2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സദ്‌വാക്ക് ഫലം തരുന്ന വിത്ത്

   

സദ്‌വാക്ക് ഫലം തരുന്ന വിത്ത്

ഉള്‍ക്കാഴ്ച
മുഹമ്മദ്

ക്ലാ സിലെ ഇരുപത്തിയഞ്ചു വിദ്യാര്‍ഥികളെയും ഒന്നിനൊന്നു മെച്ചമുള്ള പ്രതിഭകളാക്കിമാറ്റിയ അധ്യാപകനോട് അവതാരകന്‍ ചോദിച്ചു: ‘ഈ അപൂര്‍വനേട്ടം താങ്കള്‍ക്ക് എങ്ങനെ സാധ്യമായി?’
അധ്യാപകന്‍ പറഞ്ഞു: ‘തയ്യല്‍ക്കാരന്റെ നയം സ്വീകരിച്ചു. അത്രതന്നെ…’

അതെങ്ങനെ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘തയ്യല്‍ക്കാരനെ ശ്രദ്ധിച്ചിട്ടില്ലേ. തനിക്കു പാകമുള്ള വസ്ത്രം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയല്ല, ഓരോരുത്തര്‍ക്കും അവര്‍ക്കു പാകമുള്ളതു തയ്ച്ചുകൊടുക്കുകയാണ് അയാള്‍ ചെയ്യുക. ക്ലാസില്‍ എനിക്കു തോന്നിയതല്ല, ഓരോ വിദ്യാര്‍ഥിക്കും വേണ്ടതെന്താണോ അതാണു ഞാന്‍ കൊടുക്കാറുള്ളത്. വേണ്ടതു കിട്ടിയാല്‍ വേണ്ടപോലെ വളരാത്തതായി ഒന്നുമില്ലല്ലോ….

വളഞ്ഞ സ്ഫടികത്തെ നിവര്‍ത്താന്‍ തുനിഞ്ഞാല്‍ അതു പൊട്ടിത്തകരും. അതിനുപകരം വളഞ്ഞ സ്ഫടികം ആവശ്യമുള്ളിടത്ത് അതിനെ കൊണ്ടുപോയിവച്ചാല്‍ ഉപകാരത്തില്‍പ്പെടും. എല്ലാ പൂക്കള്‍ക്കും ഒരേ വര്‍ണവും രൂപവും വരുത്താന്‍ ശ്രമിക്കുന്ന ഉദ്യാനപാലകന്‍ ഉദ്യാനത്തിന്റെ പാലകനല്ല, അന്തകനാണ്. നിശ്ചിത ആളുകളെ മാത്രം സന്തോഷിപ്പിക്കുന്ന കടയിലേക്കല്ല, ഓരോരുത്തരെയും തൃപ്തിപ്പെടുത്തുന്ന വസ്തുവഹകള്‍ നിറഞ്ഞുനില്‍ക്കുന്ന മാളിലേക്കാണു കൂടുതല്‍ പേരും കയറിച്ചെല്ലുക. തോന്നിയതു കൊടുത്താല്‍ പ്രതീക്ഷിച്ചതു ലഭിക്കില്ല. വേണ്ടതു കൊടുത്താല്‍ വേണ്ടപ്പെട്ടതു കിട്ടും.
പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും ഞാന്‍ വെട്ടിത്തുറന്നു പറയും എന്ന വീമ്പുപറച്ചിലില്‍ അന്തസും അഭിമാനവും കണ്ടെത്തുന്നവരുണ്ട്. നല്ല കാര്യംതന്നെ. എന്നാല്‍ മറ്റുള്ളവര്‍ക്കു പറയാനുള്ളതു ചെവിതുറന്നു കേള്‍ക്കാനും അതേ ആവശം കാണിക്കാറുണ്ടോ എന്നു ചോദിച്ചാല്‍ മറുപടി നിരാശാജനകമായിരിക്കും.

തുറന്നുപറയാന്‍ കാണിക്കുന്ന ആവേശം തുറന്നു കേള്‍ക്കാനും കാണിക്കുന്നില്ലെങ്കില്‍ അതിനാണ് ഏകാധിപത്യം എന്നു പറയുന്നത്. ഏകാധിപതിക്ക് ചിന്താശേഷി മുരടിച്ച അടിമകളെ സൃഷ്ടിക്കാനേ കഴിയൂ, പക്വമതികളായ അണികളെ അണിനിരത്താന്‍ കഴിയില്ല.
അയാളെ അനുസരിക്കുന്നവര്‍ യഥേഷ്ടമുണ്ടാകാം, അനുകരിക്കുന്നവരൊട്ടുമുണ്ടാകില്ല. അവന്റെ തണലില്‍ പ്രവര്‍ത്തിക്കുന്നതു മുഴുവന്‍ എണ്ണയിട്ട യന്ത്രങ്ങളായിരിക്കും, സ്വതന്ത്രമായി ചിന്തിക്കാനും വളരാനും കഴിയുന്ന മനുഷ്യരുണ്ടാകില്ല. അയാള്‍ക്ക് ആളുകളെ നിലക്കു നിറുത്താന്‍ കഴിയും, നേരെയാക്കാനോ നിലവാരമുള്ളവരാക്കാനോ കഴിയില്ല.

