2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

കൗശലമൗനത്തിന്അന്ത്യം കുറിക്കുന്ന പ്രമേയം



ഇൻഡ്യാ സഖ്യം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പാർലമെന്റിൽ നടക്കുന്ന ചർച്ച ഇന്ന് പ്രധാനമന്ത്രി മോദിയുടെ മറുപടിയോടെ അവസാനിക്കും. മണിപ്പൂർ വിഷയത്തിൽ മോദിയുടെ മൗനവ്രതം അവസാനിപ്പിക്കാനാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. മോദിക്ക് ഇന്ന് മണിപ്പൂരിനെക്കുറിച്ച് സംസാരിക്കേണ്ടിവരും. കഴിഞ്ഞ മൂന്നുമാസത്തിലധികമായി കുക്കികളും മെയ്തികളും ആഭ്യന്തരയുദ്ധത്തിലെന്ന പോലെ ആയുധമെടുത്തു പോരാടുകയാണ്. മണിപ്പൂർ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഭരണം നിയന്ത്രിക്കുന്ന ഇംഫാൽ താഴ്‌വരയിൽ കുക്കികളില്ല. എല്ലാവരും മലയോരമേഖലയിലേക്ക് പലായനം ചെയ്തു. മലയോര മേഖലയിൽ മെയ്തികളുമില്ല. അവർ ഇംഫാൽ താഴ്‌വരയിലേക്കും പലായനം ചെയ്തു. രണ്ടുവിഭാഗവും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചും ട്രഞ്ചുകൾ കുഴിച്ച് യന്ത്രത്തോക്കുകൾ സ്ഥാപിച്ചും സ്വന്തം മേഖല സുരക്ഷിതമാക്കിയിരിക്കുന്നു. ഇതിനിടയിലെ ബഫർസോണിൽ അർധസൈനിക വിഭാഗവും നിലയുറപ്പിച്ചിരിക്കുന്നു.
മണിപ്പൂർ കലാപത്തിന്റെ തീവ്രത രാജ്യം മനസ്സിലാക്കിയിട്ടുണ്ടോയെന്ന് സംശയമാണ്.

സ്വാതന്ത്ര്യത്തിനുശേഷം ഇതുവരെ കാണാത്ത വംശീയ കലാപമാണ് അവിടെ നടക്കുന്നത്. മണിപ്പൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ 1994ൽ ഹുതു വംശീയ വിഭാഗം ടുട്‌സി ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്ത റുവാണ്ടൻ വംശഹത്യക്ക് തുല്യമായ സംഭവങ്ങളാണ്. നിങ്ങൾ പോയാൽ മെയ്തികൾ തങ്ങളെ കൂട്ടക്കൊല ചെയ്യുമെന്നും പോകരുതെന്നും അസം റൈഫിൾസ് ഭടൻമാരുടെ കാലുപിടിച്ച് കുക്കി വനിതകൾ കരഞ്ഞുപറയുന്നത് പോലുള്ള രംഗങ്ങൾ റുവാണ്ടൻ വംശഹത്യയിലും ബോസ്‌നിയയിലെ സെബ്രനിച്ച കൂട്ടക്കൊലയിലുമൊക്കെയെ നേരത്തെ ഉണ്ടായിട്ടുള്ളൂ. മണിപ്പൂരിൽ എന്തെല്ലാം നടക്കുന്നുവെന്ന് കേന്ദ്രസർക്കാരിനറിയാം.

