ഇടവേളയ്ക്കുശേഷം ഏക സിവില്‍കോഡെന്ന ആവശ്യം ശക്തിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും എത്തിയിരിക്കുന്നു. രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഉള്ളില്‍ ആശങ്ക വിതയ്ക്കാനും ന്യൂനപക്ഷ, പിന്നോക്ക, ദുര്‍ബല വിഭാഗക്കാരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും വേണ്ടി ബോധപൂര്‍വം നടത്തിയ പ്രസ്താവന പക്ഷെ രാജ്യവ്യാപക പ്രതിഷേധത്തിന് ഹേതുവായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള തികച്ചും രാഷ്ട്രീയ പ്രേരിത നീക്കമാണ് ഏക സിവില്‍കോഡും മുത്വലാഖും ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ എന്നു വ്യക്തമാണ്. വിവിധങ്ങളായ ആഭ്യന്തര പ്രശ്‌നങ്ങളും ജനങ്ങളുടെ ജീവല്‍ വിഷയങ്ങളും നിന്നുകത്തുന്ന വേളയിലാണ് പൊതുമണ്ഡലത്തിൻ്റെ ശ്രദ്ധതിരിക്കാന്‍ സിവില്‍ കോഡുമായി മോദി എത്തിയത്. തൊഴിലില്ലായ്മ, വിലക്കയറ്റം, വിവിധ സംസ്ഥാനങ്ങളിലെ കലാപങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, സമീപകാലത്തെ തെരഞ്ഞെടുപ്പ് തോല്‍വി തുടങ്ങിയവയെല്ലാം ബി.ജെ.പിക്കുള്ളില്‍വരേ വലിയ തോതിലുള്ള മുറുമുറുപ്പിനും നിരാശയ്ക്കും കാരണമായിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ശ്രദ്ധമാറ്റി, തങ്ങളുടെ പതിവ് വര്‍ഗീയ ദ്രുവീകരണമുണ്ടാക്കുന്ന ഒരു തുറുപ്പ് ചീട്ടാണ് മോദി ഭോപാലില്‍ പുറത്തുവിട്ടത്. ഏകസിവില്‍ കോഡെന്ന ആശയം നിരന്തരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ ഇന്ത്യയെന്ന വിശാല വികാരത്തെ ദുര്‍ബലമാക്കാനുള്ള നിഗൂഢ നീക്കം കൂടി സംഘ്പരിവാര്‍ ശക്തികള്‍ക്കുണ്ട് എന്ന് തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം ജനങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളും മോദിയുടെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്നിരിക്കുകയാണിപ്പോൾ.
രാജ്യം അതിന്റെ ആഭ്യന്തര വൈവിധ്യങ്ങളാല്‍ അതിസമ്പന്നമായി കരുതിപ്പോരുന്ന സാംസ്‌കാരിക പരിസരത്തെ അപ്പാടെ റദ്ദ് ചെയ്യാനാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ കാലങ്ങളായി ഏക സിവില്‍കോഡ് എന്ന ആശയവുമായി കടന്നുകയറുന്നത്. നാം പിറന്നുവീണ രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്നതും ആവിഷ്‌കരിക്കുന്നതും സങ്കല്‍പ്പിക്കുന്നതുമായ ജനാധിപത്യ മതേതര മൂല്യങ്ങളെ തകര്‍ക്കാനും ലോകത്തിന് മാതൃകയായി കാട്ടിക്കൊടുത്ത സാംസ്‌കാരിക വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനും അതുവഴി തങ്ങളുടെ ഏകാധിപത്യ സംഹിത അടിച്ചേല്‍പ്പിക്കാനുമാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്.
