2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോടി കുറയുന്ന പാര്‍ലമെന്ററി ജനാധിപത്യം

മോടി കുറയുന്ന പാര്‍ലമെന്ററി ജനാധിപത്യം

ഡോ. അഷ്‌റഫ് വാളൂര്‍

ജനാധിപത്യ ഭരണവ്യവസ്ഥയില്‍ ജനങ്ങളാണ് പരമാധികാരികള്‍. ജനപ്രതിനിധി സഭകളിലൂടെയാണ് ഈ പരമാധികാരത്തിന് പ്രായോഗിക രൂപം കൈവരുന്നത്. അങ്ങനെയാണ് ഇന്ത്യന്‍ പാര്‍ലമെന്റ് രാജ്യത്തെ പരമാധികാര സഭയാകുന്നത്. ആ അര്‍ഥത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള നമ്മുടെ ജനപ്രതിനിധികളുടെ കയറിക്കൂടല്‍ ഇന്ത്യന്‍ ജനതയുടെ ഗൃഹപ്രവേശം കൂടിയാണ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ശില്‍പകലാഭംഗിയോ പുറം മോടിയോ അല്ല, മറിച്ച് മന്ദിരത്തിന് അകത്ത് നടക്കുന്ന ജനാധിപത്യസംവാദങ്ങളും ചര്‍ച്ചകളും രാജ്യത്തെയും ജനങ്ങളെയും കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകളും രാജ്യത്തിന് അതു കൈമാറുന്ന രാഷ്ട്രീയ മൂല്യങ്ങളുമാണ് പാര്‍ലമെന്റിന്റെ ഭംഗിയും സൗന്ദര്യവും. ചെറിയ പല അപഭ്രംശങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷത്തെ സുദീര്‍ഘമായ രാഷ്ട്രീയപ്രയാണത്തില്‍ ഏറെക്കുറെ ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ കാഴ്ചപ്പാടുകളോടും ഭരണഘടനാ മൂല്യങ്ങളോടും നീതി പുലര്‍ത്താന്‍ നമ്മുടെ പാര്‍ലമെന്റിന് കഴിഞ്ഞിട്ടുണ്ട്.

   

പക്ഷേ സമീപകാലത്ത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്‍പങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തുന്ന പല രാഷ്ട്രീയ നീക്കങ്ങള്‍ക്കും നമ്മുടെ പാര്‍ലമെന്റ് സാക്ഷിയാകേണ്ടി വന്നു എന്നതും വസ്തുതയാണ്. ജനാഭിലാഷങ്ങളെ പരിഗണിക്കുന്നതിലും പ്രതിനിധീകരിക്കുന്നതിലും രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മാണ സഭ എന്ന നിലയില്‍ പാര്‍ലമെന്റിന് പലപ്പോഴും വീഴ്ച പറ്റിയിട്ടുണ്ട്. ഇത് യാദൃശ്ചികമായ വ്യതിയാനമല്ല, മറിച്ച് ഭരണകൂടത്തിന്റെ ബോധപൂര്‍വമായ രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായിരുന്നുവെന്നതാണ് അപകടകരമായ യാഥാര്‍ഥ്യം. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് രാജ്യത്ത് ജനാധിപത്യം ഭൂരിപക്ഷ സമഗ്രാധിപത്യത്തിലേക്ക് നീങ്ങുന്നുവന്ന വിമര്‍ശനം രാഷ്ട്രീയനിരീക്ഷകരും ബുദ്ധിജീവികളും ഉയര്‍ത്തുന്നത്. ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശാഖയെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പാര്‍ലമെന്റിന് കഴിഞ്ഞോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