എന്നിട്ടും മോദി കൗശല മൗനത്തിലാണ്. കലാപകാരികളായ മെയ്തികൾക്ക് മോദിയുടെ സ്വന്തം പാർട്ടി ഭരിക്കുന്ന മണിപ്പൂർ സർക്കാരിന്റെയും പൊലിസിന്റെയും പിന്തുണയുണ്ട്.
പൊലിസ് വാഹനങ്ങളിൽ പൊലിസിനൊപ്പമാണ് കോംബാറ്റ് ജാക്കറ്റ് ധരിച്ച് യന്ത്രത്തോക്കുകളുമായി മെയ്തി തീവ്രവാദ സംഘടനയിലെ അംഗങ്ങൾ റോന്തു ചുറ്റുന്നത്. അവരുടെ കൈവശമുള്ളത് സർക്കാരിന്റെ ആയുധപ്പുരയിൽനിന്ന് കൊള്ളയടിച്ച ആയുധങ്ങളാണ്. ഈ കൊള്ളയടി പോലും ഒത്തുകളിയാണെന്ന് കാണാനാവും. രണ്ടുതവണയാണ് മെയ്തി സ്ത്രീകൾ അടക്കമുള്ള സംഘങ്ങൾ പൊലിസിന്റെ ആയുധപ്പുര കൊള്ളയടിച്ചത്. അവരെ തടയാൻ സുരക്ഷയ്ക്കുണ്ടായിരുന്ന പൊലിസുകാർ ഒന്നും ചെയ്തില്ല.

ഒരു വെടിപോലുമുതിർത്തില്ല. കൊള്ളയടിച്ച ആയുധങ്ങൾ തിരിച്ചുപിടിക്കാൻ ഒരു നടപടിയുമുണ്ടായില്ല. തോക്കുകൾ തിരിച്ചു നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്ടർ സ്ഥാപിക്കുക മാത്രമാണ് മണിപ്പൂർ പൊലിസ് ആകെ ചെയ്തത്. കൗണ്ടറിൽ നിക്ഷേപിക്കപ്പെട്ടതാകട്ടെ ഉപയോഗ ശൂന്യമായ തോക്കുകളും. രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ രാജ്യത്തെ നടുക്കിയതാണ്. അതു മാത്രമേ രാജ്യം കണ്ടുള്ളൂ. എന്നാൽ അതിനപ്പുറത്താണ് മണിപ്പൂരിൽ നടക്കുന്ന കാര്യങ്ങൾ. കലാപത്തിന്റെ ആദ്യനാളുകളിൽ സ്ത്രീകൾക്കെതിരേ വ്യാപക അക്രമങ്ങൾ നടന്നുവെന്നും ഇപ്പോഴും നടക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എന്തെല്ലാം നടക്കുന്നുവെന്ന് നമുക്ക് മുമ്പേ സർക്കാർ അറിയുന്നുണ്ട്. എന്നിട്ടും തടയാൻ നടപടികളൊന്നുമില്ല. കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. മോദിയാകട്ടെ മിണ്ടുന്നുമില്ല.
അവിശ്വാസപ്രമേയത്തിൽ രണ്ടുദിവസം നീണ്ട ചർച്ചയിലും ബി.ജെ.പി അംഗങ്ങൾ മണിപ്പൂരിനെക്കുറിച്ച് പറയാതെ ഒളിച്ചുകളിക്കുകയാണ്. മണിപ്പൂർ പ്രശ്‌നം പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ സ്വന്തം വീഴ്ചകൾ മറക്കാൻ മറ്റുള്ളവരുടെ വീഴ്ചകളിലേക്ക് ചൂണ്ടുകയാണ് ബി.ജെ.പി. കശ്മിരി പണ്ഡിറ്റുകളുടെ പലായനവും സിഖ് വിരുദ്ധ കലാപവുമെല്ലാമാണ് ബി.ജെ.പിയുടെ വായ്ത്താരി.