ഏക സിവില്‍കോഡ് എന്ന ആയുധം പുറത്തെടുക്കുമ്പോള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമാണ് ആശങ്കപ്പെടുന്നത് എന്ന ധാരണ തികച്ചും തെറ്റാണ്. പതിനായിരക്കണക്കിന് ജാതികളും ഉപജാതികളും ഹിന്ദുമതത്തിലുണ്ട്. ജാതിയിലും ഭാഷയിലും വേഷത്തിലും വര്‍ഗ-വര്‍ണത്തിലും ഭക്ഷണത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഹിന്ദുമതത്തിനുള്ളില്‍ തന്നെ എണ്ണിയാലൊടുങ്ങാത്ത കൈവഴികളുണ്ട്. പട്ടിക വര്‍ഗക്കാർക്കിടയിലെ ആദിമ ഗോത്രവിഭാഗത്തിന്റെ ആചാരങ്ങളുമായി തീര്‍ത്തും വ്യത്യസ്തമായ രീതികളും ചടങ്ങുകളുമാണ് മറ്റുള്ളവര്‍ക്ക്. ഇത്തരത്തില്‍ വൈവിധ്യങ്ങളുടെ സഹസ്ര പുഷ്പമാലയിലാണ് ഇന്ത്യന്‍ സംസ്‌കാരം മുന്നോട്ടുപോകുന്നത്. ഓരോ വിഭാഗത്തിന്റെയും സ്വത്വ ചിന്തകളും ആശയങ്ങളും സമീപനങ്ങളും വിശ്വാസധാരയും ഏതെങ്കിലും നിയമത്തിന്റെ ചാട്ടവാറില്‍ ഒന്നാക്കാമെന്ന് കരുതുന്നത് ഇന്ത്യന്‍ സാഹചര്യത്തെ യഥാവിധി മനസിലാക്കാത്തവരോ അല്ലെങ്കില്‍ മനസിലാക്കിയിട്ടും തങ്ങളുടെ സങ്കുചിതാശയങ്ങളുടെ പൂര്‍ത്തീകരണത്തിനായി വാശിപിടിക്കുന്നവരോ ആണ്.
കശ്മിരില്‍ തുടക്കമിട്ട, പ്രാദേശിക വൈവിധ്യത്തെ തകര്‍ക്കുക എന്ന നിഗൂഢ അജൻഡ ഏകസിവില്‍ കോഡിലൂടെ പ്രത്യക്ഷത്തില്‍ കടന്നു വരുകയാണ്. മോദി അധികാരത്തില്‍ 10 വര്‍ഷം തികയ്ക്കും മുമ്പ് തങ്ങളുടെ തീവ്ര ഹിന്ദുത്വ അജൻഡ പൂര്‍ണമായി നടപ്പിലാക്കാനാകുമോ എന്ന പരീക്ഷണത്തിന് തുടക്കമിട്ടത് കശ്മിരില്‍ കൈവച്ചു കൊണ്ടാണ്. കേവലം പ്രാദേശികമായ ഒരു വിഷയമായി കശ്മിരിന്റെ പ്രത്യേക അവകാശത്തെയും സ്വത്വത്തേയും മറ്റുള്ളവര്‍ പരിഗണിക്കുക കൂടി ചെയ്തതോടെ അടുത്ത കാല്‍വയ്പ്പ് പൗരത്വ പ്രശ്‌നങ്ങളിലായി. പൗരത്വഭേദഗതി നിയമത്തിലൂടെ രാജ്യത്തെ പൊതുബോധം അളന്നെടുക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചത്. എന്നാല്‍, മതേതര ഇന്ത്യ ഒറ്റക്കെട്ടായി ബി.ജെ.പിയുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരാണെന്ന് കാട്ടിക്കൊടുക്കാന്‍ ആസേതുഹിമാചലമുള്ള ജനസഞ്ചയത്തിന് കഴിഞ്ഞു.തല്‍ക്കാലം പത്തിമടക്കിയെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും വിദ്വേഷാധിഷ്ഠിത, ഭിന്നിപ്പിക്കല്‍ രാഷ്ട്രീയവുമായി രംഗപ്രവേശം ചെയ്യുന്നതിന്റെ തുടക്കമാണ് ഭോപാലിലെ മോദിയുടെ പ്രസംഗം.
ഏകശിലയില്‍ കൊത്തിവച്ച മനുവിന്റെ ന്യായശാസനം മതി ഹിന്ദുത്വ ഭാരതത്തിനെന്ന നിര്‍ബന്ധമുള്ളവരാണ് സംഘ്പരിവാരം.
