ഡോ. ടി. എസ് ശ്യാംകുമാർ
ദേശീയ വിദ്യാഭ്യാസ നയ(NEP 2020)ത്തിന് അനുസൃതമായാണ് ഇന്ത്യൻ ജ്ഞാനപാരമ്പര്യം (Indian Knowledge System – IKS) എന്ന കോഴ്സ് യു.ജി.സി രൂപകൽപന ചെയ്തിട്ടുള്ളത്. സംസ്കൃതത്തെ കേന്ദ്രീകരിച്ച് രൂപവൽക്കരിച്ച ഈ പാഠ്യപദ്ധതിയിൽ തദ്ദേശീയ അറിവു രൂപങ്ങൾ സമ്പൂർണമായി തമസ്കരിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ വരേണ്യരാൽ സൃഷ്ടിക്കപ്പെട്ട സംസ്കൃത വിജ്ഞാനപാരമ്പര്യമാണ് ഉത്തമമെന്ന വരേണ്യവാദമാണ് ഇതിൽ ഉള്ളടങ്ങിയിരിക്കുന്നത്. യഥാർഥത്തിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട പല വൈജ്ഞാനിക ഗ്രന്ഥങ്ങളുടെയും ആധാരം തദ്ദേശീയ അറിവുരൂപങ്ങളായിരുന്നു. കേരളത്തിൽ ആയുർവേദത്തെ വികസിപ്പിച്ചത് ബൗദ്ധരും കീഴാള സമൂഹത്തിലുൾപ്പെട്ടവരുമായിരുന്നു. പിൽക്കാലത്ത് മാത്രമാണ് വരേണ്യ ബ്രാഹ്മണ വിഭാഗങ്ങൾ ചികിത്സയിലേക്കും ആയുർവേദ ഗ്രന്ഥരചനയിലേക്കും മറ്റും കടന്നത്.
ചികിത്സ ചെയ്യുന്ന വൈദ്യന്മാർ അസ്പൃശ്യരാണെന്നും അവർക്ക് ദാനം നൽകുകയോ ഗൃഹത്തിൽ പ്രവേശിപ്പിക്കുകയോ ചെയ്യരുതെന്ന ധർമസൂത്ര വചനങ്ങൾ ബ്രാഹ്മണ്യം ആദ്യ ഘട്ടത്തിൽ ചികിത്സാ പാരമ്പര്യത്തോട് അസ്പൃശ്യത നിലനിർത്തിയിരുന്നു എന്ന് തന്നെയാണ് തെളിയിക്കുന്നത്. ക്ഷേത്രങ്ങളും കോട്ട കൊത്തളങ്ങളും ഗോപുര ശിൽപങ്ങളും എട്ടുകെട്ടുകളും അത്ഭുതകരമായ നിർമാണപ്രക്രിയകളും നിർവഹിച്ച വിശ്വകർമജരുൾപ്പെടെയുള്ള ബ്രാഹ്മണേതരരായ മനുഷ്യരുടെ അധ്വാന, അറിവു രൂപങ്ങളെ സംസ്കൃതത്തിൽ പരാവർത്തനം ചെയ്തുകൊണ്ടാണ് ബ്രാഹ്മണർ നിരവധി വാസ്തുവിദ്യാ ഗ്രന്ഥങ്ങൾ സംസ്കൃത ഭാഷയിൽ രചിച്ചത്. എന്നാൽ വരേണ്യവാദ കേന്ദ്രിതമായ ഏകശിലാത്മകമായ സംസ്കൃത ജ്ഞാനപാരമ്പര്യത്തിൽനിന്ന് തദ്ദേശീയ അറിവു രൂപങ്ങളെയും സംസ്കൃതത്തിലേക്ക് പ്രവഹിച്ച വിജ്ഞാന വൈദ്യുതിയുടെ പ്രകാശത്തെയും ഒഴിവാക്കുകയും ചെയ്തു. ഇതിലൂടെ വൈവിധ്യ പൂർണമായ ഇന്ത്യൻ സംസ്കൃതിയിൽ ആവിർഭവിച്ച സംസ്കൃതേതരമായ മുഴുവൻ ജ്ഞാനപാരമ്പര്യങ്ങളും പുറത്താക്കപ്പെട്ടു. യു.ജി.