ലിങ് യു – തായ്‌വാന്‍ കവി
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന താവോ യുവാന്‍ മിങ്ങിന്റെ കവിതകളോടും പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബദഷൻറെനിന്റെ ചിത്രങ്ങളോടും താല്‍പര്യം പ്രകടിപ്പിക്കുന്ന കവിതകളാണ് ലിങ് യുവിന്റേത്. ജോര്‍ജ് ലൂയി ബോര്‍ഹസിന്റെയും പത്താം നൂറ്റാണ്ടിലെ ലി ഹോസു എന്ന കവിയുടെയുമൊക്കെ ശൈലികളോട് ചേര്‍ത്തുവച്ചാണ് ലിങ് യുവിന്റെ കവിതകള്‍ വായിക്കപ്പെടുന്നത്.
കിഴക്കന്‍ ഏഷ്യയുടെ സൗന്ദര്യശാസ്ത്രത്തില്‍ തീവ്രമായ അടയാളങ്ങള്‍ കണ്ടെത്താനാവുന്ന കവിതകളാണ് ലിങ് യുവിന്റേത്. വിരോധാഭാസങ്ങള്‍ ഇഷ്ടപ്പെടുന്ന അസാധാരണ വ്യക്തിത്വത്തെയാണ് ഈ കവിതകളിലൂടെ നാം പരിചയപ്പെടുക. സ്വാതന്ത്ര്യത്തെയും ബന്ധനത്തെയും കരിങ്കല്ലിനെയും ജലത്തെയും ഒരേ കാഴ്ചയില്‍ ചേര്‍ത്തുവച്ചു കാണുകയാണ് ലിങ്.
‘എനിക്ക്
സ്വപ്നം കാണണം.
പക്ഷേ,
ഉറങ്ങാന്‍ ഇഷ്ടമില്ല.
എനിക്ക് നടക്കണം.
പക്ഷേ,
കാല്‍പാദങ്ങള്‍
ഇല്ലാതെ…’
എന്നവിധം വൈരുധ്യാത്മക സൗന്ദര്യമാണ് ലിങ്ങിന്റെ കവിതകള്‍. ഒരേസമയം ഏറ്റവും നിബിഡവും ലളിതവും സുന്ദരവുമാണ് ശൈലി. ചൈനീസ് ലാന്‍ഡ്‌സ്‌കേപ്പ് കവിതകളുടെയും നാടകങ്ങളുടെയും പാരമ്പര്യം ഈ കവിതകളില്‍ കാണാം. വ്യക്തിനിഷ്ഠമായ വൈകാരികതകള്‍ കാലത്തിന്റെ പ്രത്യേക ഇടത്തില്‍വച്ച് ആത്മാവിനെ കണ്ണാടിയിലേക്ക് പ്രതിഫലിപ്പിക്കുകയാണ് ഈ വരികള്‍ എന്നു പറയാം.
ലിങ് യുവിന്റെ കവിതകള്‍
1.
ഭൂപടത്തില്‍നിന്ന്
മാഞ്ഞുപോയ പേരുകള്‍
ആ കുന്നിലേക്ക്
ഇനിയും
കുറച്ചുദൂരം
കൂടിയുണ്ട്.
സ്വപ്നങ്ങള്‍
മൈതാനത്ത്
അലഞ്ഞുനടക്കുന്നു.
അവര്‍ക്ക്
പറന്നിറങ്ങാന്‍ പറ്റിയ
ജനല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍
അനേകമനേകം
അഭയാര്‍ഥികള്‍
അഭയംതേടി വരുന്നു.
വസന്തത്തിന്‍
ഒടുവിലത്തെ ഇലയും ഒഴിഞ്ഞപ്പോള്‍
നീലച്ചിറകുകളുള്ള കിളികള്‍
ഇരപിടിക്കുന്നു.
ഒരു കുതിരക്കുട്ടിയോളം
ചടുലമായ
ഒരു തീനാളം!
