
കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ യുവാവ് കര്‍ണാടകയില്‍ ബജ്രംഗദള് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. മൊഗ്രാല്‍ പുത്തൂരിലെ മസൂദ് (18) ആണ് കൊല്ലപ്പെട്ടത്. ബജ്രംഗദള് പ്രവര്‍ത്തകരായ എട്ടംഗ സംഘം ഈ മാസം 19 ന് രാത്രിയാണ് മസൂദിനെ ക്രൂരമായി മര്‍ദിക്കുകയും സോഡാ കുപ്പി കൊണ്ട് തലക്കടിക്കുകയും ചെയ്തത്. സംഭവത്തില്‍ ഗുരുതര പരുക്കേറ്റ മസൂദിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ഇന്ന് മരിക്കുകയാരുന്നു.
ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു മസൂദ്.
കേസില്‍ സുനില്‍, സുധീര്‍, ശിവ, സദാശിവ്, രഞ്ജിത്ത്, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്കര്‍ എന്നിവരെ സുളള്യ പൊലിസ് അറസ്റ്റു ചെയ്തു.
ഒരു മാസം മുമ്പ് സുള്ള്യ കളഞ്ഞയിലെ വല്യൂപ്പയുടെ വീട്ടില്‍ എത്തിയ മസൂദ് അവിടെ താമസിച്ച് ജോലി ജോലി അന്വേഷിച്ചു വരുകയായിരുന്നു. ഈ മാസം 19 ന് മസൂദ് ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കാന്‍ പോകുന്നതിനിടയില്‍ ഒരു കടയില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ സംഘത്തില്‍പ്പെട്ട ഒരാളുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് പ്രതികളിലൊരാളും മസൂദും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.
പിന്നീട് പ്രതികളായ സുനിലും അഭിലാഷും മസൂദിന്റെ ബന്ധുവായ ഇബ്രാഹിം ഷാനിഫ് എന്നയാളുമായി ബന്ധപ്പെടുകയും സുധീറിനെ മസൂദ് മര്‍ദിച്ചതായി പറയുകയും ചെയ്തു. ഈ പ്രശ്നം രമ്യമായി പരിഹരിക്കാനെന്ന വ്യാജേന മസൂദിനൊപ്പം വിഷ്ണുനഗരത്തിലേക്ക് വരാന്‍ ഇരുവരും ഇബ്രാഹിമിനോട് ആവശ്യപ്പെടുകയും ചെയ്തതായി പൊലിസ് പറയുന്നു. ഇതനുസരിച്ച് ഇബ്രാഹിം ഷാനിഫ് മസൂദിനൊപ്പം രാത്രി 11 ഓടെ വിഷ്ണുനഗറിലേക്ക് പോയിരുന്നു.
അവിടെ വച്ചാണ് മസൂദിനെ അക്രമി സംഘം മര്‍ദിച്ചത്. എട്ടംഗ സംഘം മസൂദിനെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങിയതോടെഇബ്രാഹിം ഷാനിഫിന് ഓടി രക്ഷപ്പെടേണ്ടി വന്നു. പിന്നീട് ഷാനിഫും സുഹൃത്തുക്കളും ചേര്‍ന്ന് മസൂദിനെ തെരഞ്ഞതോടെ പുലര്‍ച്ചെ രണ്ട് മണിയോടെ പ്രദേശത്തെ അബൂബക്കര്‍ എന്നയാളുടെ കിണറ്റിന് സമീപം അബോധാവസ്ഥയില്‍ കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.