എക്‌സിക്യൂട്ടീവിന്റെ അമിതാധികാര പ്രയോഗം
ഭരണകൂടത്തിന്റെ മൂന്ന് ശാഖകളായ നിയമനിര്‍മാണ സഭയും (Legislature) കാര്യനിര്‍വഹണവിഭാഗവും (Executive) നീതിന്യായ സംവിധാനവും (Judiciary) പരസ്പരം സ്വാധീനിക്കപ്പെടാതെയും ഒന്നിന് മേല്‍ മറ്റൊന്ന് ആധിപത്യം പുലര്‍ത്താതെയും പ്രവര്‍ത്തിക്കണമെന്ന അധികാര വിഭജന (Separation of Power) സങ്കല്‍പമാണ് ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാനാശയം. ഈ സങ്കല്‍പത്തിന് വിപരീത ദിശയിലുണ്ടാകുന്ന ഏത് നീക്കവും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും അടിസ്ഥാനപരമായി സമഗ്രാധിപത്യത്തിന് വഴിയൊരുക്കുകയും ചെയ്യും. മേല്‍പറഞ്ഞ മൂന്ന് ശാഖകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പരമാധികാര സഭയായ നിയമനിര്‍മാണ സഭ (Legislature)യാണ്, അതായത് പാര്‍ലമെന്റാണ്. കാര്യനിര്‍വഹണ വിഭാഗത്തെ അല്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാക്കി നിര്‍ത്താനുള്ള വിപുലമായ അധികാരമാണ് ഭരണഘടന പാര്‍ലമെന്റിന് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിലെ ചര്‍ച്ചകളും സംവാദങ്ങളും പ്രമേയങ്ങളും ചോദ്യോത്തരങ്ങളും വഴിയാണ് സര്‍ക്കാരിന് മേലുള്ള പാര്‍ലമെന്റിന്റെ നിയന്ത്രണം പ്രാവര്‍ത്തികമാക്കുന്നത്. എന്നാല്‍, സമീപകാലത്ത് കാര്യനിര്‍വഹണ വിഭാഗം നിയമനിര്‍മാണ വിഭാഗത്തിനു മേല്‍ ആധിപത്യം പുലര്‍ത്തുന്നതാണ് കാണാനാകുന്നത്. ഭരണഘടനാപരമായ ബാധ്യതകളും ചട്ടങ്ങളും കീഴ് വഴക്കങ്ങളും വഴി പാര്‍ലമെന്റ് സ്വായത്തമാക്കിയ പല അവകാശങ്ങളും അവഗണിച്ചാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന കടുത്ത വിമര്‍ശനം പ്രതിപക്ഷം പല തവണ ഉയര്‍ത്തിക്കഴിഞ്ഞു. പാര്‍ലമെന്റിനെ മുഖവിലക്കെടുക്കാതെയുള്ള സര്‍ക്കാരിന്റെ പ്രയാണം ഇന്ത്യയുടെ ജനാധിപത്യസംവിധാനത്തിന് അപരിഹാര്യമായ പരുക്ക് ഏല്‍പ്പിക്കുമെന്നതില്‍ സംശയമില്ല.
ചുട്ടെടുക്കുന്ന നിയമങ്ങള്‍

പ്രാഥമിക ഉത്തരവാദിത്തമായ നിയമനിര്‍മാണത്തില്‍ പോലും സമീപകാലത്തായി പാര്‍ലമെന്റ് വലിയ വീഴ്ച വരുത്തുന്നുവെന്ന വിമര്‍ശനം ശക്തമാണ്. സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് തന്നെ മാസങ്ങള്‍ക്ക് മുമ്പ് ഈ വിഷയം ഉന്നയിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളിലെ അവ്യക്തതകള്‍ സങ്കീര്‍ണമായ കോടതി വ്യവഹാരങ്ങള്‍ക്ക് വഴിവയ്ക്കുന്നുവെന്നായിരുന്നു ജസ്റ്റിസ് രമണയുടെ വിമര്‍ശനം. പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയും ആഴത്തിലുള്ള പഠനമില്ലാതെയും അതിവേഗം ചുട്ടെടുക്കുന്ന നിയമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
ഓരോ സമ്മേളനം കഴിയും തോറും നിയമനിര്‍മാണ ചര്‍ച്ചകള്‍ക്കുള്ള സമയവും കുറഞ്ഞുവരികയാണ്. ബില്ലുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാരിനുള്ള വിമുഖത തന്നെയാണ് പ്രധാന പ്രശ്‌നം. ബില്‍ അവതരണത്തിനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന ഭരണഘടനാപരമായ കടമനിര്‍വഹണം മാത്രമാണ് പല നിയമനിര്‍മാണത്തിലും കാണുന്നത്. അംഗങ്ങള്‍ക്ക് കരട് നല്‍കാതെ പല ബില്ലുകളും അവതരിപ്പിക്കുന്നത് ആ ബില്ലുകളില്‍ അഭിപ്രായം പറയാനുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശത്തെ പോലും ഹനിക്കുന്ന നടപടിയാണ്.

