കോഴിക്കോട്: കെ.കെ രമ എം.എല്‍.എക്കെതിരേ സി.പി.എം നേതാവ് എളമരം കരിം എം.പി നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടിയുമായി കെ കെ രമ. കൊന്നിട്ടും വെട്ടി നുറുക്കിയിട്ടും തീരാത്ത പകയുടെ തുടര്‍ച്ചയാണ് എളമരം കരീമിന്റെ പ്രസംഗമെന്ന് അവര്‍ പറഞ്ഞു. സി.പി.എം നേതൃത്വത്തില്‍ നിന്ന് ഇതിനപ്പുറവും കേട്ടുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍ തൊഴിലാളിയായി വന്ന എളമരം കരീം എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയത്. കരീമിന്റെ ചരിത്രം തന്നെക്കൊണ്ടു പറയിക്കരുതെന്നും കെ.കെ രമ പറഞ്ഞു.
താനിപ്പോഴും കമ്മ്യൂണിസ്റ്റ് തന്നെയാണ്. ഒരുറച്ച കമ്മ്യൂണിസ്റ്റുകാരന്റെ മകള്‍. അത് നവ മുതലാളിത്തത്തിനും നവ കമ്മ്യണിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ദഹിക്കുന്നതല്ല.
കരീമിലൂടെ അസഹിഷ്ണുത പുളിച്ച് തികട്ടി പുറത്തേക്ക് വരികയാണ്. ഞങ്ങള്‍ക്ക് തെല്ലും അഹങ്കാരമില്ല, പക്ഷേ നല്ല അഭിമാനമുണ്ട്. ഒരു കള്ളക്കച്ചവടത്തിന്റെയും പിറകേ പോകാതെയാണ് തങ്ങള്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കൊണ്ടുപോകുന്നത്. അഭിമാനത്തോടുകൂടിയാണ് നിയമസഭയിലേക്ക് പോയത്. എളമരം കരീമിന്റെ ഭീഷണി പ്രസംഗം കൊണ്ട് ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല. പിണറായി വിജയന്‍ ഒഞ്ചിയത്ത് വന്ന് ഞങ്ങളെ തീര്‍ക്കുമെന്ന് പ്രസംഗിച്ചതാണ്. അതിന് ശേഷം അവര്‍ അത് പ്രാവര്‍ത്തികമാക്കി.
നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ട് അങ്ങേയറ്റം നഷ്ടം സഹിച്ചാണ് ഞങ്ങളുടെ എല്ലാ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് എന്നും കെ.കെ രമ പറഞ്ഞു.
Comments are closed for this post.