സിയുടെ ഇത്തരം സമീപനം ദേശീയ വിദ്യാഭ്യാസ നയത്തെ പിൻപറ്റിയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നതാണ് അതിന്റെ പുറന്തള്ളൽ യുക്തിയെ നിർണയിക്കുന്നത്. സംസ്കൃതേതരമായ ഇന്ത്യൻ ഭാഷകളെയും സംസ്കാരത്തെയും ‘അപരമായി’ കാണുന്ന രീതിയാണ് ദേശീയ വിദ്യാഭ്യാസ നയരേഖ (NEP 2020) സ്വീകരിച്ചിട്ടുള്ളത്. കൂടാതെ, സംസ്കൃത ഇതരമായ ഭാഷകളിലെ വിജ്ഞാനപാരമ്പര്യത്തെ വിലമതിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്ന രീതി നയരേഖയുടെ സ്വഭാവവുമല്ല. ചുരുക്കത്തിൽ ഇന്ത്യൻ വിജ്ഞാനപാരമ്പര്യത്തെ സംസ്കൃതത്തിന്റെ വീക്ഷണകോണിൽ കൂടി മാത്രം കാണുന്ന കാഴ്ചാ വഴക്കമാണ് ദേശീയ വിദ്യാഭ്യാസ നയം (2020) സ്വീകരിച്ചിരിക്കുന്നത്. ഈ നയം തന്നെയാണ് യു.ജി.സിയുടെ കോഴ്സ് രൂപവൽക്കരണത്തിന് പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്. ഇന്ത്യൻ പാരമ്പര്യത്തെ സംസ്കൃത ബദ്ധമായി മാത്രം പരിഗണിക്കുന്നത് ബഹുസ്വര ഇന്ത്യയെന്ന ആശയത്തെ തന്നെ നിരസിക്കലാണ്. ചരിത്രപണ്ഡിതനായ പ്രൊഫ. കെ.എസ് മാധവന്റെ നിരീക്ഷണവും ഈ സന്ദർഭത്തിൽ പ്രസക്തമാണ്. അദ്ദേഹം എഴുതുന്നു: ‘പ്രാചീന സംസ്കാരവും മൂല്യങ്ങളും സംസ്കൃതത്തിലൂടെ മാത്രം കാണുന്ന രീതി വരേണ്യമായ സംസ്കാരത്തെയും തരംതിരിവ് അസമത്വ സാമൂഹിക വ്യവസ്ഥിതിയെയും സാധൂകരിക്കുന്ന വിദ്യാഭ്യാസ രീതിയായി മാറുകയാണ് ചെയ്യുക’.
ഹിന്ദുത്വത്തിന്റെ
വിശുദ്ധ ഭൂമിശാസ്ത്രം
ഹിന്ദുത്വത്തിന്റെ ബ്രാഹ്മണ്യ ദേശീയ സങ്കൽപങ്ങളെ മുൻനിർത്തി അതിനെ പരിപോഷിപ്പിക്കുന്ന പാഠ്യപദ്ധതിയും യു.ജി.സി നിർദേശിക്കുന്നുണ്ട്. ഭൂമിശാസ്‌ത്രം, പരിസ്ഥിതി തുടങ്ങിയവ സംബന്ധിച്ച ഭാഗത്ത് ഭാരതവർഷം, ആര്യാവർത്തം തുടങ്ങിയ ആശയങ്ങളും വനങ്ങൾ പർവതങ്ങൾ എന്നീ ഭാഗത്ത് കൈലാസവും ഗോവർധനവും നദികളിൽ ഗംഗയും മറ്റുമാണ് കടന്നുവരുന്നത്. ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ഹിന്ദുരാഷ്ട്ര നിർമിതിക്കാവശ്യമായ സാംസ്കാരിക ബോധന നിർമാണമാണ് ഇതിലൂടെയെല്ലാം ലക്ഷ്യം വയ്ക്കുന്നത്. സർവോപരി വൈവിധ്യപൂർണമായ ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെയും മറ്റും പരിഗണിക്കാതെ അത് ഭാരതവർഷം, ആര്യാവർത്തം തുടങ്ങിയ പ്രാചീന സ്ഥല സങ്കൽപങ്ങളിൽ കെട്ടിയിടുന്നത് വലിയ ലക്ഷ്യത്തോടെയാണ്.