എന്നാൽ ഡൽഹി കലാപത്തെക്കുറിച്ച് ബി.ജെ.പി മിണ്ടില്ല. കൺമുന്നിലുള്ള നൂഹ് കലാപത്തെക്കുറിച്ചും പറയില്ല. ഈ കാപട്യം അവസാനിപ്പിച്ചേ മതിയാവൂ. സർക്കാരിനുള്ള മൃഗീയ ഭൂരിപക്ഷം മോദിയെ അന്ധനാക്കിയിരിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് അതേ ജനാധിപത്യത്തെ വെല്ലുവിളിക്കുകയുമാണ് മോദി. ജനങ്ങൾ തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്ക് ജനപ്രതിനിധികളുടെ സഭയിലെത്താനും അവരോട് സാംസാരിക്കാനും താൽപര്യമില്ല. ജനങ്ങളോടും പാർലമെന്റിനോടും ബഹുമാനമോ ഉത്തരവാദിത്വമോ ഇല്ല. ചോദ്യങ്ങളെ നേരിടാനുള്ള സഹനമില്ല. വിമർശനങ്ങളെ നേരിടാനുള്ള സഹിഷ്ണുതയുമില്ല. മോദിയെ സഭയിലെത്തിക്കണമെങ്കിൽ അവിശ്വാസപ്രമേയം കൊണ്ടുവന്ന് ഭരണഘടനാ അധികാരം ഉപയോഗിച്ചുള്ള സമ്മർദം ചെലുത്തേണ്ട ഗതികേടിലാണ് രാജ്യം. മോദി സഭയിൽ സംസാരിക്കണമെന്നതും മണിപ്പൂരിലെ പ്രശ്‌നങ്ങൾ പരിഹാരം കാണമെന്നതും പ്രതിപക്ഷത്തിന്റെ മാത്രം താൽപര്യമല്ല. രാജ്യത്തിന്റെതന്നെ താൽപര്യമാണ്. പക്ഷേ അത് മനസിലാക്കാൻ മോദിക്ക് കഴിയുന്നില്ല.


ഗുജറാത്ത് വംശഹത്യയിൽ 2000 മുസ്‌ലിംകൾ കൊല്ലപ്പെട്ടപ്പോൾ നിങ്ങൾക്ക് ദുഃഖമൊന്നും തോന്നിയില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കാറിന്നടിയിൽ പട്ടി കുടുങ്ങിച്ചത്താൽ നിങ്ങൾക്ക് ദുഃഖം തോന്നില്ലേ. ആ ദുഃഖം എനിക്കും തോന്നിയെന്നായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ മറുപടി. കൂട്ടക്കൊലകളും വംശഹത്യകളുമൊന്നും മോദിയെ ദുഃഖിപ്പിക്കാറില്ല. ജനാധിപത്യത്തിന്റെ വഴി സംവാദമാണെങ്കിൽ മുകളിൽനിന്ന് കൽപ്പിക്കുകയാണ് മോദിയുടെ വഴി. അതിന് പാർലമെന്റിനെക്കാൾ നല്ലത് മൻകി ബാത്താണെന്നാണ് അദ്ദേഹം കരുതുന്നത്. ഒരു നേതാവും ബാക്കിയെല്ലാം പ്രജകളുമെന്നത് ഏകാധിപത്യത്തിന്റെ സംജ്ഞയാണ്. രാജ്യത്തിന്റെ പ്രസന്നമായ ജനാധിപത്യത്തിൽ അതിന് സ്ഥാനമില്ല. ജനാധിപത്യത്തിന്റെ തുറന്ന ഇടത്തിൽനിന്ന് അപരിചിതമായ ഫ്യൂഡലിസത്തിന്റെ വഴിയിലേക്ക് രാജ്യത്തെ നയിക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുത്തേ മതിയാവൂ. അതിനുവേണ്ടി അംഗസംഖ്യയുടെ ഗണിതത്തിൽ തോറ്റുപോകുമെന്ന് ഉറപ്പുണ്ടെങ്കിലും ജനാധിപത്യത്തിന്റെയും ധാർമികതയുടെയും മൂല്യങ്ങളിൽ വിജയിക്കാൻ പോകുന്ന ഈ അവിശ്വാസപ്രമേയത്തെ രാജ്യം മനസറിഞ്ഞ് പിന്തുണച്ചേ മതിയാവൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.