2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുസ്ലിം ലീഗ് ദേശീയ സമ്മേളനം നവംബര്‍ 16ന് ഡല്‍ഹിയില്‍; 17ന് ദേശീയ കൗണ്‍സില്‍


മുസ്ലിം ലീഗ് ദേശീയ സമ്മേളനം നവംബര്‍ 16ന് ഡല്‍ഹിയില്‍; 17ന് ദേശീയ കൗണ്‍സില്‍

മലപ്പുറം: മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള ദേശീയ സമ്മേളനം നവംബര്‍ 16ന് ഡല്‍ഹിയില്‍ നടക്കും. ന്യൂഡല്‍ഹി താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയമാണു സമ്മേളനത്തിനു വേദിയാകുക. ഡല്‍ഹിയില്‍ സ്ഥാപിക്കുന്ന മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്ററിന്റെ സോഫ്റ്റ് ലോഞ്ചിങ്ങും സമ്മേളനത്തില്‍ നടക്കും. 17നു ദേശീയ കൗണ്‍സില്‍ ചേരാനും പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി(പി.എ.സി) അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തില്‍ തീരുമാനമായി. പ്രധാനമായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചായിരിക്കും ദേശീയ സമ്മേളനം സംഘടിപ്പിക്കുക. പരിപാടി ഉജ്ജ്വല വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പി.എ.സി യോഗം രൂപംനല്‍കി. രാവിലെ 10.30ന് ആരംഭിച്ച് വൈകീട്ട് ഏഴിനു സമാപിക്കുന്ന സമ്മേളനത്തില്‍ ലീഗ് ദേശീയ നേതാക്കളെ കൂടാതെ മതേതര പ്രതിപക്ഷ ചേരിയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ദേശീയതലത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് കാംപയിനിലൂടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേടിയെടുത്ത സംഘടനാകരുത്ത് വിളിച്ചറിയിക്കുന്ന പ്രൗഢമായ സമ്മേളനമാണ് ഡല്‍ഹിയില്‍ നടക്കുക. രാജ്യവ്യാപകമായി പുരോഗമിക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സംസ്ഥാനതല നേതൃയോഗങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാന പ്രതിനിധി സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഈ സമ്മേളനങ്ങള്‍ വഴി തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് നവംബര്‍ 16ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. നേരത്തെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും സംസ്ഥാന കമ്മിറ്റി വഴി തിരഞ്ഞെടുക്കപ്പെട്ട സംഘടനാ സാരഥികളാണ് ഡല്‍ഹി സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുക. നവംബര്‍ 17നു രാവിലെ 10.30ന് ദേശീയ കൗണ്‍സില്‍ ചേര്‍ന്നു വരുംകാലത്തേക്കുള്ള രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് ദ്വിദിന സമ്മേളനം വേദിയാകും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ തന്നെ ഭാവി നിര്‍ണയിക്കുന്നതാകുമെന്ന് യോഗം വിലയിരുത്തി.

പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയ വിശകലനവും സംഘടനാ റിപ്പോര്‍ട്ടിങ്ങും നിര്‍വഹിച്ചു. ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്റര്‍ ബില്‍ഡിങ് കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കണ്‍വീനര്‍ കൂടിയായ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അവതരിപ്പിച്ചു. ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, അസി. സെക്രട്ടറിമാരായ സി.കെ സുബൈര്‍, എം.പി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് ഹര്‍ഷദ് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.