2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒരു രാത്രി പിന്നിട്ടു; ആറു വയസുകാരി കാണാമറയത്ത്; പാരിപ്പള്ളിയിലെത്തിയ പുരുഷന്റെ രേഖാചിത്രം പുറത്തുവിട്ട് പൊലിസ്

ഒരു രാത്രി പിന്നിട്ടു; ആറു വയസുകാരി കാണാമറയത്ത്; പാരിപ്പള്ളിയിലെത്തിയ പുരുഷന്റെ രേഖാചിത്രം പുറത്തുവിട്ട് പൊലിസ്

കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ട് പോയ സംഘത്തിലേതെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പൊലിസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം പൊലിസാണ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം കടയിലെത്തിയ സ്ത്രീയാണ്, മോചന ദ്രവ്യം ആവശ്യപ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മാതാവിന് ഫോണ്‍ ചെയ്തതെന്നാണ് സംശയം. കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്നാണ് ഇവര്‍ കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തത്. ഇരുവരും ഓട്ടോയിലാണ് കടയിലെത്തിയതെന്നും, ഇവര്‍ക്ക് പുറമെ മറ്റൊരു പുരുഷന്‍ കൂടെ ഉണ്ടായിരുന്നതായും കടയുടമ മൊഴി നല്‍കിയിട്ടുണ്ട്.

”ഏഴര മണിയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നു. പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അല്‍പ്പം മുന്നിലാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമനെ കണ്ടിട്ടില്ലെന്നും പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

ഏകദേശം പത്ത് മിനിട്ടോളം സംഘം സഞ്ചരിച്ചിരുന്ന ഓട്ടോ പാരിപ്പള്ളിയില്‍ ഉണ്ടായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന സതീശന്‍ എന്നയാളും മൊഴി നല്‍കിയിട്ടുണ്ട്. വെള്ള പുള്ളികളുള്ള പച്ച ചുരിദാറാണ് പ്രതിയായ സ്ത്രീ ധരിച്ചിരുന്നത്. ബ്രൗണ്‍ ഷര്‍ട്ടും കാക്കി പാന്റുമായിരുന്നു പുരുഷന്റെ വേഷം.

   

ഇന്നലെ വൈകീട്ടോടെയാണ് കൊല്ലം ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെ വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചായിരുന്നു സംഭവം. എട്ട് വയസുകാരന്‍ സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിന് പോകുമ്പോഴാണ് സംഭവം. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ ഉണ്ടായിരുന്നുവെന്നാണ് സഹോദരന്‍ പറഞ്ഞത്. സഹോദരനെ തട്ടിമാറ്റിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടുണ്ട്.

കുട്ടിക്കായി സംസ്ഥാന വ്യാപകമായ തെരച്ചില്‍ നടക്കുകയാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9946 92 32 82, 9495 57 89 99 എന്ന നമ്പറില്‍ അറിയിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.