പി.ആര്‍.എസ് (PRS Legislative Research) ഡാറ്റ പ്രകാരം ലോക്‌സഭാ സമ്മേളന ദിവസങ്ങള്‍ മുന്‍കാലത്തെ അപേക്ഷിച്ച് വന്‍ തോതില്‍ കുറഞ്ഞു. 1970കള്‍ വരെ വര്‍ഷത്തില്‍ ശരാശരി 121 ദിവസം സഭ സമ്മേളിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം കേവലം 56 ദിവസം മാത്രമാണ് പാര്‍ലമെന്റ് സമ്മേളിച്ചത്. നിയമനിര്‍മാണം കാര്യഗൗരവത്തോടെ നടപ്പാകുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യാഘാതം. ഇക്കഴിഞ്ഞ വര്‍ഷകാല സമ്മേളനം മാത്രമെടുത്ത് പരിശോധിച്ചാല്‍ തന്നെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിലെ പാകപ്പിഴകള്‍ ബോധ്യമാകും. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെയുള്ള വര്‍ഷകാല സമ്മേളനം ഷെഡ്യൂള്‍ ചെയ്ത സമയത്തിന്റെ പകുതി സമയം മാത്രമാണ് ഉപയോഗപ്പെടുത്തിയത്. വര്‍ഷകാല സമ്മേളനത്തില്‍ 43 ശതമാനം മാത്രമായിരുന്നു ലോക്‌സഭാ നടപടികള്‍ നടന്നത്. രാജ്യസഭയില്‍ ആകെ നിശ്ചിത സമയത്തിന്റെ 55 ശതമാനവും. 

ശരവേഗത്തില്‍ ബില്ലുകള്‍ പാസാക്കുന്നതിന്റെ പുതിയ റെക്കോഡുകളിട്ടാണ് ഈ സമ്മേളനം അവസാനിച്ചത്. ലോക്‌സഭ കടന്ന 22 ബില്ലുകളില്‍ 20തും ഒരു മണിക്കൂര്‍ സമയം പോലും ചര്‍ച്ച ചെയ്യാതെയാണ് പാസാക്കിയത്. ഇതില്‍ തന്നെ 9 ബില്ലുകളില്‍ വെറും 20 മിനിറ്റില്‍ താഴെയാണ് ചര്‍ച്ച നടന്നത്. കേവലം രണ്ട് മിനിറ്റിനുള്ളിലാണ് ചരക്കുസേവന നികുതി ഭേദഗതി ബില്‍ അടക്കമുള്ള മൂന്ന് സുപ്രധാന ബില്ലുകള്‍ അവതരിപ്പിച്ച് പാസാക്കിയത്.

പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് ബില്‍ വിശദപഠനത്തിന് അയക്കുന്ന കീഴ് വഴക്കവും അതിവേഗം കുറഞ്ഞ് വരികയാണ്. പാര്‍ലമെന്റുകളുടെ ജോലിഭാരം കുറയ്ക്കാനും നിയമനിര്‍മാണത്തില്‍ സൂക്ഷ്മതയും ആഴത്തിലുള്ള പഠനവും ഉറപ്പു വരുത്താനുമുള്ള ഈ സംവിധാനങ്ങള്‍ സമീപഭാവിയില്‍ തന്നെ നോക്കുകുത്തികളാകുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതു വരെ 13 ശതമാനം ബില്ലുകള്‍ മാത്രമാണ് സഭാസമിതികളുടെ വിശദപഠനത്തിന് വിട്ടത്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 71 ശതമാനം ബില്ലുകളും വിശദപഠനത്തിന് അയച്ചിരുന്നുവെന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്. കശ്മിരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ ബില്‍  പോലും സഭാ സമിതികളുടെ പരിശോധനയില്ലാതെയാണ് നിയമമായത്. ഇങ്ങനെ ചര്‍ച്ചയോ സഭാ പരിശോധനയോ ഇല്ലാതെ ചുട്ടെടുക്കുന്ന നിയമങ്ങളാണ് മുകളില്‍ മുന്‍ ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചത് പോലെ കോടതികള്‍ക്ക് പോലും ഭാരമാകുന്നത്.

ചര്‍ച്ചയില്ല, ചോദ്യമില്ല, മറുപടിയില്ല
രാജ്യത്തെ ബാധിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളെല്ലാം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരേണ്ടതുണ്ട്. സഭാ സമ്മേളനം നടക്കുന്ന സമയത്ത് സുപ്രധാന കാര്യങ്ങളിലെല്ലാം തന്നെ സര്‍ക്കാര്‍ സഭയില്‍ പ്രസ്താവന നടത്തുന്നതും കീഴ് വഴക്കമാണ്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളിലെല്ലാം തികഞ്ഞ മൗനം പാലിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനതന്ത്രം. രാജ്യമാസകലം ചര്‍ച്ച ചെയ്ത മണിപ്പൂര്‍ കലാപത്തില്‍ പോലും പ്രധാനമന്ത്രി മൗനം വെടിഞ്ഞത് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ്. അതിസങ്കീര്‍ണമായ ജനകീയ പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനുള്ള പലതരം സംവിധാനങ്ങളും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പട്ടതാണ് ചോദ്യോത്തരവേള. വിവിധ കാര്യങ്ങളില്‍ സഭാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ രേഖമൂലമോ വാക്കാലോ മറുപടി നല്‍കും. എന്നാല്‍, ചോദ്യോത്തരവേളയും പലപ്പോഴും പേരിന് മാത്രമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ശരാശരി 10 മിനിറ്റ് മാത്രമാണ് ലോക്‌സഭാ ചോദ്യോത്തര വേളയ്ക്കായി ചെലവഴിച്ചത്. ഇതില്‍ തന്നെ അര മണിക്കൂറിനപ്പുറം ചോദ്യോത്തര വേള കടന്നത് ഒരേ ഒരു ദിവസം മാത്രമായിരുന്നു. രാജ്യസഭയിലാകട്ടെ ശരാശരി 28 മിനിറ്റായിരുന്നു ചോദ്യോത്തരവേളയുടെ സമയം. ജനാഭിലാഷവും ജനകീയ പരമാധികാരവും ഉറപ്പിക്കാനുള്ള എല്ലാ പാര്‍ലമെന്ററി സംവിധാനങ്ങളും ദുര്‍ബലപ്പെടുകയാണെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് ഈ വസ്തുതകളെല്ലാം.
പ്രതിപക്ഷമില്ല, ശത്രുപക്ഷം

