2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോഴിക്കാലെവിടെ…? ഉച്ചഭക്ഷണത്തിനെത്തിച്ച കോഴിയുടെ ലെഗ് പീസുകളെടുത്ത അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ട് രക്ഷിതാക്കള്‍

കൊല്‍ക്കത്ത: എല്ലാവരുടെയും ഇഷ്ടഭക്ഷണങ്ങളിലൊന്നാണല്ലോ കോഴിക്കറി. അതില്‍ തന്നെ ലെഗ് പീസ് മാത്രം തിരഞ്ഞുപിടിച്ചു കണ്ടെത്തുന്നവരുണ്ട്. കൊല്‍ക്കത്തയിലെ മാള്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാറിലുള്ള അമൃതി പ്രൈമറി സ്‌കൂളില്‍ വ്യാഴാഴ്ച കോഴിക്കാലിന് വേണ്ടിയുണ്ടായ സംഭവമാണിത്. കുട്ടികള്‍ക്കായുള്ള ഭക്ഷണത്തിലേക്ക് എത്തിക്കുന്ന ചിക്കന്റെ നല്ലഭാഗങ്ങളെല്ലാം സ്‌കൂളിലെ അധ്യാപകര്‍ക്ക് മാത്രം അവകാശപ്പെട്ടതാകുന്നു എന്ന് വിവരം അറിഞ്ഞെത്തിയ രക്ഷിതാക്കള്‍ ആറ് അധ്യാപകരെ പൂട്ടിയിടുകയാണുണ്ടായത്.

കോഴിയുടെ നല്ല ഭാഗങ്ങളെല്ലാം അധ്യാപകര്‍ എടുത്തതിനെ തുടര്‍ന്നാണ് പ്രശ്‌നം ഉടലെടുത്തത്. ആറ് അധ്യാപകരെയാണ് ഉച്ചഭക്ഷണത്തിന്റെ കോഴിക്കഷ്ണം വീതം വെക്കുന്നതിലെ അനീതിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൂട്ടിയിട്ടത്. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനായി അനുവദിച്ച കോഴിയില്‍ നിന്ന് കാലടക്കം മാംസളമായ ഭാഗങ്ങളെല്ലാം അധ്യാപകര്‍ എടുത്തുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ശേഷം കുട്ടികള്‍ക്ക് കഴുത്ത്, കരള്‍, വയര്‍ തുടങ്ങിയ ഭാഗങ്ങളാണ് നല്‍കിയതെന്നും ആരോപിച്ചു.

ഉച്ച ഭക്ഷണത്തിന് കോഴിയുള്ള ദിവസങ്ങളില്‍ അധ്യാപകര്‍ ആഘോഷത്തിലാണെന്നും അന്ന് നല്ല അരി ഉപയോഗിച്ച് അവര്‍ വേറെ പാചകം ചെയ്യുന്നുണ്ടെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. ഉച്ചഭക്ഷണത്തിന് കോഴിയുള്ള ദിവസം കുട്ടികള്‍ നിരാശയോടെ വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ സംഭവമറിഞ്ഞത്. അധ്യാപകര്‍ നല്ല ഭാഗങ്ങളെടുത്ത് തങ്ങള്‍ക്ക് മോശം ഭാഗം നല്‍കിയെന്നവിവരം കുട്ടികള്‍ പറയുകയായിരുന്നു. തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചത്. നാലു മണിക്കൂറോളമാണ് രക്ഷിതാക്കള്‍ അധ്യാപകരെ പൂട്ടിയിട്ടത്. സംഭവത്തില്‍ രക്ഷിതാക്കളുടെ ആരോപണം അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.