2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ഒറ്റത്തെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്കുള്ള ചുവട്ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് സാധ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ നേതാക്കളും നിയമജ്ഞനും വിരമിച്ച ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതതല സമിതിയെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. സമിതിയിൽ പ്രതിപക്ഷ പ്രതിനിധി കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം പിൻമാറി. ലോക്‌സഭ, സംസ്ഥാന അസംബ്ലി, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുകയാണ് സമിതി രൂപീകരിക്കുന്നതിന്റെ ലക്ഷ്യം. അതായത് രാജ്യത്ത് അഞ്ചുവർഷത്തിലോ അല്ലെങ്കിൽ നിശ്ചയിക്കുന്ന കാലാവധിക്കിടയിലോ ഒരു തെരഞ്ഞെടുപ്പ് മാത്രമേ നടക്കൂ.

അപ്പോൾ ഏതെങ്കിലും സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഇടയ്ക്ക് ഭൂരിപക്ഷം തികയ്ക്കാനാവാതെ വീണാലെന്ത് ചെയ്യും. അതിനും ഉത്തരം കണ്ടെത്തേണ്ടത് സമിതിയാണ്.
ഏതെല്ലാം നിയമഭേദഗതികൾ വേണം, നിയമത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണ്ടതുണ്ടോ, ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ മാനുഷിക വിഭവശേഷി, വോട്ടിങ് മെഷീൻ, വിവിപാറ്റ് തുടങ്ങിയതു പോലുള്ള സൗകര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ശുപാർശ ചെയ്യേണ്ടതും സമിതിയാണ്. തെരഞ്ഞെടുപ്പ് പലപ്പോഴായി നടക്കുന്നത് രാജ്യത്തിനും രാഷ്ട്രീയപ്പാർട്ടികൾക്കും വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നുവെന്നാണ് സർക്കാർ പക്ഷം. ദീർഘകാലയളവിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് വികസന പദ്ധതികൾക്ക് തടസമാണെന്നും സർക്കാർ വാദിക്കുന്നു. എന്നാൽ പ്രതിപക്ഷപ്പാർട്ടികൾ ഈ വാദത്തെ മുഖവിലയ്ക്കെടുക്കുന്നില്ല. എല്ലാം ഏകീകരിച്ച് വശത്താക്കുന്ന ബി.ജെ.പി കൗശലത്തെ പ്രതിപക്ഷം ഈ ആശയത്തിന് പിന്നിലും കാണുന്നുണ്ട്. 1967 വരെ ഇന്ത്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചായിരുന്നു നടന്നിരുന്നത്. നാലു തെരഞ്ഞെടുപ്പുകൾ ഈ രീതിയിൽ നടന്നു. 1968-69 കളിലായി പല സംസ്ഥാന സർക്കാരുകളെയും കാലാവധി പൂർത്തിയാകും മുമ്പ് പിരിച്ചുവിട്ടതോടെയാണ് തെരഞ്ഞെടുപ്പുകൾ പലപ്പോഴായത്.


2014ലെയും 2019ലെയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബി.ജെ.പി ഏകീകൃത തെരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്തിരുന്നു. 2018ൽ ഇതിനുവേണ്ടി നിയമകമ്മിഷൻ നടത്തിയ രണ്ടു ദിവസത്തെ കൂടിയാലോചനായോഗത്തിൽ ശിരോമണി അകാലിദൾ, അണ്ണാ ഡി.എം.കെ, സമാജ് വാദി പാർട്ടി, തെലങ്കാന രാഷ്ട്രസമിതി എന്നീ പാർട്ടികൾ ഒഴികെ മറ്റെല്ലാ പാർട്ടികളും ഈ ആശയത്തെ എതിർത്തിരുന്നു.


തെരഞ്ഞെടുപ്പ് ഒരുമിപ്പിക്കണമെങ്കിൽ അഞ്ചു ഭരണഘടനാ ഭേദഗതികളെങ്കിലും കൊണ്ടുവരേണ്ടിവരും. ഒരു ലോക്‌സഭയുടെ കാലാവധി അഞ്ചു വർഷത്തിൽ നീളരുതെന്ന് നിഷ്‌കർഷിക്കുന്ന ഭരണഘടനയുടെ 83(2), പിരിച്ചുവിടലും പുതിയ സഭ രൂപീകരിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ 85(2) (ബി), സംസ്ഥാന അസംബ്ലിയുടെ കാലാവധിയും പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 172 (1), മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് സഭ പിരിച്ചുവിടാനുളള ഗവർണറുടെ അധികാരവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 174 (2) (ബി), സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 356 വകുപ്പുകളിലാണ് ഭേദഗതി വേണ്ടിവരിക.