അവന്റെ ഹൃദയത്തിന്റെ
വിരലുകളുള്ള
ഏറ്റവും മൃദുവായ
കാലടിപ്പാടുകള്‍!
ചിറകുകള്‍…
മരിക്കാന്‍
ഒരുങ്ങി നില്‍ക്കുന്ന
നീലച്ചിറകുള്ള പക്ഷി!
അതിന്റെ
കണ്ണുകള്‍ സംസാരിക്കുന്നു!
ഒരു ചുവപ്പന്‍കടവില്‍നിന്ന്
അധികദൂരമില്ലാത്ത മഞ്ഞുകാലം!
കൂടുകൂട്ടിയിരിക്കുന്ന
ഒരിടത്തേക്ക്
യാത്രപോകാന്‍
ഒരുക്കംകൂട്ടുന്ന ആളുകള്‍!
സ്വപ്നങ്ങള്‍ അങ്ങനെ
യാത്രപോകുന്നു.
നീലച്ചിറകുള്ള പക്ഷി
ചിറകുകള്‍ വിടര്‍ത്തി
വൃക്ഷങ്ങളില്‍നിന്ന് സ്വപ്നങ്ങളോട്
മറുവാക്കു പറഞ്ഞ്
ദൂരേക്ക് പറന്നുപോകുന്നു.
1.
മിണ്ടിക്കൊണ്ടിരിക്കുന്ന ഒരാള്‍
മിണ്ടിക്കൊണ്ടേയിരിക്കുന്ന
ഒരാളാണ് ഞാന്‍.
ഒന്നാംനൂറ്റാണ്ടില്‍
നിന്നാണ് ഞാന്‍
വിളിച്ചുപറയുന്നത്,
എനിക്ക്
തേയിലച്ചെടികളോട്
പറയണം
അവര്‍ കുന്നുകളെ
പ്രകാശിപ്പിക്കുന്നുണ്ടെന്ന്.
നിന്നെമൂടി
പടര്‍ന്നുപരക്കണമെനിക്ക്.
മരങ്ങള്‍
മുളകള്‍
വാഴത്തോട്ടങ്ങള്‍
ഇരുണ്ട തെളിച്ച പച്ചകള്‍
ഒരുമിച്ച് തെളിയുന്നിടത്ത്
നിന്നെ മൂടിപ്പടര്‍ന്നു
പരക്കണമെനിക്ക്.
അവിടെനിന്നേക്കാള്‍
ഏറെയേറെ
പച്ചക്കണമെനിക്ക്.
പച്ചയാവണം
എനിക്ക്.
നൂറായിരം
നൂറുകോടി
ആയിരം കോടി
സുവര്‍ണബുദ്ധമുഖങ്ങള്‍
കുന്നുകളില്‍
എന്റെമുഖവും
സ്വര്‍ണമാണെന്ന്
സൂര്യന്‍ കാട്ടിത്തരുന്നു
ഞാന്‍
ആ കുന്നിനെ
കടന്നുപോയപ്പോള്‍.
എന്നെ
പറയാന്‍ അനുവദിക്കൂ,
എന്റെ മാതൃദേശം
ക്രിസ്തുവിനുമുമ്പേ
കുന്നുകളിലെ ഗുഹകളില്‍
പിശാചുക്കള്‍
ഓടിത്തുടങ്ങിയ
കറുത്ത വീടകങ്ങളാണെന്ന്.
ചുറ്റും വെള്ളംകെട്ടിയ
വെളുത്തതും പച്ചയുമായ
ചെകുത്താന്‍മാര്‍
നുഴഞ്ഞുകയറിയ വീടകങ്ങള്‍.
അതുകൊണ്ടായിരിക്കാം
ലോകക്രമത്തെ
ഞങ്ങള്‍ക്ക്
മനസിലാക്കാന്‍
ആകാതെപോയത്.
Comments are closed for this post.