അടിസ്ഥാനപരമായി, ആര്യാവർത്തം ഒരു ബ്രാഹ്മണ രാജ്യത്തെയാണ് മുന്നോട്ടു വയ്ക്കുന്നത്. ബ്രാഹ്മണരുടെ അധിവാസ കേന്ദ്രമെന്ന നിലക്കാണ് ആര്യാവർത്തത്തെ മനുസ്മൃതി കാണുന്നത്. ആര്യാവർത്തമെന്ന സ്ഥലരാശിയിൽ ദക്ഷിണേന്ത്യ ഉൾപ്പെടുന്നില്ല എന്നും മനുസ്മൃതിയിലെയും വസിഷ്ഠ ധർമ സൂത്രത്തിലെയും ആര്യാവർത്ത നിർവചനങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാവും.കൈലാസവും ഗോവർധനവും കടന്നുവരുന്നതും അത്ര നിഷ്കളങ്കമായല്ല. ഭാരതവർഷം എന്ന സങ്കൽപത്തിലൂടെ ‘പുണ്യഭൂമി’, ‘കർമഭൂമി’ എന്നിങ്ങനെയുള്ള ഗോൾവാൾക്കർ ചിന്തകളെയാണ് പാഠ്യപദ്ധതി ഉൾക്കൊണ്ടിരിക്കുന്നത്. ചാതുർവർണ്യത്തിനനുസരിച്ച് മനുഷ്യർ ജീവിതം നയിക്കുന്ന വ്യവസ്ഥാക്രമമാണ് കർമഭൂമി എന്ന സങ്കൽപം മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയെ ഒരു ‘അമ്പല രാജ്യമായി’ വിഭാവനം ചെയ്യുന്ന ഭൂവിഭാഗ കൽപനകൾ ഇന്ത്യയുടെ വൈവിധ്യപൂർണമായ ഭൂമിശാസ്ത്ര പലമകളെയാണ് നിരസിക്കുന്നത്.
കൈലാസവും ഗോവർധനവും തീർഥാടന സ്ഥാനങ്ങളും ചർച്ച ചെയ്യുന്ന യു.ജി.സിയുടെ ഈ പാഠ്യപദ്ധതി നയരേഖയിൽ എന്തുകൊണ്ടാണ് ബൗദ്ധ -ജൈന- മുസ്‌ലിം തീർഥാടന സ്ഥാനങ്ങളും സാംസ്കാരിക ചിഹ്നങ്ങളും സ്മരണകളും സമ്പൂർണമായി തിരസ്കരിക്കപ്പെട്ടിരിക്കുന്നത്. ഉത്തരം പകൽപോലെ സ്പഷ്ടമാണ്; ബ്രാഹ്മണ്യ ദേശീയതക്ക് അനുസൃതമായുള്ള പാഠ്യപദ്ധതിയാണ് ഇതിലൂടെയെല്ലാം അവതരിപ്പിക്കുന്നത്. ഡോ. കെ.എസ് മാധവൻ നിരീക്ഷിച്ചതുപോലെ, ‘ഹിന്ദുത്വത്തിന്റെ സാംസ്കാരിക ദേശീയതയെ മുൻനിർത്തി ഹിന്ദുരാഷ്ട്ര നിർമിതിക്കാവശ്യമായ സാംസ്കാരിക ബോധനപ്രക്രിയ നിർമിച്ചെടുക്കുന്ന ഒരു രാഷ്ട്രീയ നയരേഖയായി ഈ വിദ്യാഭ്യാസ നയം മാറുന്നു’. ദേശീയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച ഡോ. മാധവന്റെ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന വിധത്തിലാണ് യു.ജി.സിയുടെ ഇന്ത്യൻ ജ്ഞാനപാരമ്പര്യത്തിന്റെ കോഴ്സ് രൂപ രേഖയെന്ന് ഇതിൽ നിന്നെല്ലാം സ്പഷ്ടമാണ്.
