2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റിയാദിൽ സോഫ ഗോഡൗണിൽ തീപിടുത്തം: നിലമ്പൂർ സ്വദേശി മരിച്ചു

റിയാദ്: സോഫ നിർമാണശാലയുടെ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. റിയാദ് നഗരത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗമായ ഷിഫയിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടം. ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്ന ജിഷാർ ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയത്.

രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് ജിഷാർ പണിയെടുത്തിരുന്ന സോഫാസെറ്റ് നിർമാണ ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു. സംഭവസമയം കൂടുതൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന ജിഷാറിന് കേൾക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അഗ്നി ഗോഡൗൺ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

സിവിൽ ഡിഫൻസിന്‍റെ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കി. ഉച്ചയോടെയാണ് ജിഷാറിന്‍റെ മൃതദേഹം പുറത്തെടുത്തത്. മയ്യത്ത് ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹികപ്രവർത്തകനായ ഇദ്ദേഹം ഒ.ഐ.സി.സി അംഗമാണ്.

   

പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: മറിയുമ്മ. ഭാര്യ: സക്കിറ. മക്കൾ: അഫീഫ, റൂബ, ആമീർ, അനു. മരണാനന്തര നടപടികൾക്കായി കെ.എം.സി.സി പ്രവർത്തകരായ ഉമർ അമാനത്ത്, ഷൗകത്ത്, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ല ഒ.ഐ.സി.സി പ്രസിഡൻറ് സിദ്ദിഖ് കല്ലുമ്പറമ്പനും രംഗത്തുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.