കാര്യക്ഷമമായ പ്രതിപക്ഷം പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അവിഭാജ്യഘടകമാണ്. എത്ര ദുര്‍ബലമായാല്‍ പോലും പ്രതിപക്ഷത്തെ കൂടി പരിഗണിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ സത്താപരമായ ഉള്ളടക്കം. സ്വതന്ത്ര ഇന്ത്യയില്‍ ഇതിന്റെ ഏറ്റവും ഉദാത്തമായ മാതൃക ജവഹര്‍ലാല്‍ നെഹ്‌റു കാണിച്ചു തന്നിരുന്നു. എണ്ണത്തില്‍ തീരെ ചെറുതായപ്പോള്‍ പോലും അന്നത്തെ പ്രതിപക്ഷ ബെഞ്ചിനെ കേള്‍ക്കുകയും തികഞ്ഞ ജനാധിപത്യ മര്യാദയോടെ പരിഗണിക്കുകയും ചെയ്തിരുന്നു പ്രഥമ പ്രധാനമന്ത്രി. ആ കീഴ് വഴക്കം അടല്‍ബിഹാരി സര്‍ക്കാര്‍ ഉള്‍പ്പെടെ പിന്തുടരുകയും ചെയ്തിരുന്നു. എന്നാല്‍, സമീപകാലത്ത് പ്രതിപക്ഷ സ്വരത്തെ പാര്‍ലമെന്റിന് അകത്തും പുറത്തും സര്‍ക്കാര്‍ അസഹിഷ്ണുതയോടെയാണ് നേരിടുന്നതെന്ന വിമര്‍ശനം ശക്തമാണ്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാണ് പലപ്പോഴും സര്‍ക്കാരിന്റെ ഭാഗമായവര്‍ ശ്രമിക്കുന്നത്.

പാര്‍ലമെന്റിന് അകത്ത് പോലും പ്രതിപക്ഷ അംഗങ്ങളെ വൈരനിര്യാതന ബുദ്ധിയോടെ സമീപിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങളായിരുന്നു ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷനും രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ തിടുക്കപ്പെട്ട നടപടിയും. ഇത്തരം നടപടികള്‍ മുന്‍ നിര്‍ത്തിയാണ് മനോജ് ഝാ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ ശത്രുപക്ഷമായി കാണുന്നു എന്ന വിമര്‍ശനം ഉന്നയിക്കുന്നത്.

ചുരുക്കത്തില്‍ പാര്‍ലമെന്റ് കെട്ടിടത്തിന് മോടി കൂട്ടിയതിലൂടെ മറച്ചു വയ്ക്കാവുന്നതല്ല രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യ സങ്കല്‍പങ്ങള്‍ക്കും പ്രവര്‍ത്തന രീതികള്‍ക്കും സമീപകാലത്ത് പ്രകടമായി തുടങ്ങിയ ദൗര്‍ബല്യങ്ങള്‍. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയോടും സങ്കല്‍പങ്ങളോടും ഭരണകൂടത്തിനുള്ള മനോഭാവം മാറാതെ പുതിയ കെട്ടിടത്തിലേക്ക് പ്രവേശിച്ചത് കൊണ്ടുമാത്രം ഇന്ത്യന്‍ ജനാധിപത്യത്തിന് തിളക്കം കൂടില്ല. പുതിയ കെട്ടിടത്തിന്റെ വാസ്തുശില്‍പകലാഭംഗിക്കും സൗന്ദര്യസങ്കല്‍പങ്ങള്‍ക്കും അപ്പുറത്ത് രാജ്യത്തെ പൗരന്‍മാരുടെ ജനാധിപത്യസങ്കല്‍പങ്ങളോട് എത്രത്തോളം നീതി പുലര്‍ത്താന്‍ പുതിയ പാര്‍ലമെന്റിനാകും എന്നതാണ് പ്രധാന ചോദ്യം. ഇന്ത്യയുടെ 75 വര്‍ഷം പിന്നിട്ട ജനാധിപത്യപ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ മന്ദിരമാറ്റത്തെ കൊട്ടിഘോഷിക്കുമ്പോള്‍ നമ്മുടെ പാര്‍ലമെന്ററി ഭരണസംവിധാനം കടന്നു പോകുന്ന ദുര്‍ഘടഘട്ടത്തെ കൂടി പരിഗണിക്കേണ്ടി വരും.

( കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയാണ് ലേഖകന്‍)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.