ജ്ഞാനനിർമിതിയുടെ
ജനാധിപത്യവൽക്കരണം
ഇവിടെ ഉന്നയിക്കപ്പെട്ട സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ആത്യന്തികമായി ജ്ഞാനനിർമിതിയുടെ ജനാധിപത്യവൽക്കരണം എന്ന ആശയത്തെയാണ് അഭിസംബോധന ചെയ്യുന്നത്. ശാസ്ത്രാഭിരുചിയും അന്വേഷണ ത്വരയും ഉൾച്ചേർത്ത ഒന്നാണ് ഇന്ത്യൻ ഭരണഘടന. എന്നാൽ യു.ജി.സി പുറപ്പെടുവിച്ച കോഴ്സ് മാർഗരേഖ ഭരണഘടന നിർദേശിക്കുന്ന ശാസ്ത്രീയ അഭിരുചിയെയും അന്വേഷണ ത്വരയെയും പല നിലകളിൽ സമ്മർദങ്ങളിലകപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇന്ത്യൻ ജ്ഞാനപാരമ്പര്യത്തെ ഭരണഘടനാ മൂല്യങ്ങളുമായുള്ള സംവാദത്തിന് വിധേയമാക്കുമ്പോൾ ഭരണഘടനാ ജനാധിപത്യത്തിന് ചേരാത്ത നിരവധി വിഷയങ്ങൾ ഇന്ത്യയുടെ പ്രാചീന ജ്ഞാനവ്യവഹാരങ്ങളിൽ ഉൾച്ചേർന്നിട്ടുണ്ടെന്ന് കാണാൻ കഴിയും. അത്തരത്തിൽ ജനാധിപത്യ മൂല്യങ്ങൾക്കും സായൻസിക ചിന്താരീതികൾക്കും യോജിക്കാത്ത പാരമ്പര്യമാർഗങ്ങളെ കൈവെടിഞ്ഞുകൊണ്ടു മാത്രമേ ജ്ഞാനനിർമിതിയെ ജനാധിപത്യവൽക്കരിക്കാൻ കഴിയൂ. സംസ്കൃത സാഹിത്യത്തിലെ മാത്രമല്ല ലോക സാഹിത്യത്തിലെ തന്നെ മഹാനായ മഹാകവി കാളിദാസൻ ഇങ്ങനെ എഴുതി: ‘പുരാണമിത്യേവ ന സാധു സര്‍വ്വം
ന ചാപി കാവ്യം നവമിത്യവദ്യം
സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധിഃ’
അതായത്, പഴയതാണെന്നുവച്ച് എല്ലാം കേമമായി കൊള്ളണമെന്നില്ല. പുതിയതാണെന്നു വെച്ച് മോശമാകണമെന്നുമില്ല. സജ്ജനങ്ങള്‍ പരീക്ഷിച്ചിട്ട്, നല്ലത് സ്വികരിക്കുന്നു. മൂഢന്‍ അന്യന്‍ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കുന്നു. കാളിദാസന്റെ ഈ സൂക്തികളെ അടയാള മുദ്രയായി സ്വീകരിച്ചുകൊണ്ട് ഇന്ത്യൻ ജ്ഞാനപാരമ്പര്യത്തെ ഭരണഘടനാ ജനാധിപത്യ മൂല്യങ്ങളുടെ മാനദണ്ഡത്തിൽ പരിശോധനക്ക് വിധേയമാക്കി നമ്മുടെ കാലത്ത് ഉത്തമമായതിനെ സ്വീകരിച്ചും അല്ലാത്തതിനെ തള്ളിക്കളയുന്നതുമായ രീതി സ്വീകരിക്കേണ്ടതുണ്ട്. എന്തെന്നാൽ ആദ്യമായും അവസാനമായും നാമെല്ലാം ഇന്ത്യക്കാരാണ്. രാഷ്ട്രീയ സാമൂഹിക ജനാധിപത്യ ഇന്ത്യയുടെ സൃഷ്ടിക്കായി വിജ്ഞാനനിർമിതിയെ ജനാധിപത്യവൽക്കരിക്കേണ്ടത് ഇന്ത്യക്കാരായ നമ്മുടെ അനിവാര്യമായ ജനാധിപത്യ കർത്തവ്യവുമാണ്.
(അവസാനിച്ചു)
Comments are closed for this post.