2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുലി വന്നേ പുലി; അടിമാലി വെള്ളത്തൂവലില്‍ പുലിയിറങ്ങി, ജാഗ്രതാ നിര്‍ദ്ദേശം; മുംബൈ ഷൂട്ടിങ് സൈറ്റിലും പുലി

പുലി വന്നേ പുലി; അടിമാലി വെള്ളത്തൂവലില്‍ പുലിയിറങ്ങി, ജാഗ്രതാ നിര്‍ദ്ദേശം; മുംബൈ ഷൂട്ടിങ് സൈറ്റിലും പുലി

അടിമാലി: അടിമാലി വെള്ളത്തൂവലില്‍ പുലിയിറങ്ങി. ആയിരമേക്കര്‍ പള്ളിക്ക് സമീപമാണ് പുലിയിറങ്ങിയത്. പുലിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പള്ളിക്ക് സമീപത്തെ മഠത്തില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്ന് ലഭിച്ചു. ദൃശ്യങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടികള്‍ തുടങ്ങി. കൂടാതെ, പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അടിമാലികല്ലാര്‍ക്കുട്ടി പാതയില്‍ ജീപ്പ് ഓടിച്ചു പോയ ഡ്രൈവറാണ് ആദ്യം പുലിയെ കണ്ടത്. വിവരം അറിയിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധന നടത്തിയാല്‍ മാത്രമേ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.

മുംബൈ ഷൂട്ടിങ് സൈറ്റില്‍ പുലി
ഗുര്‍ഗാവ്: മുംബൈയില്‍ 200 പേരുള്ള സീരിയല്‍ ഷൂട്ടിങ് സൈറ്റില്‍ പുലിയിറങ്ങി. മറാത്തി ടിവി സീരിയല്‍ ചിത്രീകരണം നടന്നു വരുന്ന ഗുര്‍ഗാവിലെ ഫിലിം സിറ്റിയിലാണ് പുലിയിറങ്ങിയത്. പുലിയെ കണ്ടതോടെ താരങ്ങളും സിനിമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പരിഭ്രാന്തരായി ചിതറിയോടി. ആര്‍ക്കും പരിക്കില്ല.
ഇന്നലെ വൈകിട്ട് നാലു മണിക്കാണ് ഷൂട്ടിങ് സൈറ്റില്‍ പുള്ളിപ്പുലിയെയും കുഞ്ഞിനെയും കണ്ടത്. ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റിന്റെ മേല്‍ക്കൂരക്കുള്ളിലെ ഇരുമ്പ് സ്പാനുകളിലൂടെയാണ് പുലി നടന്നത്. ഇതിനിടെ ചിലര്‍ പുലിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.

സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാംലാല്‍ ഗുപ്ത രംഗത്തെത്തി. പുലി ഇറങ്ങുന്നത് കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നാമത്തെയോ നാലാമത്തെയോ സംഭവമാണെന്ന് ശ്യാംലാല്‍ ഗുപ്ത പറഞ്ഞു. 200ലധികം പേര്‍ സെറ്റില്‍ ഉണ്ടായിരുന്നു. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടേനെ. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സുരക്ഷ ഒരുക്കാത്ത പക്ഷം സമരം ആരംഭിക്കുമെന്നും ശ്യാംലാല്‍ ഗുപ്ത വ്യക്തമാക്കി.

ജൂലൈ 18ന് അജൂനിയില്‍ ഇരുന്നൂറോളം പേര്‍ ജോലി ചെയ്ത ഷൂട്ടിങ് സെറ്റില്‍ പുലിയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സെറ്റിലുണ്ടായിരുന്ന നായയെ പുലി ആക്രമിക്കുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.