നാവ് ഒന്നേയുള്ളൂവെങ്കിലും കണ്ണും കാതും രണ്ടുണ്ട്. ജീവിതത്തില്‍ കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടത് നാവല്ല, കണ്ണും കാതുമാണ്. കൂടുതല്‍ കാണാനും കേള്‍ക്കാനും ശ്രമിച്ചാല്‍ കൂടുതല്‍ സംസാരിക്കേണ്ടി വരില്ല. കാണലും കേള്‍ക്കലുംകുറച്ച് സംസാരംകൂട്ടിയാല്‍ ഒച്ചയടയുമെന്നല്ലാതെ മികച്ച ഫലങ്ങള്‍ പ്രതീക്ഷിക്കുന്നത് വ്യര്‍ഥമായിരിക്കും.

അപരനെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നയാള്‍ക്ക് ആരെയും അപരവല്‍ക്കരിക്കാന്‍ കഴിയില്ല. കണ്ണും കാതുംപൂട്ടി ഉത്തരവിടാന്‍ മാത്രം നടക്കുന്നവരില്‍ ഏകാധിപത്യത്തിന്റെ ക്രൗരഭാവമാണു ഫണം വിടര്‍ത്തുക. അടിച്ചേല്‍പ്പിക്കുകയല്ല, അറിഞ്ഞു നല്‍കുകയാണു വേണ്ടത്. അടിച്ചേല്‍പ്പിക്കലില്‍ അടിയേല്‍ക്കലേയുള്ളൂ, ഉള്‍ക്കൊള്ളലില്ല. ഉള്ളിലേക്കു കടത്തിവിടാന്‍ വടിയോ അടിയോ അല്ല, അറിവാണു വേണ്ടത്. എന്തു കൊടുക്കണമെന്നതിനെ കുറിച്ചുള്ള അറിവ്. വേണ്ടാത്ത ഭക്ഷണം ബലം പ്രയോഗിച്ചു തീറ്റിച്ചാല്‍ ഛര്‍ദിയായി പുറംചാടുകയേ ഉള്ളൂ. വേണ്ട ഭക്ഷണം വേണ്ടതുപോലെ കൊടുത്താല്‍ ആശ്വാസത്തോടെ അകത്തേക്കിറക്കുന്നതും ശരീരം പുഷ്ടിപ്പെടുന്നതും കാണാം.

വേണ്ടതു കൊടുക്കാതെ വേണ്ടാത്തതു കൊടുത്താല്‍ വേണ്ടപ്പെട്ടവരും വേണ്ടാതാകുന്ന സ്ഥിതിയാണുണ്ടാവുക. മനസിന്റെ വിശപ്പുമാറ്റാന്‍ ശരീരത്തിന്റെ ഭക്ഷണം നല്‍കിയാല്‍ അസ്വസ്ഥത വിട്ടുപോകില്ല. സ്‌നേഹത്തിനുവേണ്ടി ദാഹിക്കുന്ന ഇണയെ ആടയാഭരണങ്ങള്‍ നല്‍കി അലങ്കരിച്ചാല്‍ ആ അലങ്കാരം അലങ്കോലമായിത്തീരും. മാംസം മൂല്യമുള്ള ആഹാരമാണെന്നു പറഞ്ഞിട്ടു കാര്യമില്ല, അതു മുലപ്പാലിനുവേണ്ടി കാലിട്ടടിക്കുന്ന ചോരപ്പൈതലിനെ തീറ്റിച്ചാല്‍ അതവന്റെ അവസാനമായിരിക്കും.
പാത്രമറിഞ്ഞു വിളമ്പുന്നതാണു നീതി. ഒരോരുത്തര്‍ക്കും അവര്‍ക്കു പാകമായ വസ്ത്രമുണ്ട്. ആ വസ്ത്രമാണ് അണിയേണ്ടതും അണിയിക്കേണ്ടതും. എല്ലാ മക്കള്‍ക്കും ഒരേ അളവിലുള്ള വസ്ത്രം വാങ്ങുന്ന പിതാവ് നീതിമാനാണെന്നാരും പറയില്ല. തലമുതിര്‍ന്നവന്റെ കുപ്പായം നോക്കി എന്റെ കുപ്പായം ചെറുതാണല്ലോ എന്നു പറയുന്നവന്‍ പരിഹാസ്യനാവുകയേയുള്ളൂ.

നിങ്ങള്‍ക്ക് എന്താണു വേണ്ടതെന്നു ചോദിക്കുന്നതു നല്ലകാര്യം. എന്നാല്‍ അതിലും മികച്ചതാണ് ഒരാള്‍ക്കു വേണ്ടതെന്തെന്നു സ്വയം കണ്ടെത്തല്‍.
രോഗിയോട് രോഗമെന്തെന്നു ചോദിക്കുന്ന വൈദ്യനും രോഗിയുടെ രോഗം സ്വയം കണ്ടെത്തുന്ന വൈദ്യനും തമ്മില്‍ വലിയ അന്തരമുണ്ട്. അളവുകള്‍ എഴുതിത്തരൂ എന്ന് ആവശ്യപ്പെട്ടല്ല, സ്വയം അളവെടുത്താണ് തയ്യല്‍ക്കാരന്‍ വസ്ത്രം തയ്ക്കാറുള്ളത്. നിനക്കെന്തു വേണമെന്നു പറയൂ എന്ന് ആവശ്യപ്പെട്ടാല്‍ മറുപടി കിട്ടണമെന്നില്ല. കിട്ടിയാല്‍തന്നെ അതു ശരിയായിരിക്കണമെന്നുമില്ല. താല്‍പര്യങ്ങളും ഇഷ്ടങ്ങളും സ്വയം കണ്ടെത്തി നിറവേറ്റിക്കൊടുക്കുന്നതില്‍ എന്തെന്നില്ലാത്ത ഒരു ഹൃദ്യതയുണ്ട്, വശ്യതയും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.