുള്ള തെരച്ചിലാണ് അഞ്ചുജീവനുകളുമായി അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ കാണാതായ ടൈറ്റന്‍ പേടകത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പേടകത്തിലെ ഓക്‌സിജന്‍ പരിധിയായ 96 മണിക്കൂറിനുമുന്‍പേ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. യു.എസ്, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും ഇതിനായി രംഗത്തിറങ്ങി. 17000 ചതുരശ്രകിലോമീറ്റര്‍ സമുദ്ര വിസ്തൃതിലായിരുന്നു തെരച്ചില്‍. എന്നാല്‍ ദൗത്യം ലക്ഷ്യം കണ്ടില്ല. 96 സമയപരിധിയും കടന്നുപോകവേ 2 ദിവസം മുന്‍പ് കനേഡിയന്‍ വിമാനത്തിന് സോണര്‍ സംവിധാനം വഴി കടലില്‍ നിന്നു ലഭിച്ച മുഴക്കങ്ങളും നിലച്ചു.

ഇന്നലെ വൈകിട്ടോടെ പ്രതീക്ഷ ഏതാണ്ടു മങ്ങി. അപ്പോഴും ചില അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണു രക്ഷാപ്രവര്‍ത്തനം മുന്നോട്ടുപോയത്. അതിലൊരു പ്രതീക്ഷ ആഴക്കടല്‍ പര്യവേഷണത്തില്‍ പരിചിതരായ വിദഗ്ധര്‍ ഓക്‌സിജന്റെ അളവ് കൂടുതല്‍ സമയത്തേക്ക് കരുതിവച്ചിട്ടുണ്ടാകുമോയെന്നതാണ്. ഫ്രഞ്ച് റോബട്ടിക് പേടകമായ വിക്ടര്‍ 6000 സമുദ്രത്തിന്റെ അടിത്തട്ടിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും അനുകൂലമായി ഒന്നും ലഭിച്ചില്ല.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 13,000 അടി താഴെ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക്കിന്റെ (1912ല്‍ മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്ന ഐതിഹാസികമായ ടൈറ്റാനിക് കപ്പല്‍) അവശിഷ്ടങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ടൈറ്റന്‍ ഞായറാഴ്ചയാണ് യാത്ര തിരിച്ചത്. ബ്രിട്ടിഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവര്‍ പോള്‍ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ ഉടമസ്ഥരായ സ്റ്റോക് ടണ്‍ റഷ് എന്നിവരായിരുന്നു യാത്രക്കാര്‍.

a-trip-to-see-the-titanic-ended-titanic-sub-implosion


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.