തെരഞ്ഞെടുപ്പ് ഏകീകരിക്കാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും സംസ്ഥാന സർക്കാരുകളുടെയും സമന്വയം ആവശ്യമാണ്. ഭരണഘടനാഭേദഗതി ബില്ലുകൾ പാർലമെന്റിൽ പാസാക്കിയശേഷം, ഇന്ത്യയിലെ പകുതി സംസ്ഥാനങ്ങളും അവരുടെ അസംബ്ലികളിലെ പ്രമേയങ്ങളിലൂടെ അത് അംഗീകരിക്കേണ്ടതുണ്ട്. വോട്ടെടുപ്പ് നടത്താനും വലിയ വിഭവങ്ങൾ വേണ്ടിവരും. ഇതിൽ 25 ലക്ഷത്തിലധികം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 25 ലക്ഷം വിവിപാറ്റുകളും ഉൾപ്പെടുന്നു. വെറും 12 ലക്ഷത്തിലധികം വോട്ടിങ് മെഷീനുകളാണ് കമ്മിഷന്റെ പക്കലുള്ളത്. നിലവിൽ ബെൽജിയം, സ്വീഡൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഏകീകൃത തെരഞ്ഞെടുപ്പ് സംവിധാനമുള്ളത്. ഒരു രാജ്യം ഒരു നിയമം, ഒരു രാജ്യം ഒരു നേതാവ്, ഒരു സംസ്‌കാരം, ഒരു മതം തുടങ്ങിയ ആർ.എസ്.എസ്-ബി.ജെ.പി ആഗ്രഹംപോലെ ഇന്ത്യൻ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പും.


പാർലമെന്ററി സംവിധാനത്തിൽനിന്ന് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള മോദി സർക്കാരിന്റെ ശ്രമമാണിത്. ഇത് വൈവിധ്യത്തെ ദുർബലപ്പെടുത്തും. പ്രാദേശിക പാർട്ടികളെ ദുർബലമാക്കുകയാണ് ഒറ്റത്തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. രാജ്യഭരണം കൈയിലുണ്ടെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും ഇപ്പോഴും ഭരിക്കുന്നത് പ്രാദേശിക പാർട്ടികളാണ്. കേരളവും തമിഴ്‌നാടും പശ്ചിമബംഗാളും ആന്ധ്രയും തെലങ്കാനയും ജാർഖണ്ഡും പഞ്ചാബും ഡൽഹിയും ബിഹാറുമെല്ലാം ഭരിക്കുന്നത് ദേശീയതലത്തിൽ സ്വാധീനമുള്ള പാർട്ടികളല്ല. ദേശീയതലത്തിലെ സാഹചര്യം ഇവിടെ തെരഞ്ഞെടുപ്പ് അജൻഡകളുമാകാറില്ല. ഈ സാഹചര്യത്തെ മാറ്റിയാൽ മാത്രമേ ബി.ജെ.പിക്ക് ഹിന്ദുത്വരാജ്യമെന്ന ആശയത്തിലേക്ക് രാജ്യത്തെ എത്തിക്കാനാവൂ. സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുന്നതിലൂടെ മാത്രമേ രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തെയും ബി.ജെ.പിക്ക് മറികടക്കാം.


വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നില സുരക്ഷിതമല്ല. നിലവിലുള്ളതിനെക്കാൾ സീറ്റുകൾ കുറയുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ വീഴ്ചയ്ക്ക് തുടക്കമാകുമെന്ന് ഉറപ്പാണ്. അതിനെ മറികടയ്ക്കാൻ ഏക സിവിൽകോഡോ രാമക്ഷേത്ര നിർമാണമോ ജ്ഞാൻവാപിയോ പോലുള്ള പരമ്പരാഗത പ്രചാരണങ്ങൾ മതിയാവില്ല. ഒരു വർഷത്തിനുള്ളിൽ വരാനിരിക്കുന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ നില സുരക്ഷിതമല്ല. ഈ സംസ്ഥാനങ്ങളിൽ വീണാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിന്റെ പ്രകമ്പനമുണ്ടാകും. ഈ സാഹചര്യത്തെ മറികടക്കാനാണ് ഏകീകൃത തെരഞ്ഞെടുപ്പെന്ന ആശയത്തിലേക്ക് ബി.ജെ.പി എത്തുന്നതെന്ന് കരുതണം. ദേശീയരാഷ്ട്രീയം സംസ്ഥാന തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചാൽ അത് ഫെഡറലിസത്തിന് വിരുദ്ധമായി അസ്ഥിരമായ സർക്കാറുകളിലേക്ക് നയിക്കും. അതിനാൽ ഈ രാഷ്ട്രീയ കൗശലത്തെ തള്ളിക്കളയേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.