ആര്‍.എസ്.എസ് രൂപവത്കരിച്ചതിന്റെ നൂറുവര്‍ഷം തികയുന്ന വേളയില്‍ ഇന്ത്യയെ പൂര്‍ണ തോതില്‍ ഹിന്ദുത്വവല്‍ക്കരിക്കാന്‍ കഴിയാത്തത്തിന്റെ നിരാശ സംഘ്ബന്ധുക്കള്‍ക്കുണ്ട്. സംഘ്പരിവാരത്തിന്റെ പരിഭവം മാറ്റാനുള്ള നീക്കങ്ങളുടെ മുന്നൊരുക്കമായി യൂനിയന്‍ സിവില്‍കോഡിനെ അവതരിപ്പിക്കുകയാണ് മോദി. ആര്‍.എസ്.എസ് ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രത്തിലേക്ക് മോദിവഴി പടവുകയറുമ്പോള്‍, കേവലം സിവില്‍ കോഡ് എന്ന ജനവിരുദ്ധ നിയമത്തിലേക്കല്ല, കാലാകാലങ്ങളായി സംഘ്പരിവാര്‍ ഉടുച്ചുവാര്‍ക്കണമെന്നാവശ്യപ്പെടുന്ന ഭരണഘടനയുടെ മേലുള്ള കടന്നുകയറ്റം കൂടിയാണ് എന്ന തിരിച്ചറിവ് ജനാധിപത്യ ഇന്ത്യക്കുണ്ടാവേണ്ടതുണ്ട്.
രണ്ടുമാസത്തോളമായി മണിപ്പൂര്‍ കത്തുകയാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയം ആവോളം വിത്തിറക്കിയ മണിപ്പൂരില്‍ അതിന്റെ വിളവെടുപ്പില്‍ അരിഞ്ഞുതള്ളുന്നത് നിരപരാധികളായ മനുഷ്യരെയാണ്.
മണിപ്പൂരിന്റെ വിലാപം അതിര്‍ത്തികള്‍ കടന്നു മാനവികതയുടെ വിങ്ങലായി മാറിയിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം വെടിഞ്ഞില്ല. അത് ബോധപൂര്‍വമായിരുന്നു എന്ന് കരുതാന്‍ കാരണങ്ങളേറെയുണ്ട്. മണിപ്പൂരിലെ ബി.ജെ.പി മുഖ്യമന്ത്രിയുടെ ഗുരുതര വീഴ്ചകളും പരാജയങ്ങളും ജനങ്ങള്‍ തെരുവില്‍ എണ്ണിയെണ്ണി ചോദിക്കുമ്പോള്‍ മറുപടി നല്‍കാന്‍ ഒരു ബി.ജെ.പി നേതാവിനും കഴിയുന്നില്ല. കൊള്ളയും കൊള്ളിവയ്പ്പും കൊലപാതകങ്ങളും അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള ആര്‍ജവം പോലും കാണിക്കാത്ത കേന്ദ്രഭരണത്തിന്റെ തലവനാണ് ഏക സിവില്‍കോഡിനായി ഏറെ സമയം ചെലവഴിച്ചത്. മുസ്‌ലിം വിരുദ്ധ ചര്‍ച്ചകള്‍ സൃഷ്ടിച്ചെടുക്കുമ്പോള്‍ ലഭിക്കുന്ന തീവ്രഹിന്ദുത്വ വോട്ടുകളുടെ ഏകോപനമാണ് ലക്ഷ്യമെങ്കിലും ഏക സിവില്‍കോഡ് ഈ രാജ്യത്തിന്റെ ആത്മാവായ വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും നെഞ്ചില്‍ കുത്താനാണ്. മോദിക്ക് മുത്വലാഖോ മുസ്‌ലിം സ്ത്രീകളോടുള്ള മമതയോ അല്ല, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രയോഗിക്കാവുന്ന ഒരു വിഷയം മാത്രമാണത് എന്നത് നേരത്തെ എത്രയോ വട്ടം തെളിയിച്ചിട്ടുള്ള യാഥാർഥ്യമാണ്.
Comments are closed for this post.