2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഖുര്‍ആന്‍ കത്തിച്ച സംഭവം; സ്വീഡനില്‍ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്ത് പ്രതിഷേധം

ഖുര്‍ആന്‍ കത്തിച്ച സംഭവം; സ്വീഡനില്‍ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്ത് പ്രതിഷേധം

ബലി പെരുന്നാള്‍ ദിനത്തില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനില്‍ തുടങ്ങിയ പ്രതിഷേധം തുടരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തും സത്യസാക്ഷ്യം ഉറക്കെപ്പറഞ്ഞും ആയിരങ്ങളാണ് തെരുവിലിറങ്ങി. മാധ്യമപ്രവര്‍ത്തകനും ഗവേഷകനുമായ റോബര്‍ട്ട് കാര്‍ട്ടറടക്കമുള്ളവര്‍ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

അതിനിടെ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ മതവിദ്വേഷത്തിനെതിരെയുള്ള പ്രമേയം പാസ്സായി. സ്വീഡനില്‍ ഖുര്‍ആനെ നിന്ദിച്ചതിനെ തുടര്‍ന്നാണ് പാകിസ്താന്‍ പ്രമേയം കൊണ്ടുവന്നത്. സ്റ്റോക്‌ഹോമിലെ നഗരമധ്യത്തിലുള്ള സോഡെര്‍മാം ഐലന്റില്‍ സ്ഥിതി ചെയ്യുന്ന പ്രധാന മസ്ജിദിന് പരിസരത്താണ് ഖുര്‍ആന്‍ കത്തിച്ചുള്ള പ്രതിഷേധം നടന്നത്. കഴിഞ്ഞ ജനുവരിയില്‍ തുര്‍ക്കിഷ് എംബസിക്ക് മുമ്പില്‍ സമാനമായ പ്രതിഷേധം നടന്നിരുന്നു. തുര്‍ക്കിയും മറ്റു മുസ്ലിം രാഷ്ട്രങ്ങളും കടുത്ത പ്രതിഷേധമാണ് വിഷയത്തില്‍ ഉയര്‍ത്തിയിരുന്നു. നാറ്റോയിലെ അംഗത്വത്തിന് സ്വീഡന് നല്‍കിയ പിന്തുണ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ നിരവധി തവണ ഖുര്‍ആന്‍ കത്തിക്കല്‍ പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ആദ്യം ഇറാഖ് എംബസിക്ക് മുമ്പില്‍ പ്രതിഷേധിക്കാനായിരുന്നു ആലോചന. അനുമതി ലഭ്യമാകാത്തതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സ്വീഡനിലെ തീവ്രവലതുപക്ഷ കക്ഷികളാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍.

അതിനിടെ, സ്വീഡിഷ് ഭാഷയില്‍ വിവര്‍ത്തനം ചെയ്ത ഒരു ലക്ഷം ഖുര്‍ആന്‍ കോപ്പികള്‍ സ്വീഡനില്‍ വിതരണം ചെയ്യുകയാണ് കുവൈത്ത്. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടിരുന്നു.
അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ചുമതല പബ്ലിക് അതോറിട്ടി ഫോര്‍ പബ്ലിക് കെയറിനെ ഏല്‍പ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഖുര്‍ആന്‍ കോപ്പികള്‍ സ്വീഡനില്‍ വിതരണം ചെയ്യുക. അതേസമയം, സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ പ്രതിഷേധവുമായി മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി രംഗത്തുവന്നിരുന്നു.

സംഭവത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയും രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ തനിക്ക് അമര്‍ഷവും വേദനയും തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് അറബ് ഇമിറേറ്റ്‌സ് പത്രമായ അല്‍ ഇത്തിഹാദിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.